2018 ഹോണ്ട സിബി ഷൈന്‍ എസ്പി പുറത്തിറക്കി

2018 ഹോണ്ട സിബി ഷൈന്‍ എസ്പി പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 62,032 രൂപ മുതല്‍

ന്യൂഡെല്‍ഹി : 2018 സിബി ഷൈന്‍ എസ്പി മോട്ടോര്‍സൈക്കിളിന്റെ വില ഹോണ്ട പ്രഖ്യാപിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 62,032 രൂപയും ഡിസ്‌ക് വേരിയന്റിന് 64,518 രൂപയുമാണ് വില. സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) വേരിയന്റിന് 66,508 രൂപ നല്‍കണം. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില. പരിഷ്‌കരിച്ച ഈ 125 സിസി മോട്ടോര്‍സൈക്കിള്‍ ഈയിടെ സമാപിച്ച ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തൊലിപ്പുറത്താണ് പ്രധാനമായും പരിഷ്‌കാരങ്ങളെല്ലാം വരുത്തിയിരിക്കുന്നത്. ബൈക്ക് തുടര്‍ന്നും നിലവിലെ അതേ 125 സിസി എന്‍ജിന്‍ ഉപയോഗിക്കും.

പുതിയ ടാങ്ക് ഡിസൈന്‍, നീളം കൂടിയ ഷ്രൗഡ്, ബോഡിവര്‍ക്കില്‍ മുഴുവനായി പുതിയ ബോഡി ഡീകാളുകള്‍ എന്നിവയാണ് പുറമേ കാണുന്ന മാറ്റങ്ങള്‍. സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, ക്ലോക്ക് എന്നിവ പുതുതായി നല്‍കി അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. കമ്യൂട്ടര്‍ ബൈക്കിലെ സൈഡ് പാനലുകള്‍, ടെയ്ല്‍ സെക്ഷന്‍, അലോയ് വീലുകള്‍ എന്നിവയില്‍ മാറ്റമില്ല.

നിലവിലെ അതേ 124.73 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ ഹോണ്ട സിബി ഷൈന്‍ എസ്പി തുടര്‍ന്നും ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.30 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതല. ബേസ് വേരിയന്റിന്റെ മുന്‍, പിന്‍ ചക്രങ്ങളില്‍ ഡ്രം ബ്രേക്കുകളാണ്. ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് മുന്‍ ചക്രത്തിലാണ് ഡിസ്‌ക് ബ്രേക്ക്. അലോയ് വീലുകളുടെ വലുപ്പം 18 ഇഞ്ച് ആണ്. ലോ-റെസിസ്റ്റന്‍സ് ടയറുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമത നല്‍കും.

ഡ്രം ബ്രേക്ക്, ഡിസ്‌ക് ബ്രേക്ക്, സിബിഎസ് എന്നിവയാണ് വേരിയന്റുകള്‍

ആഗോളതലത്തില്‍ നന്നായി വിറ്റുപോകുന്ന 125 സിസി മോട്ടോര്‍സൈക്കിളുകളാണ് ഹോണ്ട സിബി ഷൈന്‍ എസ്പി, സിബി ഷൈന്‍ എന്നിവ. ഹീറോ ഗ്ലാമറിനും വലിയ ഡിമാന്‍ഡ് കാണാം. കഴിഞ്ഞ മാസം പുറത്തിറക്കിയ 2018 ബജാജ് ഡിസ്‌കവര്‍ 125 മോട്ടോര്‍സൈക്കിളിന്റെ വെല്ലുവിളിയാണ് 2018 ഹോണ്ട സിബി ഷൈന്‍ എസ്പി നേരിടേണ്ടത്. പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കിയതോടെ സെഗ്‌മെന്റില്‍ ആധിപത്യം നിലനിര്‍ത്താന്‍ ജാപ്പനീസ് കമ്പനിക്ക് കഴിയും.

Comments

comments

Categories: Auto