ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക് വരുന്നു

ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക് വരുന്നു

ഏഴ് ലക്ഷം രൂപയിലായിരിക്കും വില തുടങ്ങുന്നത്

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് ഐ20 ഓട്ടോമാറ്റിക് മെയ് മാസത്തില്‍ പുറത്തിറക്കും. ഈയിടെ സമാപിച്ച ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഐ20 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഐ20 യുടെ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) വേര്‍ഷനാണ് മെയ് മാസത്തില്‍ പുറത്തിറക്കുന്നത്. മാരുതി സുസുകി ബലേനോ ഓട്ടോമാറ്റിക്, ഹോണ്ട ജാസ് ഓട്ടോമാറ്റിക് എന്നിവയാണ് എതിരാളികള്‍.

ഈയിടെ അവതരിപ്പിച്ച ഐ20 ഫേസ്‌ലിഫ്റ്റിന് 5.34 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്‌നുകളില്‍ കാര്‍ ലഭിക്കും. എന്നാല്‍ തല്‍ക്കാലം മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഹ്യുണ്ടായ് ഐ20 യില്‍ നല്‍കിയത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ വേര്‍ഷനില്‍ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ആണെങ്കില്‍ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വേര്‍ഷനില്‍ 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ്.

2016 ല്‍ ഹ്യുണ്ടായ് ഐ20 യില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിരുന്നു. എന്നാല്‍ അത് 4 സ്പീഡ് ആയിരുന്നു. മെയ് മാസത്തില്‍ സിവിടി നല്‍കുമ്പോള്‍ 5 സ്പീഡ് ആയിരിക്കും. 82 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്റെ കൂടെയായിരിക്കും സിവിടി നല്‍കുന്നത്. ഓട്ടോമാറ്റിക് ഐ20 യുടെ വില ഏഴ് ലക്ഷം രൂപയിലായിരിക്കും തുടങ്ങുന്നത്.

ഈയിടെ സമാപിച്ച ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഐ20 ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു

പുതിയ ബ്ലാക്ക് കാസ്‌കേഡിംഗ് ഗ്രില്ല്, പരിഷ്‌കരിച്ച ഹെഡ്‌ലാംപുകള്‍, പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, പുതിയ ആരോഹെഡ് ഫോഗ് ലാംപുകളുള്ള പുതിയ ബംപര്‍, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ എന്നിവയാണ് പുതിയ ഐ20 യുടെ ഫീച്ചറുകള്‍. പുതിയ ടെയ്ല്‍ലാംപ് ക്ലസ്റ്റര്‍, പുതിയ സ്‌കള്‍പ്റ്റഡ് ഹാച്ച് ഡോര്‍, ഓള്‍-ന്യൂ റിയര്‍ ബംപര്‍ എന്നിവയാണ് പിന്‍ഭാഗ സവിശേഷതകള്‍. കാബിനില്‍ ഇന്‍ഫോടെയ്ന്‍മെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും പുതിയതാണ്. വലിയ ടച്ച്‌സ്‌ക്രീന്‍ പാനല്‍ കാണാം.

Comments

comments

Categories: Auto