ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ടുകളുടെ വാണിജ്യ അവതരണത്തിന് കൊക്കകോള തയാറെടുക്കുന്നു

ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ടുകളുടെ വാണിജ്യ അവതരണത്തിന് കൊക്കകോള തയാറെടുക്കുന്നു

മുംബൈ: പരീക്ഷണ ഘട്ടം വിജയകരമായതിന് പിന്നാലെ കൂടുതല്‍ മെട്രോ നഗരങ്ങളിലേക്ക് തങ്ങളുടെ ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ട് (ശീതികരിച്ച ഒരു തരം മധുരപലഹാരം) വ്യാപിപ്പിക്കാന്‍ കൊക്ക കോള കമ്പനി തയാറെടുക്കുന്നു. കാര്‍ബണേറ്റ് പാനീയങ്ങള്‍ക്കുമപ്പുറത്തേക്ക് കമ്പനിയുടെ സാന്നിധ്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ടുകളുടെ മേഖലയിലേക്ക് കമ്പനി പ്രവേശിക്കുന്നത്.

മുന്‍നിരയിലുള്ള അഞ്ച് മെട്രോ നഗരങ്ങളിലേക്ക് ഈ വേനല്‍ക്കാലത്ത് ഉല്‍പ്പന്നമെത്തിക്കാനാണ് പദ്ധതിയിടുന്നതെന്ന് കൊക്ക കോള ഇന്ത്യ പ്രസിഡന്റ് ടി കൃഷ്ണകുമാര്‍ പറഞ്ഞു. ബെംഗളൂരുവില്‍ ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ട് ഉല്‍പ്പന്നം കമ്പനി പരീക്ഷിച്ചിരുന്നു. 2018ന്റെ രണ്ടാം പകുതിയില്‍ റെഡി-ടു-ഡ്രിങ്ക് പാനിയങ്ങള്‍ ഉള്‍പ്പടെയുള്ള ക്ഷീരോല്‍പ്പന്നങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതി തയാറാക്കുന്നുണ്ട്.

പ്രാദേശികമായി ശേഖരിച്ച പഴങ്ങള്‍ ഉപയോഗിച്ചാണ് ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ട് നിര്‍മിക്കുന്നത്. ഡിസ്‌പെന്‍സറുകളില്‍ നിന്ന് വരുന്ന ഈ ഉല്‍പ്പന്നം കപ്പുകളിലേക്ക് പകര്‍ന്നു നല്‍കുകയാണ് ചെയ്യുന്നത്. ഇതില്‍ പാല്‍ ചേരുവകളോ പഞ്ചസാരയോ കൂട്ടിച്ചേര്‍ത്തിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് പെര്‍ഫെക്റ്റ് ഫ്രൂട്ട് എന്ന ബ്രാന്‍ഡില്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു. ഫ്രോസണ്‍ ഫ്രൂട്ട് ഡെസര്‍ട്ടുകള്‍ക്കായി ഓരോ നഗരത്തിലും 30-40 ഡിസ്‌പെന്‍സറുകള്‍ സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. മിനുട്ട് മെയ്ഡ് എന്ന തങ്ങളുടെ ബ്രാന്‍ഡിന് കീഴില്‍ കൂടുതല്‍ പ്രാദേശിക പഴ പാനീയങ്ങള്‍ ആരംഭിക്കാനും കൊക്ക കോളയ്ക്ക പദ്ധതിയുണ്ട്. നിലവില്‍ മൊസംബി, ഓറഞ്ച് എന്നീ പഴങ്ങളുടെ പാനീയങ്ങളാണ് ഈ ബ്രാന്‍ഡിന് കീഴിലുള്ളത്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ തംപ്‌സ്അപ്പിനെ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. ഈ പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാലദ്വീപ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും തംപ്‌സ്അപ്പിന്റെ കയറ്റുമതി ആരംഭിച്ചിട്ടുണ്ട്. മസാല സോഡയായ റിംസിമിന്റെ കയറ്റുമതി ആരംഭിക്കുന്നതിനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 110 ബില്യണ്‍ രൂപ നിക്ഷേപിക്കാനാണ് കൊക്കകോള തയാറെടുക്കുന്നത്.

Comments

comments

Categories: Business & Economy