സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചക്കോടി: ആദ്യ ദിനത്തില്‍ 77 നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ച് ആന്ധ്രാ സര്‍ക്കാര്‍

സിഐഐ പാര്‍ട്ണര്‍ഷിപ്പ് ഉച്ചക്കോടി: ആദ്യ ദിനത്തില്‍ 77 നിക്ഷേപ കരാറുകളില്‍ ഒപ്പുവെച്ച് ആന്ധ്രാ സര്‍ക്കാര്‍

വിശാഖപട്ടണം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) നേതൃത്വത്തില്‍ വിശാഖപട്ടണത്ത് നടക്കുന്ന ത്രിദിന പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയുടെ ആദ്യ ദിനത്തില്‍ ബിസിനസ് നേതൃത്വങ്ങളുമായി 77 ഓളം ധാരണാപത്രങ്ങളില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒപ്പുവെച്ചു. വന്‍കിട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികളും ഊര്‍ജ, ഓട്ടോമൊബീല്‍ സംരംഭങ്ങളുമടക്കം നിരവധി കമ്പനികളാണ് സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. 31,546 കോടി രൂപയുടെ നിക്ഷേപ കരാറുകളിലാണ് ഇവര്‍ ആന്ധ്ര സര്‍ക്കാരുമായി ധാരണയിലെത്തിയത്.

ഓട്ടോമോട്ടീവ് മേഖല കേന്ദ്രീകരിച്ച് 15ഓളം കരാറുകളിലാണ് സര്‍ക്കാര്‍ ഒപ്പുവെച്ചത്. 56 ധാരണാപത്രങ്ങള്‍ ടൂറിസം മേഖലയിലും നാലെണ്ണം വ്യവസായ രംഗത്തും രണ്ടെണ്ണം അടിസ്ഥാന സൗകര്യ വികസന മേഖലയിലും നിക്ഷേപം നടത്തുന്നതിനു വേണ്ടിയുള്ളതാണ്. ഓട്ടോമോട്ടീവ് രംഗത്ത് 15,224 കോടി രൂപയുടെ കരാറുകളിലാണ് ധാരണയായത്. സിഐഐ വാര്‍ഷിക പാര്‍ട്ണര്‍ഷിപ്പ് ഉച്ചകോടിയിലൂടെ ടൂറിസം മേഖലയ്ക്ക് 7,807 കോടി രൂപയുടെയും വ്യവസായ രംഗത്തിന് 3,015 കോടി രൂപയുടെയും അടിസ്ഥാനസൗകര്യ മേഖലയ്ക്ക് 5,500 കോടി രൂപയുടെയും നിക്ഷേപം ആകര്‍ഷിക്കാനായി.

അദാനി ഗ്രൂപ്പ്, മിത്രാ, ഗ്രാസിം, എസ്സല്‍ ഗ്രൂപ്പ്, മഹീന്ദ്ര ഹോളിഡേയ്‌സ്, ലുലു, ജെബിഎം ഗ്രൂപ്പ് തുടങ്ങിയ വന്‍കിട നിക്ഷേപകരാണ് ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം തന്നെ സര്‍ക്കാരുമായി ചേര്‍ന്ന് വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനുള്ള കരാറുളില്‍ ഒപ്പുവെച്ചത്. 9,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ആഡ്രാപ്രദേശില്‍ പ്രഖ്യാപിച്ചത്. ശ്രീകാകുളം ജില്ലയിലെ ഭവനപ്പടുവില്‍ ഗ്രീന്‍ഫീല്‍ഡ് സീപോര്‍ട്ട്, മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് പാര്‍ക്ക്, 1000 മെഗാവാട്ട് പുനഃസ്ഥാപിത ഊര്‍ജ യൂണിറ്റ്, ബാറ്ററി സ്റ്റോറേജ് ഫെസിലിറ്റി എന്നിവയാണ് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്നത്.

ഏകദേശം 7,000 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്ത് ഇലക്ട്രിക് വെഹിക്കിള്‍ മാനുഫാക്ച്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാനാണ് മിത്ര മൊബിലിറ്റി കരാര്‍ ഒപ്പിട്ടത്. ഇലക്ട്രിസിറ്റി മൊബിലിറ്റി, സൗരോര്‍ജ ഉല്‍പ്പാദനം, ഓട്ടോ കംപോണന്റുകളുടെ നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 2,650 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ജെബിഎം ഗ്രൂപ്പും സമ്മതിച്ചിട്ടുണ്ട്. വിശാഖപട്ടണത്തെ ബീച്ച് റോഡില്‍ ഒരു അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററും ഷോപ്പിംഗ് മാളും നിര്‍മിക്കുന്നതിന് 2,000 കോടി രൂപയുടെ നിക്ഷേപമാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കാകിനാഡയില്‍ ക്ലോര്‍ അല്‍കാലി കോംപ്ലക്‌സ് സ്ഥാപിക്കുന്നതിന് 2,500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഗ്രാസിം ഇന്‍ഡസ്ട്രീസും സമ്മതമറിയിച്ചു.

സംസ്ഥാനത്തെ 30,000 പഞ്ചായത്തുകളെ 25,000 വൈഫൈ ഹോട്‌സ്‌പോട്ടുകളുമായി ബന്ധിപ്പിക്കുന്നതിന് ഗൂഗിളുമായും ആന്ധ്രാ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ പാര്‍ട്ണഷിപ്പ് ഉച്ചകോടിയുടെ ഭാഗമായി കുറഞ്ഞത് അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളില്‍ ഒപ്പുവെക്കാനാകുമെന്നാണ് ആന്ധ്രാ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി ഇന്ന് അവസാനിക്കും.

Comments

comments

Categories: Business & Economy