ലക്‌നൗവില്‍ ലുലുമാള്‍: നിക്ഷേപം 2000 കോടി

ലക്‌നൗവില്‍ ലുലുമാള്‍: നിക്ഷേപം 2000 കോടി

ലക്‌നൗ: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു മാള്‍ നിര്‍മിക്കുന്നതിനായി ലുലു ഗ്രൂപ്പ് രണ്ടായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി പറഞ്ഞു. ലക്‌നോവില്‍ നടന്ന യുപി ഇന്‍വെസ്റ്റേഴ്‌സ് മീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് എം എ യൂസഫലി പുതിയ പ്രോജക്റ്റിന്റെ പ്രഖ്യാപനം നടത്തിയത്.

20 ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ നിര്‍മിക്കുന്ന ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും. ഇരുന്നൂറിലധികം ദേശീയ രാജ്യാന്തര ബ്രാന്‍ഡുകളും 11 സ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്‌ളെക്‌സും 2500 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടും 20 ലധികം ഡൈനിംഗ് റെസ്റ്റൊറന്റുകളും മാളിലുണ്ടാകും.

ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ 14,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നുതായും ഉത്തര്‍പ്രദേശില്‍ വിവിധ മേഖലകളില്‍ വലിയ നിക്ഷേപ സാധ്യതകളുണ്ടെന്നും കാണ്‍പൂരിലും നോയ്ഡയിലും റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിംഗ് മേഖലകളില്‍ ലുലു ഗ്രൂപ്പ് നിക്ഷേപ സാധ്യത ആരായുന്നതായും എം എ യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്‌നൗ ലുലു മാളിന്റെ ഒരു മിനിയേച്ചര്‍ മോഡല്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ എം എ യൂസഫലി അനാച്ഛാദനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗവര്‍ണര്‍ രാം നായിക്, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ വിദേശ പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Comments

comments

Categories: Business & Economy

Related Articles