വിനോദരംഗത്ത് 64 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സൗദി

വിനോദരംഗത്ത് 64 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സൗദി

റിയാദ്: സൗദി അറേബ്യയുടെ മാറ്റത്തെ പറ്റിയാണ് അറബ് ലോകത്ത് പ്രധാന സംസാരം. പുതുയുഗത്തിലേക്ക് അതിവേഗം നടന്നുകയറുകയാണ് കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദി അറേബ്യ. എണ്ണയിലുള്ള സാമ്പത്തിക ആശ്രയം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ പ്രിന്‍സ് മൊഹമ്മദ് ആവിഷ്‌കരിച്ച സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030 സജീവമായി നടപ്പാക്കപ്പെടുകയാണെന്നാണ് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നത്.

ഒന്നിനു പുറകെ ഒന്നെന്ന നിലയിലാണ് സൗദിക്ക് അപരിചിതമായ കിടിലന്‍ പരിഷ്‌കരണങ്ങള്‍ നടപ്പാക്കപ്പെടുന്നത്. വിനോദത്തിന് അത്ര പ്രാധാന്യം നല്‍കാതിരുന്ന സൗദിയുടെ ആവാസവ്യവസ്ഥയില്‍ സിനിമ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതും സിനിമയ്ക്കുള്ള വിലക്ക് നീക്കിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിത വിനോദ മേഖലയില്‍ 64 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ നിക്ഷേപമാണ് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഉണ്ടാകുകയെന്ന് പ്രഖ്യാപിച്ചിരിക്കുന്നു സൗദി.

സൗദിയുടെ ജനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി തലവന്‍ അഹമ്മദ് ബിന്‍ അഖീല്‍ അല്‍ ഖാതിബ്ബാണ് വിനോദ രംഗത്ത് വമ്പന്‍ നിക്ഷേപം എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയ്‌ക്കൊപ്പം തന്നെ സ്വകാര്യ മേഖലയും വിനോദരംഗത്തേക്ക് പണമൊഴുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

2018ല്‍ മാത്രം വിനോദരംഗത്ത് 5,000 ഇവന്റുകളാണ് സൗദി പദ്ധതിയിട്ടിരിക്കുന്നത്. ആഭ്യന്തര തലത്തിലും ആഗോളതലത്തിലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഞങ്ങള്‍ ഇതിനെല്ലാമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്-ഖാതിബ്ബ് പറഞ്ഞു.

2020 ആകുമ്പോഴേക്കും സൗദിയില്‍ നിങ്ങള്‍ യഥാര്‍ത്ഥമാറ്റം കാണും-ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു. സൗദിയുടെ മായാ നഗരമായ നിയോം സിറ്റിയും ടൂറിസത്തിനും വിനോദത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരിക്കും. മൊത്തത്തില്‍ അടിമുടി മാറ്റം വേണമെന്നാണ് സൗദി ആഗ്രഹിക്കുന്നത്. സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നു, പുരോഗനാത്മകമായ നിരവധി പദ്ധതികളും ഇവര്‍ ആവിഷ്‌കരിക്കുന്നുണ്ട്. സംരംഭകത്വത്തിനും ഇന്നൊവേഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു സമ്പദ് വ്യവസ്ഥയായി സൗദിയെ ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Arabia