പെറ്റ് ബിസിനസിലെ വിപണി സാധ്യതകള്‍

പെറ്റ് ബിസിനസിലെ വിപണി സാധ്യതകള്‍

നാഗരിക ചുവടുവെപ്പുകള്‍ ഗ്രാമങ്ങളിലേക്കും പടര്‍ന്നു പന്തലിക്കുമ്പോള്‍ മൃഗങ്ങളെ ഓമനിച്ചു വളര്‍ത്തുന്നതിനൊപ്പം അവയ്ക്കായി ആധുനിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവണതയും വര്‍ധിക്കുന്നു. പെറ്റ് കെയര്‍, പെറ്റ് ഫുഡ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ബ്രീഡിംഗ് എന്നിങ്ങനെ വിവിധ മേഖലകളിലായി വളര്‍ച്ചയുടെ പടവുകളിലാണ് പെറ്റ് ബിസിനസ്

വീടുകളില്‍ വളര്‍ത്തു മൃഗങ്ങളെ അരുമയായി വളര്‍ത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരികയാണ്. പ്രധാനമായും നായയെയും പൂച്ചയെയുമാണ് അരുമ മൃഗങ്ങളായി ഭൂരിഭാഗം ആളുകളും തെരഞ്ഞെടുക്കാറുള്ളത്. കണക്കുകള്‍ പ്രകാരം ഏകദേശം 18-19 മില്യണ്‍ വരും നാം വീടുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ തോത്. ഇതില്‍ നിന്നുതന്നെ ഈ മേഖലയുടെ സാധ്യതകള്‍ എത്രത്തോളം ബൃഹത്താണെന്നു മനസിലാക്കാവുന്നതേയുള്ളൂ. വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷ്യശൃംഖല, ഫാര്‍മസ്യൂട്ടിക്കല്‍സ്, അനുബന്ധ സാമഗ്രികളുടെ നിര്‍മാണം, ബ്രീഡിംഗ് എന്നിങ്ങനെ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുകയാണ് പെറ്റ് ബിസിനസിലെ കച്ചവട മേഖലകള്‍.

വിപണി ഗവേഷകരായ മോര്‍ഡര്‍ ഇന്റലിജന്‍സിന്റെ പഠനം അനുസരിച്ച് 2011- 15 കാലഘട്ടത്തില്‍ മൃഗപരിപാലന വിപണിയിലെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് 26.21 ശതമാനം ആണ്. 2016- 21 കാലഘട്ടത്തില്‍ ഇതു 17 ശതമാനം ആയിരിക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലും നടത്തപ്പെടുന്ന ശ്വാനപ്രദര്‍ശനങ്ങള്‍ വിലയിരുത്തിയാല്‍ മലയാളികളില്‍ വളര്‍ന്നു വരുന്ന വളര്‍ത്തു മൃഗങ്ങളോടുള്ള മമതയും ആകര്‍ഷണീയതയും മനസിലാക്കാനാകും. ഫെബ്രുവരി 24, 25 തീയതികളിലായി കൊച്ചി കനൈന്‍ ക്ലബില്‍ നടക്കുന്ന ചാംപ്യന്‍സ് ഡോഗ് ഷോ പ്രശസ്തിയിലേക്കു കുതിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

വളര്‍ത്തു മൃഗങ്ങളുടെ പരിപാലന മേഖലയെ ആശ്രയിച്ച് നിരവധി ബിസിനസുകള്‍ വിപണിയില്‍ വളരുന്നുണ്ട്. അതില്‍ ഏറ്റവും പ്രമുഖമായ മേഖലയാണ് പെറ്റ് ഫുഡ് വിപണി. എഫ്എംസിജി ഭീമനായ നെസ്‌ലെ അടുത്തിടെ പെറ്റ് ഫുഡ് പുറത്തിറക്കിയത് മേഖലയിലെ വളര്‍ച്ചാ സൂചനയെയാണ് കാണിക്കുന്നത്. ഇന്ത്യയില്‍ അഞ്ചു ശതമാനത്തില്‍ താഴെവരുന്ന വളര്‍ത്തു നായ്ക്കള്‍ക്കായി വാണിജ്യാടിസ്ഥാനത്തില്‍ ഒരു മികച്ച ആഹാരം തന്നെ തയാറായിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പെറ്റ് ഫുഡ് മേഖലയിലെ പ്രമുഖരാണ് മാഴ്‌സ് ഇന്റര്‍നാഷണല്‍ പുറത്തിറക്കുന്ന പെഡിഗ്രി. ഇന്ത്യന്‍ ബ്രോയിലര്‍ ബ്രാന്‍ഡായ ഡ്രൂള്‍സിനും സ്വീകാര്യത ഏറി വരുന്നുണ്ട്. ഡ്രൂള്‍സിന്റെ വിപണി വിഹിതം ഇപ്പോള്‍ 38 ശതമാനമായി മാറിയിരിക്കുന്നതായി ഡ്രൂള്‍സിന്റെ റീജണല്‍ മാര്‍ക്കറ്റ് ഡെവലപ്പ്‌മെന്റ് മാനേജരായ ഡോ. അനീഷ് പിള്ള അഭിപ്രായപ്പെടുന്നു. മാത്രമല്ല പെറ്റ് ഫുഡ് വിഭാഗത്തില്‍ തന്നെ അവരുടെ പ്യൂവര്‍പെറ്റ് എന്നയിനം സാമ്പത്തികപരമായി മികച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മേഖലയിലെ ചില കമ്പനികള്‍ മൃഗങ്ങളുടെ ഹൃദയം, കിഡ്‌നി, അന്തരികാവയവങ്ങള്‍ എന്നിവയ്ക്കു ദോഷകരമാകാത്ത ആരോഗ്യകരമായ പെറ്റ് ഫുഡും വിപണിയില്‍ എത്തിക്കുന്നുണ്ട്.

പെറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ വിദേശ, സ്വദേശ കമ്പനികള്‍

പെറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവും മികച്ച നേട്ടങ്ങള്‍ വിപണിയില്‍ നിന്നും നേടുന്നുണ്ട്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ക്കൊപ്പം ആഭ്യന്തര കമ്പനികളും മേഖലയില്‍ സജീവമാണ്. വാക്‌സിനുകള്‍, ആന്റിമൈക്രോബിയലുകള്‍, വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയ സപ്ലിമെന്റുകള്‍ എന്നിവയൊക്കെയായി പെറ്റ് ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ നിര വളരെ വലുതാണ്. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പ്രമുഖരായ ഇന്റാസ്, ടിടികെ എന്നിവര്‍ പെറ്റ് ഫാര്‍മ മേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. അര്‍ധ നാഗരിക പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വളര്‍ത്തുമൃഗങ്ങളുടെ എണ്ണം ഉയരുന്നതും അവയുടെ ആരോഗ്യത്തിലും ആഹാരത്തിലും ശരിയായ അവബോധം ഉടമസ്ഥര്‍ക്ക് ഉണ്ടാകുന്നതും അനുസരിച്ച് മേഖലയുടെ വളര്‍ച്ചയിലും കാര്യമാത്ര പ്രസക്തമായ പരിവര്‍ത്തനം സാധ്യമാകും.

ആധുനിക സൗകര്യങ്ങളുള്ള പെറ്റ് കെയര്‍ ഹോസ്പിറ്റലുകള്‍

വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ പരിരക്ഷ മരുന്നുകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് അവയുടെ എല്ലാ തലത്തിലുമുള്ള ശരിയായ ആരോഗ്യ സംരക്ഷണമാണ്. ഉടമസ്ഥര്‍ ഓമനിച്ചു വളര്‍ത്തുന്ന മൃഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ പുലര്‍ത്തുന്ന മനോഭാവത്തില്‍ കാലാനുഗതമായ മാറ്റം വന്നിട്ടുള്ളതായി ഡല്‍ഹിയിലെ അമൃത പെറ്റ് കെയര്‍ ക്ലിനിക്ക് നടത്തുന്ന ഡോ. ഗൗതം ഉണ്ണി പറയുന്നു. കൊച്ചിന്‍ പെറ്റ് ഹോസ്പിറ്റല്‍ ഡയറക്റ്ററായ ഡോ. സൂരജ് ഈ അഭിപ്രായം ശരിവെക്കുന്നുമുണ്ട്. ഒട്ടുമിക്ക ക്ലിനിക്കുകളിലും ഹോസ്പിറ്റലുകളിലും മൃഗങ്ങള്‍ക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷന്‍ തിയറ്ററുകളും, അള്‍ട്രാസൗണ്ട്, റേഡിയോഗ്രാഫിക് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ചില അപ്പാര്‍ട്ട്‌മെന്റുകളില്‍ നായകളെ വളര്‍ത്തുന്നതും മറ്റും നിരോധിക്കുന്നതിനാല്‍ മൃഗസ്‌നേഹികള്‍ പേര്‍ഷ്യന്‍ ക്യാറ്റ്, സിയാമിസ് തുടങ്ങിയ ഇണക്കമുള്ള പൂച്ചകളെ വളര്‍ത്തുന്നുണ്ട്.

