ലങ്കയിലെ ചൈനീസ് സ്വാധീനം: ഇന്ത്യ പ്രവര്‍ത്തിക്കേണ്ട സമയമായി

ലങ്കയിലെ ചൈനീസ് സ്വാധീനം: ഇന്ത്യ പ്രവര്‍ത്തിക്കേണ്ട സമയമായി

ഒളിമറയില്ലാത്തതാണ് ശ്രീലങ്കയിലെ ചൈനീസ് സാന്നിധ്യം. ലങ്കയില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് ചൈനയെ കാണാനാവും

അടുത്തിടെ ഒരു അവധിക്കാലത്ത് ഞാനും ഭാര്യയും സുഹൃത്തുക്കളോടൊപ്പം ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ രണ്ടു പേരുടെയും ആദ്യ സന്ദര്‍ശനമായിരുന്നു അത്. സമാധാനത്തിന്റെ ആ ദ്വീപ് രാഷ്ട്രം, എണ്ണമറ്റ ജീവനുകളെടുക്കുകയും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത ആഭ്യന്തര കലാപത്തിന്റെ പിടിയിലമര്‍ന്നിരുന്നു ഒന്നര പതിറ്റാണ്ട് മുന്‍പ്. ശ്രീലങ്കന്‍ പ്രസിഡന്റായി മഹീന്ദ രാജപക്‌സെ സ്ഥാനാരോഹിതനായശേഷം ആദ്യം ഏറ്റെടുത്ത ദൗത്യം രാജ്യത്ത് നിന്നും തമിഴ്പുലികളെ തുടച്ച് നീക്കുകയെന്നതായിരുന്നു. മുപ്പത് മാസത്തെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് ശേഷം, തമിഴ് പുലികളുടെ (എല്‍ടിടിഇ) തലവന്‍ വേലുപ്പിള്ള പ്രഭാകരന്റെ വധത്തോടെയും അനുചരവൃന്ദത്തിന്റെ നിര്‍ദയമായ നശീകരണത്തോടെയും 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തര സംഘര്‍ഷം 2009 ല്‍ പരിസമാപ്തിയിലെത്തിച്ചേര്‍ന്നു.

വ്യാപകമായി മനുഷ്യാവകാശ ധ്വംസനങ്ങളും തമിഴര്‍ക്കെതിരെ പരസ്യമായ വിവേചനവും നടന്നതായും വാദങ്ങള്‍ ഉയര്‍ന്നുവന്നു. പരമാര്‍ത്ഥം തന്നെയാണത്. അങ്ങനെയാണെങ്കിലും, ദശാബ്ദങ്ങളായുള്ള അരക്ഷിതാവസ്ഥയ്ക്കും അസ്വസ്ഥതയ്ക്കും ഭീകരവാദത്തിനുമൊടുവില്‍ ആദ്യമായി ലങ്കന്‍ ജനത സമാധാനം കണ്ടെത്തിയതെന്നതാണ് ഏറ്റവും സത്യമായ കാര്യം. പഴയ സന്ദര്‍ശനത്തില്‍ തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നതാണ് അന്നത്തെ ശ്രീലങ്കയില്‍ നിന്നും ഇപ്പോഴുള്ള പ്രകടമായ വ്യത്യാസം. ഞാന്‍ ഏറെ ശ്രദ്ധിച്ച കാര്യവും അതായിരുന്നു. ഇന്ന് ലങ്കയില്‍ ശാന്തത അനുഭവവേദ്യമാണ്.
അസഹനീയതപോലും ഏറെ വര്‍ഷങ്ങള്‍ക്ക് പുറകോട്ട് മാറിക്കഴിഞ്ഞു. അതുകൊണ്ട് വളരെക്കാലമായി നിഷേധിക്കപ്പെട്ട ജീവിതം അവകാശപ്പെടാനുള്ള സമയമാണിത്. ഇന്ത്യയുടെ കാര്യത്തില്‍ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ അന്ത്യവും എല്‍ടിടിഇയുടെ ഉന്മൂലനവുമെല്ലാം നല്ല വാര്‍ത്തയായിരുന്നു. ഇന്ത്യ അതിനോടകം തന്നെ എല്‍ടിടിഇയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്പുലികളുടെ തലവന്‍ വേലുപ്പിള്ള പ്രഭാകരനുമായി പരസ്യമായി സഖ്യത്തിലേര്‍പ്പെട്ട തമിഴ്‌നാട്ടിലെ കൂട്ടുകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എല്‍ടിടിഇ വിരുദ്ധ സൈനിക നടപടികള്‍ക്കുള്ള പിന്തുണ മറച്ചുവയ്ക്കാന്‍ ഇന്ത്യ പ്രേരിതരായി. ദുരന്തപൂര്‍ണമെന്നു പറയട്ടെ, ലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ അവസാനത്തോടെ ചരിത്രം സ്വയം ആവര്‍ത്തിക്കപ്പെട്ടു. ഒരിക്കല്‍ക്കൂടി ഇന്ത്യക്ക് ഗതി നഷ്ടപ്പെട്ടു. ഇന്ന് ചൈനയ്ക്ക് മുന്നില്‍ ലങ്കയെ കൈവിടുന്നതിന്റെ വക്കിലാണ് നമ്മള്‍.

