എയര്‍ബിഎന്‍ബി സേവന മേഖല വിപുലീകരിക്കുന്നു

എയര്‍ബിഎന്‍ബി സേവന മേഖല വിപുലീകരിക്കുന്നു

സാന്‍ ഫ്രാന്‍സിസ്‌കോ: ചെലവ് കുറഞ്ഞ താമസസൗകര്യമൊരുക്കുന്ന പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബിഎന്‍ബി സേവനമേഖല വിപുലീകരിക്കുന്നു. വിവിധ നഗരങ്ങളിലേക്ക് ഹോട്ടലുകള്‍ പോലുള്ള പുതിയ പ്രോപ്പര്‍ട്ടികളും സംവിധാനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് സേവനമേഖല കൂടുതല്‍ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നത്. 2028 ഓടെ വര്‍ഷം തോറും ഒരു ബില്യണ്‍ അതിഥികളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

പുതിയ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ലോയല്‍റ്റി പ്രോഗ്രാമും അതിഥികളുടെ താല്‍പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന കൂടുതല്‍ സംവിധാനങ്ങളും ഉള്‍പ്പെടുന്ന പുതിയ രൂപരേഖ സിഇഒ ബ്രയ്ന്‍ ചെസ്‌കി തയാറാക്കിയിട്ടുണ്ട്. ലോയല്‍റ്റി പ്രോഗ്രാമിന്റെ ഭാഗമായി അതിഥികളെയും ആതിഥേയരെയും കണ്ടെത്തുന്നതിനും അവരുടെ നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനുമായി എയര്‍ബിഎന്‍ബി പ്ലസ് എന്ന സൗകര്യവും കമ്പനി ആരംഭിക്കും. ഇത് ടോപ്പ് പ്ലേസ്‌മെന്റ്, ഇന്‍ഹൗസ് സേവനങ്ങള്‍, പ്രീമിയം സപ്പോര്‍ട്ട് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിനും സഹായിക്കും.

ഷെയേര്‍ഡ് സ്‌പേസ്, പ്രൈവറ്റ് റൂം, എന്റയര്‍ ഹോം എന്നിങ്ങനെ മൂന്നു തരത്തിലുള്ള പ്രോപ്പര്‍ട്ടികളാണ് എയര്‍ബിഎന്‍ബിക്കുള്ളത്. ഇതിലേക്ക് വെക്കേഷന്‍ ഹോം, യുണീക് സ്‌പേസ്, ബി&ബി, ബൊട്ടീക് എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ കൂടി ചേര്‍ക്കപ്പെടും. ബുക്കിംഗ് ഡോട്ട് കോം, എക്‌സ്പീഡിയഡോട്ട്‌കോം എന്നിവയുമായി മല്‍സരിക്കുന്ന എയര്‍ബിഎന്‍ബിയെ പൂര്‍ണമായും ഒരു സര്‍വീസ് ട്രാവല്‍ കമ്പനിയാക്കുകയെന്നതാണ് ലക്ഷ്യം. എയര്‍ബിഎന്‍ബി ഫോര്‍ ഫാമിലി, എയര്‍ബിഎന്‍ബി ഫോര്‍ വര്‍ക്ക് എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ലക്ഷ്വറി റീട്രീറ്റ്‌സിനെ ഏറ്റെടുത്തതിനുശേഷം കമ്പനിയുടെ സേവനത്തില്‍ കൂടുതല്‍ ആഡംബര സൗകര്യങ്ങള്‍ ചേര്‍ത്തുകൊണ്ട് ബിലോണ്ട് ബൈ എയര്‍ബിഎന്‍ബി എന്ന പേരില്‍ ഒരു ആസൂത്രണം ചെയ്ത യാത്രയില്‍ ആവശ്യാനുസരണം മാറ്റങ്ങള്‍ അനുവദിക്കുന്ന ഒരു സേവനവും കമ്പനി ആരംഭിക്കും. 2008 ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇന്ന് 81,000 നഗരങ്ങളിലായി 4.5 ദശലക്ഷം പ്രോപ്പര്‍ട്ടികളുള്ള വലിയ പ്ലാറ്റ്‌ഫോമാണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 41 ബില്യണ്‍ ഡോളറാണ് കമ്പനി സമ്പാദിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy