ബ്രാന്‍ഡുകളിലെ ‘വിരാട്’ സ്വരൂപം! : സച്ചിനില്‍ നിന്ന് കോഹ്‌ലിയിലേക്ക് എത്ര ദൂരം?

ബ്രാന്‍ഡുകളിലെ ‘വിരാട്’ സ്വരൂപം! : സച്ചിനില്‍ നിന്ന് കോഹ്‌ലിയിലേക്ക് എത്ര ദൂരം?

വിരാട് കോഹ്‌ലിയുടെ കീഴില്‍ മുന്‍പെങ്ങുമില്ലാത്ത വിധം ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന സംഘമായി മാറിയ ഇന്ത്യയുടെ ടെസ്റ്റ്-ഏകദിന-ടി ട്വന്റി ടീമുകള്‍ എക്കാലത്തെയും മികച്ച നേട്ടങ്ങളാണ് എത്തിപ്പിടിക്കുന്നത്. കരിയറിന്റെ പാതി മാത്രം പിന്നിട്ട കോഹ്‌ലിയാവട്ടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കാനുള്ള ലക്ഷ്യം മനസില്‍ കുറിച്ച് മുന്നോട്ടു പോകുന്നു. സച്ചിനെന്ന വിശ്വാസ്യതയുള്ള ബ്രാന്‍ഡില്‍ നിന്ന് കോഹ്‌ലിയെന്ന അഗ്രസീവ് ബ്രാന്‍ഡിലേക്കുള്ള മാറ്റം പല പ്രമുഖ കമ്പനികളും നടത്തിയിരിക്കുന്നു. ലോകത്തെ ഏഴാമത്തെ വലിയ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായി മാറിക്കഴിഞ്ഞ കോഹ്‌ലിയുടെ വളര്‍ച്ച സ്ഥിരമാണോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നു.

രാജ്യത്തെ മുഴുവന്‍ ഒരുമിപ്പിക്കുന്ന ക്രിക്കറ്റെന്ന അനൗദ്യോഗിക മതത്തിലെ അവതാര പുരുഷനാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മനുഷ്യസാധ്യമായ റെക്കോഡുകളെല്ലാം തന്റെ പേരിലാക്കി നാല്‍പതാം വയസില്‍ കളി നിര്‍ത്തിയ ‘ക്രിക്കറ്റ് ദൈവം’ ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലൂടെ ഫുട്‌ബോളും, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ലീഗിലൂടെ ബാഡ്മിന്റണുമൊക്കെ പ്രോത്സാഹിപ്പിച്ചും രാജ്യസഭയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ട് അല്‍പം ലോകകാര്യമൊക്കെ ചര്‍ച്ച ചെയ്തും അങ്ങനെ നീങ്ങുകയാണ്. 24 വര്‍ഷം കവര്‍ ഡ്രൈവുകളിലൂടെയും സ്‌ട്രെയിറ്റ് ഡ്രൈവുകളിലൂടെയും രണ്ട് തലമുറയില്‍ പെടുന്ന ആരാധകരുടെ മനസിലെ പുല്‍മൈതാനങ്ങളെ തീപിടിപ്പിച്ച മാസ്റ്റര്‍ ബഌസ്റ്റര്‍ക്ക് അടുത്തിടെ, ക്രിക്കറ്റോ…അതെന്താ! എന്നൊരു ഭാവം. ടെലിവിഷന്‍ പരസ്യങ്ങളിലൂടെ ഇന്ത്യയുടെ സ്വീകരണ മുറികളിലെ സജീവ സാന്നിദ്ധ്യമായിരുന്ന സച്ചിനെ ഈയിടെയായി ആ വഴിയും കാണുന്നത് കുറവാണ്. മറുവശത്ത് ഏകദിന ക്രിക്കറ്റില്‍ മുപ്പത്തഞ്ചാം സെഞ്ച്വറിയും ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ച്വറികളും ടി-ട്വന്റിയില്‍ 50 കടന്ന ശരാശരിയയുമായി അദ്വിതീയനായി കുതിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ മുഖമായ ക്യാപ്ടന്‍ വിരാട് കോഹ്‌ലി. സച്ചിന്‍ മുഖം കാണിച്ചിരുന്ന ബ്രാന്‍ഡുകളുടെയൊക്കെ പ്രചാരകനായി ടിവിയില്‍ നിറയുന്നതും കോഹ്‌ലിയാണ്. നടി അനുഷ്‌കയുമായുള്ള വിരാടിന്റെ പ്രണയസാഫല്യം അടുത്തിടെ ഏറെ ആഘോഷിക്കപ്പെട്ടു. കളിക്കളത്തിലും പുറത്തും സച്ചിനും കോഹ്‌ലിയും തമ്മിലുള്ള താരതമ്യ പഠനത്തിന് സാധ്യതകള്‍ ഏറെയാണ്.

