ഹൈദരാബാദില്‍ അഗ്രിടെക് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതി

ഹൈദരാബാദില്‍ അഗ്രിടെക് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതി

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സര്‍ക്കിള്‍ ഓഫ് ഹൈദരാബാദ്(റിച്ച്) നഗരത്തില്‍ അഗ്രിടെക് പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. വിള ഉല്‍പ്പാദന മാര്‍ഗങ്ങള്‍, വിള മാനെജ്‌മെന്റ്, കൃഷിരീതി, ലഭ്യമായ മികച്ച വിത്തുകളുടെ സംരക്ഷണം എന്നിവയ്ക്കാകും നിര്‍ദിഷ്ട പാര്‍ക്ക് പ്രധാന്യം നല്‍കുക. ചോളം, അരി, കോട്ടണ്‍, ഹോട്ടികള്‍ച്ചര്‍ വിളകളായ മഞ്ഞള്‍, മധുരനാരങ്ങ, മാങ്ങ, പച്ചക്കറികള്‍ തുടങ്ങിയ വിളകളിലാണ് ആദ്യഘട്ടത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് റിച്ച് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഡയറക്റ്റര്‍ ആര്‍ ഭുവനേഷ് കുമാര്‍ പറഞ്ഞു. ഹൈദരാബാദില്‍ ബയോഏഷ്യ-2018 നോടനുബന്ധിച്ച് നടന്ന റിച്ചിന്റെ ആദ്യ വാര്‍ഷികപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

75 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പാര്‍ക്കിന് 25 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും റിച്ച് ഡയറക്റ്റര്‍ ജനറല്‍ അജിത് രംഗ്നേക്കര്‍ പറഞ്ഞു. പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സംസ്ഥാന അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയാലാകും ആദ്യം പാര്‍ക്ക് സ്ഥാപിക്കുകയെന്നും പിന്നീട് ഇവിടെ നിന്ന് മാറ്റുമെന്നും സംസ്ഥാന ഐടി മന്ത്രി കെ ടി രാമറാവു വ്യക്തമാക്കി.

നിശ്ചിത കൃഷിസ്ഥലത്തിനും ഹോറികള്‍ച്ചറിനും വേണ്ടി വിപണിയില്‍ ലഭ്യമായ വിത്തുകളെ സംരക്ഷിച്ച് അവയില്‍ നിന്ന് ഏറ്റവും മികച്ചതിന് കണ്ടെത്തും. പാര്‍ക്ക് സന്ദര്‍ശിക്കുന്ന കര്‍ഷകര്‍ക്ക് ഈ വിത്തിനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുകയും കൃഷിസ്ഥലങ്ങളില്‍ ഈ വിത്തിനങ്ങള്‍ പരീക്ഷിക്കുകയും ചെയ്യും. കര്‍ഷകര്‍ വികസിപ്പിച്ച വിളകള്‍ക്ക് അനുയോജ്യമായ വിവിധ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും പാര്‍ക്ക് ശേഖരിക്കും.

കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ഇന്‍ക്യുബേഷന്‍ സെന്ററായും അഗ്രികള്‍ച്ചര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കും. പാര്‍ക്കില്‍ ഗവേഷണങ്ങള്‍ നടത്തുവാന്‍ താല്‍പ്പര്യമുള്ള ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമല്ല നിലവില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പനികള്‍ക്കും ആവശ്യമായ സ്ഥലവും സാങ്കേതിക സൗകര്യങ്ങളും പ്രദാനം ചെയ്യും. ഇന്‍ക്യുബേഷന്‍, ടെക് ഡെമോസ്‌ട്രേഷന്‍, റിസര്‍ച്ച്, ഡെവലപ്‌മെന്റ്, വാണിജ്യവല്‍ക്കരണം എന്നിവ പാര്‍ക്ക് പ്രധാനമായും ശ്രദ്ധ നല്‍കുന്ന മേഖലകളായിരിക്കുമെന്ന് ആര്‍ ഭുവനേഷ് കുമാര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy