മൊബീല്‍ വാലറ്റ് ഇടപാടുകളില്‍ ഇന്ത്യ കുതിക്കുന്നു

മൊബീല്‍ വാലറ്റ് ഇടപാടുകളില്‍ ഇന്ത്യ കുതിക്കുന്നു

ന്യൂഡെല്‍ഹി: മൊബീല്‍ വാലറ്റുകളുടെ സ്വീകാര്യത വര്‍ധിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാരാണ് മൂന്നിലെന്ന് റിപ്പോര്‍ട്ട്. യുഎസ്, യുകെ തുടങ്ങിയ വികസിത വിപണികളേക്കാള്‍ വേഗത്തില്‍ ഇന്ത്യയില്‍ മൊബീല്‍ വാലറ്റുകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതായാണ് ഡിജിറ്റല്‍ മീഡിയ കമ്പനിയായ ഗ്ലോബല്‍ഡാറ്റയുടെ കണ്ടെത്തല്‍. നോട്ട്, കാര്‍ഡ് ഇടപാടുകളില്‍ നിന്നും മാറി മൊബീല്‍ വാലറ്റുകള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതായി ഗ്ലോബല്‍ഡാറ്റ പറയുന്നു. 2017 വര്‍ഷത്തെ കണ്‍സ്യൂമര്‍ പേമെന്റ്‌സ് ഇന്‍സൈറ്റ് സര്‍വെയിലാണ് ഗ്ലോബല്‍ ഡാറ്റ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മൊബീല്‍ വാലറ്റ് ഇടപാടുകളില്‍ വലിയ വര്‍ധനയാണുണ്ടായിട്ടുള്ളത്. 2013ല്‍ 24 ബില്യണ്‍ രൂപയുടെ ഇടപാടുകളാണ് മൊബീല്‍ വാലറ്റ് വഴി ഇന്ത്യയില്‍ നടന്നത്. 2017ല്‍ ഇത് 955 ബില്യണ്‍ രൂപയായി വര്‍ധിച്ചു. ഈ വര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ മൊബീല്‍ വാലറ്റുകള്‍ വഴി രേഖപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബീല്‍ വാലറ്റ് സ്വീകാര്യതയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച വിപണിയാണ് ഇന്ത്യയെന്നും ഗ്ലോബല്‍ഡാറ്റ വെളിപ്പെടുത്തുന്നു.

മൊബീല്‍ വാലറ്റുകളുടെ സ്വീകാര്യതയില്‍ ചൈനയേക്കാളും ഡെന്‍മാര്‍ക്കിനേക്കാളും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. 2016ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നയവും തുടര്‍ന്നുണ്ടായ നോട്ട് ക്ഷാമവും ഇലക്ട്രോണിക് പേമെന്റ് സംവിധാനങ്ങളിലേക്ക് മാറാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയതാണ് രാജ്യത്ത് മൊബീല്‍ വാലറ്റുകളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണം. അതേസമയം, വലിയ മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിന് ഇന്ത്യക്കാര്‍ ഇപ്പോഴും തെരഞ്ഞെടുക്കുന്നത് ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങളെയാണ്. കുറഞ്ഞ മൂല്യമുള്ള ദൈനംദിന ഇടപാടുകള്‍ക്കാണ് ജനങ്ങള്‍ മൊബീല്‍ വാലറ്റുകളെ ആശ്രയിക്കുന്നതെന്നും ഗ്ലോബല്‍ഡാറ്റയുടെ പഠനം വ്യക്തമാക്കുന്നു.