വെറ്ററിനറി ലാബുകള്‍

വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തില്‍ അത്യാവശ്യം വേണ്ട ഒന്നാണ് ലബോറട്ടറി സൗകര്യങ്ങള്‍. പെറ്റ് ലാബ് സൗകര്യങ്ങളുടെ പേരില്‍ ലോകപ്രശ്‌സ്തമായ ഇഡെക്‌സ് ലബോറട്ടറി അടുത്തിടെ ബെംഗളൂരില്‍ പ്രവര്‍ത്തനമാരംഭിച്ചത് മേഖലയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്. ഇന്ത്യയുടെ വടക്കന്‍ മേഖലകളില്‍ മുന്‍നിരയിലുള്ള ലാബുകളിലൊന്നായ ഡോക്റ്റര്‍ ലാല്‍പത് ലാബ്‌സ്, പാത്‌വെറ്റ്‌സ് എന്ന പേരില്‍ വെറ്ററിനറി ലാബ് പതോളജി സേവനങ്ങളിലേക്കും കടന്നത് മേഖലയുടെ സാധ്യതകള്‍ക്ക് ശുഭസൂചനയാണ്.

സ്‌കാര്‍ഫ് മുതല്‍ കിടക്കകള്‍ വരെ

വളര്‍ത്തുമൃഗങ്ങളെ കൂട്ടിലിട്ട് മാത്രം വളര്‍ത്തുന്ന പരമ്പരാഗത രീതിക്ക് മാറ്റം വന്നതിനാല്‍ വീടിനുള്ളില്‍ അവയ്ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനാണ് ഓരോ ഉടമസ്ഥനും ശ്രമിക്കുന്നത്. കഴുത്തില്‍ അണിയാന്‍ സ്‌കാര്‍ഫ് മുതല്‍ കിടക്കകള്‍ക്കു വരെ ഡിമാന്റുള്ളതിനാല്‍ വിപണിയില്‍ ഇത്തരം വ്യവസായങ്ങളും സജീവമായിരിക്കുന്നു. ഇന്ത്യയേക്കാള്‍ വിദേശങ്ങളില്‍ ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ചില കമ്പനികള്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കായി ഒരു പ്രത്യേക വിഭാഗം തന്നെ മാറ്റിവെച്ചിരിക്കുന്നു.

തൊഴിലവസരങ്ങള്‍

വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം മികച്ച സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം തൊഴിലവസര സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. നായകളുടെ ബ്രീഡിംഗ്, നായ്ക്കുട്ടികളുടെ വില്‍പ്പന എന്നിവ ഫുള്‍ടൈം, പാര്‍ട് ടൈം തൊഴിലായി മാറിയിരിക്കുന്നു. ഹസ്‌കി, ടിബറ്റന്‍ മാസ്റ്റിഫ് തുടങ്ങിയ പ്രീമിയം വിഭാഗത്തിലുള്ള നായകള്‍ക്ക് കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ട്. തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിലവില്‍ കെന്നലുകളുണ്ട്. ഗുണമേന്‍മയേറിയ നായ്ക്കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് കൂടാതെയും എന്‍ജിഒ വഴിയുള്ള തെരുവുനായകള്‍ക്കും സ്വീകാര്യതയുണ്ട്.

മൃഗങ്ങള്‍ക്കായി സ്പാ മുതല്‍ വെല്‍നെസ് സെന്ററുകള്‍ വരെയുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ മിക്ക മെട്രോ നഗരങ്ങളിലും നിലവിലുണ്ട്. ഇത്തരം കാര്യങ്ങളില്‍ മികച്ച പരിശീലനം നേടിയവര്‍ സംസ്ഥാനത്ത് കുറവാണെന്നത് മേഖലയുടെ വികസനത്തിന് വിലങ്ങുതടിയാകുന്നു. ഇതുകൂടാതെ നോട്ട് അസാധുവാക്കലും, ജിഎസ്ടിയും മേഖലയെ ചെറുതല്ലാത്ത രീതിയില്‍ സ്വാധിനിച്ചിട്ടുമുണ്ട്. എന്നിരുന്നാലും അഞ്ചുവര്‍ഷക്കാലയളവില്‍ പെറ്റ് വ്യവസായവും അനുബന്ധ ബിസിനസുകളും ഇന്ത്യയില്‍ കൂടുതല്‍ കരുത്തു തെളിയിക്കുക തന്നെ ചെയ്യും.

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. മാധവന്‍ ഉണ്ണി, അസിസ്റ്റന്റ് പ്രൊഫസര്‍, കോളെജ് ഓഫ് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ്

Comments

comments

Categories: Slider, Trending