സ്മാര്‍ട്ട്‌ഫോണ്‍ ഉപയാഗിച്ച് കാര്‍ ഓടിക്കാന്‍ ഹ്വാവെയ്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയാഗിച്ച് കാര്‍ ഓടിക്കാന്‍ ഹ്വാവെയ്

ബാഴ്‌സലോണ: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് കാര്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഹ്വാവെയ് പുറത്തിറക്കി. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൊരു സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുന്നത്. റോഡിലെ വസ്തുക്കളെ തിരിച്ചറിയാന്‍ മാത്രമല്ല വാഹനങ്ങളുടെ കൂട്ടിമുട്ടല്‍ പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ഈ ടെക്‌നോളജി വഴി സാധിക്കും. ഡ്രൈവറില്ലാത്ത പോര്‍ഷെ പനമെറ കാറിനെ ഹ്വാവെയുടെ ഫഌഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ മേറ്റ് 10 പ്രോ നിയന്ത്രിക്കുന്ന വീഡിയോ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. റോഡ്‌റീഡര്‍ എന്നാണ് ഈ പദ്ധതിക്ക് കമ്പനി പേര് നല്‍കിയിരിക്കുന്നത്.

‘വസ്തുക്കളെ തിരിച്ചറിയുന്നതില്‍ ഇതിനകം തന്നെ ഞങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് കാറോടിക്കാന്‍ മാത്രമല്ല, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കഴിവ് ഉപയോഗിച്ച് പ്രത്യേക വസ്തുക്കളെ കാണുന്നതിനും അവയെ ഒഴിവാക്കി മുന്നോട്ടുപോകുന്നതിനും ഈ സ്മാര്‍ട്ട്‌ഫോണ്‍ സജ്ജമാകുകയാണ്’, ഹ്വാവെയ് യൂറോപ്പിലെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ ആന്‍ഡ്രു ഗറി പറഞ്ഞു.

മുന്നിലുള്ള തടസങ്ങളെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയില്‍ ഹ്വാവേയുടെനിര്‍ണായ ചുവടുവെപ്പായാണ് പുതിയ നേട്ടത്തെ വിലയിരുത്തുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പ്രാപ്തിയുള്ള തങ്ങളുടെ ഡിവൈസുകളിലെ വേഗത, പ്രകടനം എന്നിവയും വ്യക്തമാക്കുന്നതായിരുന്നു കമ്പനിയുടെ പുതിയ പരീക്ഷണം. പരീക്ഷണത്തിനായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഒാടിച്ച കാര്‍ റോഡിന് നടുവില്‍ ഇരിക്കുകയായിരുന്ന ഒരു നായയെ ഇടിക്കാതെ അരികിലൂടെ മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഭക്ഷണം, വളര്‍ത്തുമൃഗങ്ങള്‍, ഭൂപ്രകൃതികള്‍ എന്നിവയെയെല്ലാം വേര്‍തിരിച്ച് മനസിലാക്കാന്‍ മേറ്റ് 10 പ്രോയിലെ കാമറ ആപ്പിന് സാധിക്കും. ഫെബ്രുവരി 26-27 വരെ സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസി (എംഡബ്ല്യുസി)ല്‍ തങ്ങളുടെ റോഡ്‌റീഡര്‍ പദ്ധതി ഹ്വാവെയ് പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: Tech