സിബിഎസില്‍ സ്വിഫ്റ്റ് ലിങ്ക് ഉള്‍പ്പെടുത്തണമെന്ന് ആര്‍ബിഐ

സിബിഎസില്‍ സ്വിഫ്റ്റ് ലിങ്ക് ഉള്‍പ്പെടുത്തണമെന്ന് ആര്‍ബിഐ

ന്യൂഡെല്‍ഹി: സ്വിഫ്റ്റ് (സൊസൈറ്റി ഫോര്‍ വേള്‍ഡ്‌വൈഡ് ഇന്റര്‍ബാങ്ക് ഫിനാന്‍ഷ്യല്‍ ടെലികമ്മ്യൂണിക്കേഷന്‍സ്) പ്ലാറ്റ്‌ഫോമിന്റെ ലിങ്ക് തങ്ങളുടെ കോര്‍ ബാങ്കിംഗ് സംവിധാനവുമായി (സിബിഎസ്) സംയോജിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം. ഈ വര്‍ഷം ഏപ്രില്‍ അവസാനത്തോടെ സ്വിഫ്റ്റ് സംവിധാനം കോര്‍ ബാങ്കിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) ചെയര്‍മാന്‍ ഉഷ അനന്തസുബ്രഹ്മണ്യന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അലഹബാദ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കൂടിയാണ് ഉഷ. ഐബിഎ സംഘടിപ്പിച്ച ബാങ്കിംഗ് ടെക്‌നോളജി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ആര്‍ബിഐ ഉത്തരവ് പ്രകാരമുള്ള മെമോ ബാങ്കുകള്‍ക്ക് അയച്ചിട്ടുണ്ടെന്നും ഉഷ അനന്തസുബ്രഹ്മണ്യന്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ഒരു ശാഖയില്‍ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതോടെയാണ് രാജ്യത്തെ നിരവധി ബാങ്കുകള്‍ തങ്ങളുടെ കോര്‍ ബാങ്കിംഗ് സിസ്റ്റവുമായി സ്വിഫ്റ്റ് സംവിധാനം സംയോജിപ്പിച്ചിട്ടില്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടത്. അലഹബാദ് ബാങ്ക് അടക്കമുള്ളവ സ്വിഫ്റ്റ് സംവിധാനം സിബിഎസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഉഷ അനന്തസുബ്രഹ്മണ്യന്‍ വ്യക്തമാക്കി.
സാങ്കേതികവിദ്യകള്‍ നിരന്തരം പരിവര്‍ത്തനം ചെയ്യപ്പെടുമെന്നും അതുകൊണ്ട് ബാങ്കുകള്‍ നിരന്തരം അവ പരിശോധിക്കേണ്ടതുണ്ടെന്നും ഉഷ അനന്തസുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു. 2014 ഓഗസ്റ്റ് മുതല്‍ 2017 വരെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു ഉഷ അനന്തസുബ്രഹ്മണ്യന്‍.

Comments

comments

Categories: Banking
Tags: cbs, RBI, swift link