ഇന്ത്യന്‍ നിര്‍മിത പ്രകൃതിദത്ത യോഗാമാറ്റുമായി ജുരു യോഗ

ഇന്ത്യന്‍ നിര്‍മിത പ്രകൃതിദത്ത യോഗാമാറ്റുമായി ജുരു യോഗ

ആരോഗ്യകരമായ യോഗാഭ്യാസം, പൂര്‍ണമായും പ്രകൃതിദത്തമായ രീതിയില്‍ നല്‍കുക എന്ന ആശയം മുന്‍ നിര്‍ത്തിയാണ് ജുരു യോഗ മാറ്റുകള്‍ വിപണിയിലെത്തുന്നത്. ചെന്നൈ സ്വദേശിനിയായ പൂജ ബോര്‍ക്കര്‍ ആണ് ഈ സംരംഭത്തിനു നേതൃത്വം നല്‍കുന്നത്

ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ യോഗയുടെ പേര് എഴുതി ചേര്‍ക്കപ്പെട്ടതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യോഗ മനസിനും ശരീരത്തിനും നവോന്‍മേഷവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുമ്പോള്‍ യോഗ ചെയ്യുന്നതിനായി തികച്ചും പ്രകൃതിദത്തമായ യോഗ മാറ്റ് ലഭ്യമാക്കിയാണ് പൂജ ബോര്‍ക്കറിന്റെ ജുരു യോഗ എന്ന സംരംഭം ശ്രദ്ധേയമാകുന്നത്.

ആരോഗ്യകരമായ യോഗാഭ്യാസം, പൂര്‍ണമായും പ്രകൃതിദത്തമായ രീതിയില്‍ നല്‍കുക എന്നതിനാണ് ജുരു പ്രാധാന്യം നല്‍കുന്നത്. യോഗയെ പൂര്‍ണമായും പ്രകൃതിയോടിണങ്ങുന്ന സംവിധാനത്തിലേക്ക് എത്തിക്കാനും ഈ ഇന്ത്യന്‍ നിര്‍മിത യോഗാ മാറ്റിന് സാധിച്ചിരിക്കുന്നു. ആഗോള തലത്തില്‍ നമുക്കു വിശ്വാസയോഗ്യമായ പല പ്രീമിയം യോഗാ മാറ്റുകളും പരിസ്ഥിതി സൗഹാര്‍ദ്ദമല്ലാത്ത സാഹചര്യത്തിലാണ് ജുരുവിന് വിപണിയില്‍ കരുത്തരാകുന്നത്. ചെന്നൈ സ്വദേശിയായ പൂജ ബോര്‍ക്കര്‍ എന്ന യുവതിയാണ് ഈ സംരംഭത്തിനു പിന്നില്‍.

ജുരുവിന്റെ തുടക്കം

പൂജ ബോര്‍ക്കര്‍ യോഗ പരിചയപ്പെടുന്നത് ഇരുപതാം വയസിലാണ്. യുകെയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദം നേടി യുഎസില്‍ എംബിഎ പഠനത്തിനായി തയാറെടുക്കുമ്പോള്‍ പിതാവിനുണ്ടായ അപകടം പൂജയെ കുടുംബ ബിസിനസ് ഏറ്റെടുത്തു നടത്താന്‍ നിര്‍ബന്ധിതയാക്കി. പഠനം അവസാനിക്കും മുമ്പായി 22ാം വയസില്‍ അവര്‍ ബിസിനസ് മേഖലയിലേക്ക് നയിക്കപ്പെട്ടു. ഏകദേശം എട്ടുവര്‍ഷത്തോളം പുസ്തക പ്രസിദ്ധീകരണ വിഭാഗത്തിലെ ബിസിനസ് നോക്കിനടത്തിയ പൂജ പിന്നീട് ഭര്‍ത്താവിനൊപ്പം സ്‌കൂളുകളില്‍ ഇ-ലേണിംഗ്, ഭാഷാ ലാബുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഐടി സേവനങ്ങള്‍ ബിസിനസിലേക്ക് വഴിമാറി. എന്നാല്‍ മൂന്നു വര്‍ഷത്തിനകം ഈ സംരംഭം അവസാനിപ്പിക്കേണ്ടി വന്നു.

