കല്‍ക്കരി വ്യവസായത്തിന് കുതിപ്പേകും

കല്‍ക്കരി വ്യവസായത്തിന് കുതിപ്പേകും

സ്വകാര്യ മേഖലയ്ക്ക് വാണിജ്യ കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയത് സ്വാഗതാര്‍ഹമാണ്

കല്‍ക്കരി വ്യവസായത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുകയെന്ന സുപ്രധാനമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. 1973ല്‍ കല്‍ക്കരി മേഖലയില്‍ ദേശസാല്‍ക്കരണം കൊണ്ടുവന്നശേഷം രാജ്യം ഈ രംഗത്ത് സ്വീകരിക്കുന്ന പ്രസക്തമായ നടപടിയാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കല്‍ക്കരി ശേഖരത്തിന് ഉടമസ്ഥരാണ് നമ്മള്‍. അടുത്ത ഒരു 400 വര്‍ഷത്തെ ഉപഭോഗത്തിനുള്ള കല്‍ക്കരിയുണ്ടെന്ന് സാരം.

പ്രകൃതിക്ക് ദോഷമാണെങ്കില്‍ കൂടി രാജ്യത്തെ വൈദ്യുതി ഉല്‍പ്പാദനത്തിന്റെ 66 ശതമാനവും ആശ്രയിച്ചിരിക്കുന്നത് കല്‍ക്കരിയെ തന്നെയാണ്. പുനരുപയോഗ, പ്രകൃതി സൗഹൃദ ഊര്‍ജസ്രോതസുകളിലേക്ക് അതിവേഗത്തില്‍ നാം മാറുന്ന ഈ സാഹചര്യത്തില്‍ കല്‍ക്കരി മേഖല തുറന്നിടുന്നത് രാജ്യത്തിന് സാമ്പത്തികപരമായി നേട്ടം നല്‍കുന്നതുകൂടിയാണെന്ന വാദങ്ങള്‍ പ്രസക്തവുമാണ്. 45 വര്‍ഷത്തോളം കല്‍ക്കരി വ്യവസായം കൈയാളിയ കോള്‍ ഇന്ത്യക്ക് മേഖലയുടെ ആവശ്യകതയ്ക്കനുസരിച്ച് പ്രവര്‍ത്തനം കാഴ്ച്ചവെക്കാനായിട്ടില്ല എന്നതാണ് വാസ്തവം. എന്തായാലും ആ സ്ഥിതി മാറുന്ന തീരുമാനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

മേഖലയുടെ മത്സരക്ഷമത കൂട്ടുന്നതിന് ഈ തീരുമാനം വഴിവെക്കും. നിക്ഷേപം ഒഴുകുമ്പോള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. ആഭ്യന്തര, ആഗോള തലങ്ങളിലെ സ്വകാര്യ ഖനന കമ്പനികള്‍ക്ക് ഇ-ലേലത്തിലൂടെ ഖനികള്‍ പാട്ടത്തിന് നല്‍കാനുള്ള തീരുമാനവും ഉചിതമായി. അതേസമയം, കല്‍ക്കരിക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് ഊര്‍ജിതപ്പെടുത്താനും സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കണം.

Comments

comments