രാജ് നായര്‍ക്ക് പകരം കുമാര്‍ ഗല്‍ഹോത്രയെ നിയമിച്ചു

രാജ് നായര്‍ക്ക് പകരം കുമാര്‍ ഗല്‍ഹോത്രയെ നിയമിച്ചു

ലിങ്കണ്‍ മേധാവി കുമാര്‍ ഗല്‍ഹോത്രയെ നോര്‍ത്ത് അമേരിക്ക യൂണിറ്റ് പ്രസിഡന്റായി ഫോഡ് നിയമിച്ചു

ഡിട്രോയിറ്റ് : ലിങ്കണ്‍ മോട്ടോര്‍ കമ്പനി മേധാവി കുമാര്‍ ഗല്‍ഹോത്രയെ (52) നോര്‍ത്ത് അമേരിക്ക യൂണിറ്റ് പ്രസിഡന്റായി ഫോഡ് നിയമിച്ചു. പുറത്താക്കിയ രാജ് നായര്‍ക്ക് പകരമാണ് നിയമനം. ഫോഡ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍, അപമര്യാദയായി പെരുമാറിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് രാജ് നായരോട് സ്ഥാനമൊഴിയാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നു. ഫോഡിന് കീഴിലെ ആഡംബര ബ്രാന്‍ഡാണ് ലിങ്കണ്‍ മോട്ടോര്‍ കമ്പനി. ഇന്ത്യയില്‍ വളര്‍ന്ന കുമാര്‍ ഗല്‍ഹോത്ര മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും.

ഫോഡ് മോട്ടോറിന് ഏറ്റവുമധികം വരുമാനവും ലാഭവും തരുന്ന നോര്‍ത്ത് അമേരിക്കന്‍ വിപണിയെ ഇനി കുമാര്‍ ഗല്‍ഹോത്ര നയിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫോഡിന്റെ എന്‍ജിനീയറിംഗ്, പ്രൊഡക്റ്റ് സ്ട്രാറ്റജി വിഭാഗങ്ങളിലെ സീനിയര്‍ തസ്തികകളില്‍ കഴിഞ്ഞ 29 വര്‍ഷമായി കുമാര്‍ ഗല്‍ഹോത്ര പ്രവര്‍ത്തിച്ചുവരികയാണ്. 2014 സെപ്റ്റംബര്‍ ഒന്നിനാണ് ലിങ്കണ്‍ ബ്രാന്‍ഡിന്റെ പ്രസിഡന്റായി ചുമതലയേറ്റത്.

കുമാര്‍ ഗല്‍ഹോത്രയുടെ കീഴില്‍ 2014 അവസാനം മുതല്‍ 2017 ഡിസംബര്‍ വരെ യുഎസ്സില്‍ ലിങ്കണ്‍ കാറുകളുടെ വില്‍പ്പന ഏകദേശം 18 ശതമാനമാണ് വര്‍ധിച്ചത്. പുതിയ കാറുകള്‍ വിപണിയിലെത്തിച്ചത് അനുഗ്രഹമായി. ചൈനീസ് വിപണിയിലേക്കും ലിങ്കണ്‍ ബ്രാന്‍ഡിനെ കുമാര്‍ കൈപിടിച്ചുകൊണ്ടുപോയി. അവിടെ വലിയ വളര്‍ച്ച നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ലിങ്കണ്‍ ബ്രാന്‍ഡിന്റെ ആഗോള വില്‍പ്പന 13 ശതമാനമാണ് വര്‍ധിച്ചത്. 1,88,000 ലധികം കാറുകള്‍ വിറ്റു. പതിനെട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച. ഇതില്‍ മൂന്നിലൊന്ന് വില്‍പ്പനയും ചൈനയിലായിരുന്നു.

രാജ് നായര്‍ അടിയന്തരമായി കമ്പനി വിടുമെന്ന് ബുധനാഴ്ച്ചയാണ് ഫോഡ് പ്രസ്താവനയിറക്കിയത്. രാജ് നായരുടെ പുറത്തുപോകലില്‍ കലാശിച്ച പെരുമാറ്റം എന്തായിരുന്നുവെന്ന് ഫോഡ് വ്യക്തമാക്കിയില്ല. കമ്പനിയുടെ 24 മണിക്കൂര്‍ ഹോട്ട്‌ലൈനില്‍ അജ്ഞാത പരാതിയാണ് ലഭിച്ചത്. സംഭവത്തെക്കുറിച്ച് കമ്പനി പ്രസ്താവനയില്‍ രാജ് നായര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

രാജ് നായര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ആരോഗ്യ പരിരക്ഷയും ലഭിക്കുമെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ ഫോഡ് ഫയലിംഗ് നടത്തി. എന്നാല്‍ 2017, 2018 വര്‍ഷങ്ങളിലെ ബോണസ് റദ്ദാക്കി. നേരത്തെ കൈപ്പറ്റിയ റിറ്റെന്‍ഷന്‍ ബോണസ് തിരിച്ചുനല്‍കുകയും വേണം. മറ്റ് കമ്പനികളില്‍ ചേര്‍ന്നോ സ്വതന്ത്രമായോ രണ്ട് വര്‍ഷത്തേക്ക് എതിരായി പ്രവര്‍ത്തിക്കില്ലെന്ന് രാജ് നായര്‍ ഒപ്പുവെച്ചിട്ടുമുണ്ട്.

ഗല്‍ഹോത്രയുടെ കീഴില്‍ കഴിഞ്ഞ വര്‍ഷം ലിങ്കണ്‍ ബ്രാന്‍ഡിന്റെ ആഗോള വില്‍പ്പന 13 ശതമാനം വര്‍ധിച്ചു. പതിനെട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ച

കുമാര്‍ ഗല്‍ഹോത്രയുടെ പകരക്കാരിയായി ജോയ് ഫലോട്ടിക്കോ (50) മാര്‍ച്ച് ഒന്നിന് ചുമതലയേല്‍ക്കും. ലിങ്കണ്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എന്നിവയാണ് ചുമതലകള്‍. ഫോഡ് മോട്ടോര്‍ ക്രെഡിറ്റ് കമ്പനിയുടെ സിഇഒ ആയിരുന്നു അവര്‍.

Comments

comments

Categories: Auto