ഒളിമറയില്ലാത്തതാണ് ശ്രീലങ്കയിലെ ചൈനീസ് സാന്നിധ്യം. ലങ്കയില്‍ എല്ലായിടത്തും നിങ്ങള്‍ക്ക് ചൈനയെ കാണാനാവും. ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വേഗത ചടുലമാണ്. ചൈ
നീസ് ഡ്രഡ്ജിംഗ് കപ്പലുകള്‍ ഉഗ്രമായ വേഗത്തില്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് പ്രകടമായി കാണാന്‍ സാധിക്കും. ഹമ്പന്‍ടോട്ട തുറമുഖത്തിലെ പ്രവര്‍ത്തനം ചൈന ആരംഭിച്ചുകഴിഞ്ഞു. പബ്ബുകളിലും ഷോപ്പിംഗ് മാളുകളിലുമായി എവിടേയും ചൈനീസ് തൊഴിലാളികളാണ്. മിക്ക ചൈനീസ് തൊഴിലാളികളും സിംഹള ഭാഷ വശത്താക്കിക്കഴിഞ്ഞു. ഹോട്ടലുകള്‍ റോഡുകള്‍, പശ്ചാത്തല സൗകര്യങ്ങള്‍, ആര്‍ട്ട് തീയേറ്ററുകള്‍, അത്യാധുനിക വമ്പന്‍ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവ വരെയുള്ള പദ്ധതികള്‍ കടലാസിലേതു മാത്രമല്ല. ആളുകള്‍ക്ക് അവയെ കാണാനാകും. കാഴ്ചയുടെ ആ പ്രാധാന്യത്തെ ഒരിക്കലും കുറച്ച് കാണരുത്.

ചൈന നടപ്പിലാക്കുന്ന പദ്ധതികളുടെ വേഗത കണക്കിലെടുക്കുമ്പോള്‍ വിശ്വാസയോഗ്യമായ ഒരു റിയല്‍ എസ്‌റ്റേറ്റ് പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 2005 മുതല്‍ 2017 വരെയുള്ള ഒരു വ്യാഴവട്ടക്കാലം പതിനഞ്ച് ബില്യണ്‍ ഡോളറിന്റെ പദ്ധതികളാണ് ചൈന ലങ്കന്‍ മണ്ണില്‍ നടപ്പിലാക്കിയത്. ഒരു പ്രതിലോമ ശക്തിക്കും ലങ്കയും ചൈനയും തമ്മിലെ സഹകരണത്തെ തുരങ്കംവെയ്ക്കാനാവില്ലെന്ന് പറഞ്ഞ ചൈനീസ് അംബാസഡര്‍, ലങ്കയിലെ ചൈനീസ് സാന്നിധ്യത്തെ തങ്ങളുടെ സ്വാധീന പ്രദേശത്തേക്കുള്ള അതിക്രമിച്ചു കടക്കലായി കാണുന്ന ഇന്ത്യക്ക് വ്യക്തമായ സന്ദേശമാണ് നല്‍കിയത്.

