പിഎന്‍ബിയില്‍ കൂട്ട സ്ഥലംമാറ്റം

പിഎന്‍ബിയില്‍ കൂട്ട സ്ഥലംമാറ്റം

ന്യൂഡെല്‍ഹി: പ്രമുഖ വജ്ര വ്യവസായി നീരവ് മോദി 11,400 കോടി തട്ടിപ്പ് നടത്തി രാജ്യം വിട്ടതോടെ വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ (പിഎന്‍ബി) കൂട്ട സ്ഥലം മാറ്റം. 18,000 ജീവനക്കാരെയാണ് പിഎന്‍ബി ഒറ്റയടിക്ക് സ്ഥലം മാറ്റിയത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

പൊതുമേഖലാ ബാങ്കുകളില്‍ മൂന്ന് വര്‍ഷമായി ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ ജോലി ചെയ്യുന്ന സീനിയര്‍ ഉദ്യോഗസ്ഥരെയും ഒരേ ബ്രാഞ്ചില്‍ ഒരേ തസ്തികയില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുന്ന ക്ലറിക്കല്‍ ജീവനക്കാരെയും സ്ഥലം മാറ്റണമെന്നായിരുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം. കൂട്ട സ്ഥലം മാറ്റത്തില്‍ ബാങ്ക് ജീവനക്കാര്‍ അസ്വസ്ഥരാണ്. ബാങ്ക് ജാമ്യ രേഖ ഉപയോഗിച്ച് നീരവ് മോദി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍ തലത്തിലുള്ള ഓഫീസര്‍മാരടക്കം 18 പേരെ നേരത്തെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

തട്ടിപ്പ് നടന്ന കാലത്ത് പിഎന്‍ബി മുംബൈ ബ്രാഡി ഹൗസിലെ ബ്രാഞ്ച് ജനറല്‍ മാനേജര്‍ ആയിരുന്ന രാജേഷ് ജിന്‍ഡാലിനെ കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ അറിവില്ലാതെ ബാങ്കിന്റെ ജാമ്യരേഖ നീരവ് മോദിയെ സഹായിക്കുന്നതിനു വേണ്ടി നല്‍കിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.

 

Comments

comments

Categories: Banking