ഇന്ത്യയില്‍ സ്വന്തം പ്ലാന്റ് പരിഗണനയിലെന്ന് കാവസാക്കി

ഇന്ത്യയില്‍ സ്വന്തം പ്ലാന്റ് പരിഗണനയിലെന്ന് കാവസാക്കി

നിലവില്‍ കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍, സെമി നോക്ക്ഡ് ഡൗണ്‍ രീതികളില്‍ ബൈക്കുകള്‍ ഇറക്കുമതി ചെയ്യുകയാണ്

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ സ്വന്തം മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആലോചിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മാനേജിംഗ് ഡയറക്റ്റര്‍ യുടാക യമാഷിത പറഞ്ഞു. 2017 മാര്‍ച്ച് 31 നാണ് ബജാജ് ഓട്ടോ ലിമിറ്റഡുമായി കാവസാക്കി ബന്ധം വേര്‍പിരിഞ്ഞത്.

സ്വന്തം അസ്സംബ്ലി ലൈന്‍ പ്രവര്‍ത്തിക്കുന്ന പുണെയില്‍ പുതിയ ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കുകയാണ് കാവസാക്കി. ഇന്ത്യയില്‍ കൂടുതല്‍ പ്രാദേശിക സംഭരണം നടത്തുമെന്ന് യമാഷിത പറഞ്ഞു. നിലവില്‍ കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി), സെമി നോക്ക്ഡ് ഡൗണ്‍ രീതികളിലാണ് കാവസാക്കി ഇന്ത്യയിലേക്ക് ബൈക്കുകള്‍ ഇറക്കുമതി ചെയ്യുന്നത്.

ജപ്പാന്‍, തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. തുടര്‍ന്ന് ഇന്ത്യയില്‍ അസ്സംബ്ലിംഗ് നടത്തുന്നു. ഇവിടെ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് നല്‍കേണ്ടിവരുന്നത്. പ്രാദേശിക സംഭരണം വര്‍ധിപ്പിക്കുന്നത് ചെലവുകള്‍ കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെവന്നാല്‍ ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ബൈക്കുകള്‍ വില്‍ക്കാന്‍ കഴിയുമെന്ന് യുടാക യമാഷിത വിശദീകരിച്ചു.

2017 മാര്‍ച്ച് 31 ന് ബജാജ് ഓട്ടോയുമായി സഖ്യം അവസാനിപ്പിച്ചശേഷം ഇന്ത്യയില്‍ ഇതുവരെ ഏകദേശം 1,500 ബൈക്കുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ആകെ 1,800 ബൈക്കുകള്‍ വില്‍ക്കുകയാണ് ലക്ഷ്യം. അടുത്ത സാമ്പത്തിക വര്‍ഷം (2018-19) ഇരട്ടി വില്‍പ്പന പ്രതീക്ഷിക്കുന്നു. പുണെ പ്ലാന്റിലെ സ്ഥാപിത ശേഷി ഏകദേശം 10,000 യൂണിറ്റാണ്. എല്ലാ യന്ത്രസാമഗ്രികളും സ്ഥാപിച്ചശേഷം 60,000 യൂണിറ്റായി മൊത്തം ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാമെന്നാണ് കാവസാക്കി കണക്കുകൂട്ടുന്നത്.

നിലവില്‍ 22 ഡീലര്‍ഷിപ്പുകളാണ് കാവസാക്കി മോട്ടോഴ്‌സിന് ഇന്ത്യയിലുള്ളത്. മാര്‍ച്ച് മാസത്തോടെ 32 ആയി വര്‍ധിപ്പിക്കും. 250 സിസി മുതല്‍ 1400 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള പ്രീമിയം, ഹൈ-എന്‍ഡ് ബൈക്കുകളും സൂപ്പര്‍ബൈക്കുകളും വില്‍ക്കുന്നതില്‍ മാത്രമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലെ സൂപ്പര്‍ബൈക്ക് സെഗ്‌മെന്റ് വര്‍ഷാവര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നതായി യമാഷിത ചൂണ്ടിക്കാണിച്ചു.

22 ഡീലര്‍ഷിപ്പുകളാണ് കാവസാക്കി മോട്ടോഴ്‌സിന് ഇന്ത്യയിലുള്ളത്. മാര്‍ച്ച് മാസത്തോടെ 32 ആയി വര്‍ധിപ്പിക്കും

ഇന്ത്യയില്‍ സെയില്‍സ്, സര്‍വീസ് കാര്യങ്ങള്‍ക്കായി ബജാജ് ഓട്ടോയുമായുള്ള എട്ട് വര്‍ഷത്തെ സഖ്യം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 നാണ് കാവസാക്കി അവസാനിപ്പിച്ചത്. ജപ്പാനിലെ കാവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലാണ് ഇന്ത്യ കാവസാക്കി മോട്ടോഴ്‌സ്. 2010 ലാണ് ഈ അനുബന്ധ കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്.

Comments

comments

Categories: Auto