ജിഎസ്ടിആര്‍-3ബി ഫയലിംഗ് കൂടുതല്‍ ലളിതമാക്കി

ജിഎസ്ടിആര്‍-3ബി ഫയലിംഗ് കൂടുതല്‍ ലളിതമാക്കി

ന്യൂഡെല്‍ഹി: നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള ജിഎസ്ടിആര്‍-3ി ഫോം കേന്ദ്ര സര്‍ക്കാര്‍ ലളിതമാക്കി. ജിസ്ടിആര്‍-3ബി ഫയലിംഗ് പ്രക്രിയയിലെ നികുതി അടയ്ക്കല്‍, ചെലാന്‍ സൃഷ്ടി, കരട് റിട്ടേണിന്റെ ഡൗണ്‍ലോഡ് സൗകര്യം, നികുതി തുക സ്വമേധയാ ചേര്‍ക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

മുന്‍പ് നികുതി ബാധ്യത എത്രയാണെന്ന് അറിയുന്നതിന് നികുതിദായകര്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് അനിവാര്യമായിരുന്നു. സമര്‍പ്പിച്ചതിന് ശേഷം മാറ്റങ്ങള്‍ വരുത്താന്‍ അനുവാദവുമില്ല. എന്നാല്‍ ഇനി മുതല്‍ റിട്ടേണ്‍ അന്തിമമായി സമര്‍പ്പിക്കുന്നതിന് മുമ്പായി തന്നെ നികുതി ബാധ്യത എത്രയാണെന്നത് മനസിലാക്കാനാകും.

ക്രെഡിറ്റ് ലെഡ്ജറിലെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് കുറച്ചതിനു ശേഷം നികുതി അടവിനുള്ള ചെലാന്‍ ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യാം. എങ്കിലും അടയ്‌ക്കേണ്ട ക്രെഡിറ്റ് തുക എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം നികുതിദായകര്‍ക്കായുണ്ട്. നേരത്തെ ക്രെഡിറ്റ് ഉപയോഗ തുക നികുതിദായകര്‍ സ്വയം പൂരിപ്പിക്കുകയും ചെലാന്‍ സ്വയം സൃഷ്ടിക്കുകയും ചെയ്യണമായിരുന്നു.

സേവ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ ഏത് ഘട്ടത്തിലും പരിശോധിക്കുന്നതിനായി കരട് റിട്ടേണ്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള പുതിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. നികുതിദായകന്‍ സിജിഎസ്ടി, എസ്ജിഎസ്ടി, യുടിജിഎസ്ടി എന്നിവയില്‍ ഏതിലേങ്കിലും ഒന്നിന്റെ തുക പൂരിപ്പിച്ചാല്‍ മറ്റ് നികുതികളുടെ തുക ഓട്ടോമാറ്റിക്കായി പൂരിപ്പിക്കപ്പെടും. കൂടാതെ റിട്ടേണ്‍ ഫയലിംഗ് പ്രക്രിയയെ വിവിധ ഘട്ടങ്ങളായി തിരിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ യൂസര്‍ മാനുവലുകള്‍ ബിസിനസുകള്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

നികുതി ഫയലിംഗിനെ ലളിതമാക്കാനുള്ള നടപടി സ്വാഗതാര്‍ഹമാണെന്ന് പിഡബ്ല്യുസിയിലെ ഇന്‍ഡയറക്റ്റ് ടാക്‌സ് മേധാവി പ്രതിക് ജയ്ന്‍ പറഞ്ഞു. ജിഎസ്ടി സംവിധാനത്തില്‍ അശ്രദ്ധ മൂലമുണ്ടാകാവുന്ന തെറ്റുകള്‍ കുറയ്ക്കാന്‍ ഈ നടപടി സഹായിക്കുന്നു. ബിസിനസുകള്‍ക്ക് റിട്ടേണുകള്‍ ഫയര്‍ ചെയ്യുന്നത് എളുപ്പമാക്കുന്നതിലൂടെ ജിഎസ്ടി സംവിധാനത്തിന്റെ സ്വീകാര്യത വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Business & Economy