റിയാദ്: സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഫ്രഞ്ച് ഭീമന് അക്കോര്‍ ഹോട്ടല്‍സിന്റെ പ്രോപ്പര്‍ട്ടി ബിസിനസില്‍ ഓഹരി പങ്കാളിത്തം നേടാന്‍ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജിഐസി, ഫ്രഞ്ച് അസറ്റ് മാനേജറായ അമുന്ഡി, യുഎസ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റായ കോളനി നോര്‍ത്ത്സ്റ്റാര്‍ ഇന്ക് തുടങ്ങിയവരുമായി ചേര്‍ന്നാണ് ഓഹരിയെടുക്കാന്‍ ഉദ്ദേശിക്കുന്നത്.
അക്കോര്‍ ഇന്‍വെസ്റ്റ് ബിസിനസിന്റെ നല്ലൊരു ശതമാനം ഉടമസ്ഥാവകാശം ഈ സംഘം നേടാനാണ് ശ്രമിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിഐഎഫിനും മറ്റ് പങ്കാളികള്‍ക്കും എത്രമാത്രം ഓഹരികള്‍ വ്യക്തിഗതമായി ഇതിലുണ്ടാകുമെന്നതിനെക്കുറിച്ച് വ്യക്തമല്ല.
ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഒന്നിലും അന്തിമ തീരുമാനമായിട്ടില്ലെന്നുമാണ് അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രഞ്ച് നിക്ഷേപകരുമായുള്ള ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അക്കോര്‍ പ്രസ്താവനയിറക്കിയിട്ടുണ്ട്. നേരത്തെ യുകെയിലെ പ്രോപ്പര്‍ട്ടി മാസികയായ എസ്റ്റേറ്റ്സ് ഗസെറ്റ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പിഐഎഫ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തിന് തങ്ങളുടെ യൂണിറ്റ് വില്ക്കാന് അക്കോര്‍ തയാറെടുക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ട്. അക്കോര്‍ തന്നെയായിരിക്കും യൂണിറ്റിന്റെ പ്രധാന ഉടമസ്ഥാവകാശം കൈയാളുകയെന്നാണ് മറ്റൊരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മാത്രം 301 ഹോട്ടലുകളാണ് ഗ്രൂപ്പ് തുറന്നത്, 51,413 റൂമുകളും കൂട്ടിച്ചേര്‍ത്തു. ഗ്രൂപ്പിന് കീഴിലുള്ള മൊത്തം ഹോട്ടലുകളുടെ എണ്ണം ഇഥോടെ 4,283 ആയി. 616,181 റൂമുകളാണ് ആകെയുള്ളത്. വളരുന്ന വിപണികളിലേക്ക് പ്രവര്‍ത്തനം വികസിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അക്കോര്‍ ചില ആസ്തികള്‍ വില്ക്കാന് ഇപ്പോള്‍ പദ്ധതിയിടുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ഓപ്പറേറ്ററാണ് അക്കോര്‍.
ലോകത്തിലെ ഏറ്റവും വലിയ സോവറിന്‍ വെല്‍ത്ത് ഫണ്ട് ആകാനുള്ള തയാറെടുപ്പിലാണ് സൗദിയുടെ പിഐഎഫ്. കഴിഞ്ഞ വര്‍ഷം മാത്രം പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നടത്തിയത് 54 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ്. 2030 ആകുമ്പോഴേക്കും രണ്ട് ട്രില്ല്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് ഉയരാനാണ് സൗദി ഫണ്ട് പദ്ധതിയിടുന്നത്. സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്കരണ പദ്ധതിയായ വിഷന്‍ 2030 പദ്ധതി ഊര്‍ജ്ജസ്വലമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. സൗദി അരാംകോയുടെ ഐപിഒയിലൂടെ പിഐഎഫിന് നിക്ഷേപത്തിനായി കുറച്ചുകൂടി ഫണ്ട് ലഭിച്ചേക്കും.