ബെംഗളൂരിലേക്ക് ചേക്കേറിയതോടെയാണ് പൂജ യോഗയേക്കുറിച്ച് ആഴത്തില്‍ അറിയാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് യോഗയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്ത അവര്‍ യോഗ പരിശീലിപ്പിക്കുന്ന അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. സ്ഥിരമായി ഉപയോഗിക്കുന്ന യോഗാ മാറ്റില്‍ പലവിധ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. യോഗ ചെയ്യാന്‍ പിവിസി മാറ്റ് ഫലപ്രദമല്ല എന്നു മനസിലാക്കിയതോടെയാണ് യോഗാ മാറ്റ് ഏതു തരത്തില്‍ പ്രകൃതിദത്തമാക്കാമെന്നു ചിന്തിച്ചു തുടങ്ങുന്നത്- പൂജ പറയുന്നു. യോഗാ മാറ്റ് വിപണിയില്‍ പ്രശസ്തമായ ഒട്ടുമിക്ക ബ്രാന്‍ഡുകളും യുഎസില്‍ നിന്നുള്ളതാണെന്നും ഇന്ത്യയില്‍ ഇതിനൊരു മികച്ച ബദല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെറിയൊരു അന്വേഷണത്തിലൂടെ പൂജ തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ ആഹ്വാനം കൊടുമ്പിരി കൊണ്ട ആ കാലയളവില്‍ പൂജയും യോഗപരിശീലനത്തിലെ സഹപാഠിയും ചേര്‍ന്ന് വിപണിയിലെ ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നത്തിന്റെ വിടവ് നികത്താന്‍ തീരുമാനിച്ചു. ” ആ ഉദ്യമം അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചു വിപണിയെ കുറിച്ച് വലിയ അറിവും ഉണ്ടായിരുന്നില്ല. എങ്കിലും യോഗ മാറ്റ് പ്രകൃതിദത്തമാകണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല” , പൂജ പറയുന്നു.

ജൂട്ടും റബറും ചേര്‍ന്ന ജുരു മാറ്റുകള്‍

പൂജയുടെ സംരംഭത്തിലെ ആദ്യ ഉല്‍പ്പന്നം പ്രകൃതിദത്തമായ കയറും റബറും ചേര്‍ത്ത് നിര്‍മിച്ച ഒന്നായിരുന്നു. ഒരുപാട് കട്ടിയുള്ളതല്ലെങ്കിലും പിവിസിയില്‍ തയാറാക്കിയ തെന്നിപ്പോകുന്ന തരത്തിലുള്ള യോഗാമാറ്റിന് പകരം വെക്കാവുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. ജൂട്ടും റബറും കലര്‍ന്നതിനാലാണ് ഈ സംരംഭത്തിന് ആ വാക്കുകളുടെ ആദ്യാക്ഷരങ്ങളില്‍ നിന്നു കടം കൊണ്ട ജുരു (ഖഡഞഡ) എന്ന പേര് നല്‍കിയിരിക്കുന്നത്. യോഗാ ക്ലാസുകളില്‍ ജുരു മാറ്റ് ഉപയോഗിച്ചു തുടങ്ങിയതോടെ വിദ്യാര്‍ത്ഥികള്‍ ഇതാവശ്യപ്പെട്ടു തുടങ്ങി. അതായിരുന്നു വില്‍പ്പനയുടെ തുടക്കം. ജുരു യോഗയുടെ എന്ന സംരംഭത്തിന്റെ തുടക്കം ഇങ്ങനെയാണ്. ” പൂജ പറയുന്നു.

സവിശേഷതകള്‍ ഏറെ

ജുരു യോഗാമാറ്റ് ഭാരം കുറഞ്ഞതും, മടക്കിവെച്ച് യാത്രയിലും മറ്റും കൊണ്ടുനടക്കാന്‍ കഴിയുന്നതുമാണ്. മാത്രവുമല്ല മാറ്റിന്റെ ഇരുപുറവും ഉപയോഗയോഗ്യവുമാണ്. മാറ്റിന്റെ പ്രതലം മണ്ണിലോ പുല്‍ത്തകിടിയിലോ എന്ന പോലെ മൃദുലമായതിനാല്‍ യോഗ സവിശേഷതയാര്‍ന്നതാകുമെന്നും പൂജ പറയുന്നു. തുടക്കത്തില്‍ ഒട്ടുമിക്ക യോഗാ കേന്ദ്രങ്ങളും ജുരു യോഗാമാറ്റ് വാങ്ങി ഉപയോഗിക്കാന്‍ മടിച്ചിരുന്നു. എന്നാല്‍ പിവിസി മാറ്റുകളുടെ ദൂഷ്യഫലങ്ങള്‍ വിശദമാക്കിയും പ്രകൃതിദത്ത മാറ്റിന്റെ സവിശേഷതകള്‍ അടുത്തറിയാനും ഇടയായതോടെ ഉപഭോക്താക്കളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വന്നു.