2016-2017 കാലയളവില്‍ മൊബീല്‍ വാലറ്റ് വഴി നടന്നിട്ടുള്ള ഇടപാടുകളുടെ മൂല്യം രണ്ടരമടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പേമെന്റ് നടത്തുന്നതിനുള്ള ഉപാധിയായാണ് ഇന്ത്യയില്‍ മൊബീല്‍ വാലറ്റുകള്‍ ആദ്യം ഇടംപിടിച്ചത്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ നയത്തിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളിലെ ദൈനംദിന ഇടപാടുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ജനങ്ങള്‍ മൊബീല്‍ വാലറ്റ് ഉപയോഗിച്ചുതുടങ്ങി. ഇന്ന് മറ്റ് സാധാരണ കടകളിലേക്കും ദൈനംദിന ഇടപാടുകളിലേക്കും മൊബീല്‍ വാലറ്റ് പേമെന്റ് എത്തിയിട്ടുണ്ട്.

ഈ വളര്‍ച്ചയുടെ പിന്നിലുള്ള പ്രധാന കാരണം സര്‍ക്കാര്‍ നയങ്ങളാണെന്ന് ഗ്ലോബല്‍ഡാറ്റ പേമെന്റ് പ്രാക്റ്റീസ് വിഭാഗം സീനിയര്‍ അനലിസ്റ്റ് രവി ശര്‍മ പറയുന്നു. ഇലക്ട്രോണിക് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക, സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം, ടെലികോം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പുരോഗതി തുടങ്ങിയവയ്ക്ക് സഹായകമാകുന്ന സര്‍ക്കാര്‍ നയങ്ങളാണ് ഇന്ത്യന്‍ മൊബീല്‍ വാലറ്റ് വിപണിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നത്. ഇന്ത്യയില്‍ നടക്കുന്ന വാലറ്റ് പേമെന്റുകളില്‍ കൂടുതല്‍ പങ്കാളിത്തം വഹിക്കുന്നത് പേടിഎം ആണ്. 2017ല്‍ രാജ്യത്ത് നടന്നിട്ടുള്ള മൊത്തം ഇ-കൊമേഴ്‌സ് ഇടപാട് മൂല്യത്തില്‍ 9.9 ശതമാനം വിഹിതമാണ് പേടിഎമ്മിനുള്ളത്. 9.8 ശതമാനം പങ്കാളിത്തവുമായി പേപാല്‍ ആണ് രണ്ടാം സ്ഥാനത്ത്. മൊബീക്വിക്, ഫ്രീചാര്‍ജ് എന്നിവ യഥാക്രമം 2.8 ശതമാനവും 2.7 ശതമാനവും വിപണി വിഹിതം സ്വന്തമാക്കി.

വരും ദിവസങ്ങളില്‍ സാംസംഗ് പേ കൂടി ഇന്ത്യയിലെത്തുന്നതോടെ ഈ രംഗത്തെ മത്സരം കൂടുതല്‍ ശക്തമാകാനാണ് സാധ്യത. തേസ് ആപ്പിലൂടെ ഗൂഗിളും ഇന്ത്യന്‍ മൊബീല്‍ വാലറ്റ് വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്.ബില്‍ പേമെന്റ്, മൊബീല്‍ ടോപ് അപ്പ്, ഹോട്ടല്‍/എയര്‍ലൈന്‍ ബുക്കിംഗ്, സിനിമ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങളും മൊബീല്‍ വാലറ്റുകള്‍ ലഭ്യമാക്കുന്നുണ്ട്. മൊബീല്‍ വാലറ്റ് ഇടപാടുകള്‍ വര്‍ധിച്ചതോടെ കാഷ്, ചെക്ക് എന്നിവ വഴിയുള്ള ഇടപാടുകളുടെ മൂല്യം 2013ലെ 31 ശതമാനത്തില്‍ നിന്നും 2017ല്‍ 16 ശതമാനമായി ചുരുങ്ങി. കാര്‍ഡ് ഇടപാടുകളുടെ മൂല്യം സമാനകാലയളവില്‍ 38 ശതമാനത്തില്‍ നിന്നും 32 ശതമാനമായി കുറഞ്ഞു.

Comments

comments

Categories: Business & Economy