ഇന്ത്യയെ സംബന്ധിച്ച് ഇത് അലോസരപ്പെടുത്തുന്ന സംഭവവികാസമാണ്. കാലം ശരിയെന്നു തെളിയിച്ച സംസ്‌കാരത്തിന്റെ കെട്ടുപാടുകളിലുള്ള വിദേശനയത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. അതേസമയം, ചൈനയ്ക്ക് മാത്രം സാധ്യമാണെന്നു തോന്നിക്കുന്ന ഭാവനയോടെയും വേഗത്തോടെയും തോതിലും പ്രതികരിക്കാന്‍ ഇന്ത്യ പരാജയപ്പെട്ടെന്ന ലങ്കക്കാര്‍ക്കിടയിലെ ശക്തമായ വികാരം ശ്രദ്ധിക്കപ്പെടുന്നതാണെന്ന് നിസംശയം പറയാം. ബഹളക്കാരും ധിക്കാരികളുമായ ചൈനക്കാരുടെ സാന്നിധ്യത്തില്‍ തങ്ങള്‍ എത്രത്തോളം അസംതൃപ്തരും അസന്തുഷ്ടരുമാണെന്ന ലങ്കക്കാരുടെ പറച്ചില്‍ സര്‍വസാധാരണമാണ്. ഇത് ധൃതരാഷ്ട്രാലിംഗനമാണ്. എന്നാല്‍ അഭിവൃദ്ധിയുള്ള ഭാവിയിലേക്ക് അതിവേഗം സഞ്ചരിക്കാന്‍ ലങ്കക്കാര്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ അതിനെ ആദായകരമായി കാണണം. ഭാവിയില്‍ സിംഗപ്പൂരിനെ വെല്ലുവിളിക്കുമെന്ന് ചിത്രകാരന്റെ ഭാവനയിലെ കൊളംബോ ലങ്കന്‍ ജനതയോട് പറയുന്നു. നിക്ഷേപങ്ങളും വിനോദസഞ്ചാരവും തൊഴിലും സാമ്പത്തികസൗഖ്യവും അതു കൊണ്ടുവരും. അത്തരമൊരു ചിത്രത്തിന് കാര്യമായി വശീകരിക്കാന്‍ സാധിക്കും.
ഇന്ത്യയെ ചുറ്റിവളയല്‍ അലിവില്ലാത്ത സാമര്‍ത്ഥ്യത്തോടെ തുടങ്ങിക്കഴിഞ്ഞു. പാകിസ്ഥാന്‍ ബന്ധം കൈവിട്ടുപോയി, മാലദ്വീപ് തകര്‍ന്നുകൊണ്ടിരിക്കുന്നു. നേപ്പാളും ഏറെക്കുറെ ഈ പാതയിലാണ്. ശ്രീലങ്കയും എളുപ്പം മനസിലാക്കാവുന്ന മാനസികപരമായ പരിവര്‍ത്തനത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യ ഏറ്റവും ഗുരുതരമായ സുരക്ഷാ ഭീഷണി അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണമെങ്കില്‍, ഭാവന മാത്രം പോര. മറിച്ച് ആഭ്യന്തരയുദ്ധം നിഷേധിച്ച ഒരു നല്ല കാലം ലങ്കയ്ക്ക് സമ്മാനിക്കാന്‍ പാകത്തില്‍ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള വേഗതയും കാര്യക്ഷമതയും ഇന്ത്യക്ക് വേണം. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെക്ക് ഇന്ത്യയുടെ ഈ അയല്‍ രാജ്യം അസ്വസ്ഥതയുണ്ടാക്കുന്ന വെല്ലുവിളിയാവും. ഇന്ത്യ എക്കാലത്തേയും വലിയ സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്നും നമ്മള്‍ പരാജയത്തിന്റെ വക്കിലാണുമെന്ന കാര്യങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ, ഉദ്യോഗസ്ഥവൃന്ദ, കോര്‍പ്പറേറ്റ് പങ്കാളികളെ ബോധ്യപ്പെടുത്തുകയെന്ന വലിയൊരു പ്രശ്‌നമാണ് ഗോഖലെക്ക് മുന്നിലുള്ളത്. ചെസ് ഇതിഹാസം ബോബി ഫിഷര്‍ ഒരിക്കല്‍ പറഞ്ഞത് പോലെ- നമ്മള്‍ കളിക്കുകയാണെങ്കില്‍ അത് ജയിക്കാനാകണം. എന്നാല്‍ നിങ്ങള്‍ കളിയില്‍ പരാജയപ്പെട്ടെങ്കില്‍ അത് കരുക്കളില്‍ നിന്നു നിങ്ങള്‍ കണ്ണെടുത്തതു കൊണ്ടാണ്, അപ്പോള്‍ നിങ്ങള്‍ തോല്‍വി അര്‍ഹിക്കുന്നു.

(മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Slider, World