വിഴിഞ്ഞം കരാര്‍: ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടി ജുഡീഷ്യല്‍ കമ്മീഷന്‍

വിഴിഞ്ഞം കരാര്‍: ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടി ജുഡീഷ്യല്‍ കമ്മീഷന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചിരിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ കരാറിലെ ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കും. വിഴിഞ്ഞം കരാറില്‍ ക്രമക്കേടുകളുണ്ടെന്ന് വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, കഴിഞ്ഞ വര്‍ഷം മേയ് 31 നായിരുന്നു റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ കമ്മീഷനെ കരാറിനെ കുറിച്ചന്വേഷിക്കാന്‍ നിയമിച്ചത്.

സിഎജി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെ കരാറിലെ ടേംസ് ഓറ് റഫറന്‍സിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നതിനാണ് കമ്മീഷന്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കരാറിലൂടെ അദാനിക്ക് അമിത ലാഭത്തിന് അവസരമൊരുക്കിയതായുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. തുറമുഖത്തിന്റെ നിര്‍മാണ കാലാവധി പത്ത് വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതുവഴി 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി വ്യക്തമാക്കുന്നു.

നിലവിലെ പൊതു-സ്വകാര്യ പങ്കാളിത്ത നിയമ പ്രകാരം വലിയ നിര്‍മാണ കമ്പനികള്‍ക്ക് 30 വര്‍ഷമാണ് സാധാരണ പദ്ധതിയുടെ നിയന്ത്രണം അനുവദിക്കുക. അതേസമയം, പത്തുവര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിനു പുറമെ ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്നും വിഴിഞ്ഞം കരാറില്‍ പറയുന്നു. ഇതിലൂടെ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Comments

comments

Categories: Business & Economy