സംരംഭത്തിന്റെ തുടക്കകാലഘട്ടങ്ങളില്‍ നേരിട്ട് മാത്രം വിപണനം ചെയ്തിരുന്ന ജുരു മാറ്റുകള്‍ പിന്നീട് സോഷ്യല്‍ മീഡിയ വഴിയും വിപണി കണ്ടെത്തി. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചു പൂജ നടത്തിയ പ്രൊമോഷനുകളും മറ്റും ജുരുവിന്റെ വളര്‍ച്ചയ്ക്കും പ്രശസ്തിക്കും വഴിവെക്കുകയുണ്ടായി. ഇന്ത്യന്‍ നിര്‍മിത പ്രകൃതിദത്ത യോഗാമാറ്റ് എന്ന പേരും ജുരുവിന് സ്വന്തമാക്കാനായി. ഇന്ന് അഞ്ചോളം വിവിധ കോര്‍ക്ക് മാറ്റുകള്‍ ജുരുയോഗ വിപണിയിലെത്തിക്കുന്നു. കോര്‍ക്ക് മാറ്റുകള്‍ക്ക് സവിശേഷതയാര്‍ന്ന ഗ്രിപ്പ് ലഭിക്കുന്നതിനാല്‍ യോഗ ചെയ്യുന്നതിന് ഫലപ്രദമാണെന്നും പൂജ പറയുന്നു. കഴുകി ഉപയോഗിക്കാനാവുന്ന ഈ മാറ്റ് ആന്റി മൈക്രോബിയല്‍ സ്വഭാവമുള്ളതാണ്. ഉപയോക്താക്കള്‍ക്ക് അലര്‍ജിയോ അണുബാധയോ ഉണ്ടാകുമെന്ന ഭയം വേണ്ടെന്നും പൂജ അവകാശപ്പെടുന്നു. തീര്‍ത്തും പ്രകൃതി ദത്തമായതിനാല്‍ മറ്റു യോഗാ മാറ്റുകളെപോലെ ആകര്‍ഷകമായ ഗന്ധം ഇതിനുണ്ടാവില്ല. എന്നാല്‍ കാഠിന്യമേറിയ വേനല്‍ച്ചൂടില്‍ ജുരുമാറ്റില്‍ യോഗ ചെയ്താലും അതിന്റെ സ്വാഭാവിക ഗന്ധം നഷ്ടമാകില്ലെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

മികച്ച യോഗാമാറ്റ് ബ്രാന്‍ഡിലേക്ക്

തുടക്കത്തില്‍ ഒരു ഉല്‍പ്പന്നം എന്ന നിലയില്‍ നിന്നും ഇന്ന് ഒരു ബ്രാന്‍ഡിലേക്കുള്ള വളര്‍ച്ചയുടെ പാതയിലാണ് ജുരു യോഗാ മാറ്റ്. ചെന്നൈയിലേക്ക് മടങ്ങിയെത്തിയ പൂജയും ഭര്‍ത്താവ് സുദര്‍ശനും 2016ല്‍ ജുരു യോഗയെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്തു. യോഗ ചെയ്യുന്നവരാണ് ജുരുയോഗയുടെ വിപണി ശൃംഖല എന്നു മനസിലാക്കിയ പൂജ അതിനാവശ്യമായ ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ പ്രൊമോഷനുകള്‍ക്ക് നേതൃത്വം നല്‍കിയതാണ് സംരംഭത്തിന്റെ വിജയത്തിന് ആക്കം കൂട്ടിയചത്. ഇ- കൊമേഴ്‌സ് വെബ്‌സൈറ്റ് രൂപീകരിച്ച് സമാന സ്വഭാവമുള്ള റീട്ടെയ്ല്‍ പങ്കാളികളെ കണ്ടെത്തി ശൃംഖല വിപുലമാക്കിയതും ജുരുയോഗയെ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വളര്‍ത്താന്‍ സഹായിച്ചു. ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ, ബ്ലോഗുകള്‍ വഴിയുള്ള ബിസിനസ് പ്രൊമോഷന്‍ വിജയം കാണുകയും ചെയ്തു.

Comments

comments

Categories: Branding, Slider