സച്ചിന്‍: സ്ഥിരതയുടെ പര്യായം

കായികമത്സരം എന്നതിനപ്പുറം വലിയ ഒരു വ്യവസായമായും ക്രിക്കറ്റ് മാറിയത് 1990ന് ശേഷമാണ്. ഗാവസ്‌കറിന്റെയും കപില്‍ ദേവിന്റെയും വിരമിക്കല്‍ സൃഷ്ടിച്ച ശൂന്യതയിലേക്കായിരുന്നു സച്ചിന്‍ കടന്നിരുന്നത്. കളിക്കളത്തിലെ ഏറ്റവും ജനപ്രിയനായി മാറിയ സച്ചിന്‍ വൈകാതെ പരസ്യബ്രാന്‍ഡുകളുടെയും ഇഷ്ടക്കാരനായി. തകര്‍ച്ചകളില്‍ ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയ സച്ചിന്റെ മേല്‍ ആരാധകര്‍ക്കുണ്ടായ വിശ്വാസ്യത തന്നെയാണ് ബ്രാന്‍ഡുകള്‍ക്കും വേണ്ടിയിരുന്നത്. 1990ല്‍ ബാന്‍ഡ് എയ്ഡിന്റെ പരസ്യത്തിലാണ് ക്രിക്കറ്റ് ഫീല്‍ഡിന് വെളിയില്‍ ഈ ചുരുണ്ട മുടിക്കാരനെ ഇന്ത്യക്കാര്‍ ആദ്യമായി കാണുന്നത്. ‘ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി’ എന്ന സച്ചിന്റെ പതിഞ്ഞ ശബ്ദം മനസിലിട്ട്് എനര്‍ജി ഡ്രിങ്കിനായി മാതാപിതാക്കളോട് വഴക്കടിച്ച കുട്ടിക്കാലം ശരാശരി ഇന്ത്യന്‍ യുവാക്കളുടെ നൊസ്റ്റാള്‍ജിയയാണ്. ‘ഓ സച്ചിന്‍ ആയാരേ ഭയ്യാ’ എന്ന പാട്ടിനൊപ്പം ഇന്ത്യക്കാരുടെ മനസിലേക്ക് പെപ്‌സി കോള കടന്നു കയറി. നാട്ടിന്‍ പുറങ്ങളിലെ മാടക്കടകളില്‍ പോലും ലോക്കല്‍ സച്ചിന്‍മാര്‍ പെപ്‌സി ഒറ്റവലിക്ക് അകത്താക്കിയ ശേഷം ഏമ്പക്കമടക്കി ‘നതിംഗ് ഒഫീഷ്യല്‍ എബൗട്ട് ഇറ്റ്’ പറഞ്ഞു. തെങ്ങിന്റെ മടല്‍ ചെത്തിയൊരുക്കിയ ബാറ്റുകള്‍ക്ക് മുന്നിലും ‘എംആര്‍എഫ്’ എന്ന മൂന്നക്ഷരം നിറഞ്ഞു. സച്ചിനിലൂടെ ഇന്ത്യന്‍ യുവത്വത്തിന്റെ ശീലങ്ങളായി മാറിയ ഉല്‍പന്നങ്ങള്‍ ഏറെയാണ്. എനര്‍ജി ഡ്രിങ്കുകള്‍ മുതല്‍ ഇന്‍വെര്‍ട്ടര്‍ കമ്പനി വരെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ പ്രതിച്ഛായ. അസ്ഹറുദ്ദീനെയും അജയ് ജഡേജയെയും പോലെയുള്ള മുന്തിയ താരങ്ങള്‍ കോഴക്ക് പുറകെ പോയപ്പോള്‍ നിരാശരായ ഇന്ത്യന്‍ കാണികളെ തുടര്‍ന്നും മൈതാനങ്ങളിലേക്കും ടെലിവിഷനുകള്‍ക്കും മുന്നിലേക്ക് ആകര്‍ഷിച്ചതും ക്രിക്കറ്റിന്റെ പ്രതിച്ഛായയെ തന്നെ സംരക്ഷിച്ചു നിര്‍ത്തിയതും ഈ അവതാര പുരുഷന്‍ ഒറ്റക്കാണ്. ബിസിസിഐയും നിരവധി പരസ്യ ബ്രാന്‍ഡുകളും സച്ചിനോട് എക്കാലവും കടപ്പെട്ടിരിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

പരമോന്നത ബഹുമതിയായ ഭാരത് രത്‌നയും രാജ്യസഭാ അംഗത്വവുമൊക്കെ ലഭിച്ചത് സച്ചിന്റെ ബ്രാന്‍ഡ് പ്രതിച്ഛായയിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പക്വതയുള്ള ബ്രാന്‍ഡുകളാണ് ഇപ്പോഴദ്ദേഹം തെരഞ്ഞെടുക്കുന്നതെന്നാണ് പരസ്യമേഖലയിലെ ഇടപാടുകള്‍ നിയന്ത്രിച്ച ‘വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ്’ ഏജന്‍സി വ്യക്തമാക്കുന്നത്. മാന്യതയുടെയും വിശ്വാസ്യതയുടെയും പര്യായമായി മാറിയ ആ കുസൃതിച്ചിരിയും നനുത്ത ശബ്ദവും അന്‍പതിതേറെ വമ്പന്‍ ഉത്പന്നങ്ങളെ ഇന്ത്യക്കാര്‍ക്കായി പരിചയപ്പെടുത്തിയിട്ടുണ്ട്. 2013 ലെ മാര്‍ച്ച്് മാസത്തില്‍ വാംഘഡെയില്‍ വിന്‍ഡീസിനെതിരെ തന്റെ അവസാന മത്സരം കളിച്ച് മംഗളാ പാടിയവസാനിപ്പിച്ച സച്ചിന്റെ വിടവിലേക്ക് പരസ്യ ഏജന്‍സികള്‍ ധോണിയെയും യുവരാജിനെയുമൊക്കെ മാറിമാറി പരീക്ഷിച്ചു നോക്കിയെങ്കിലും അത്ര കഌച്ച് പിടിച്ചില്ല. അണ്ടര്‍-19 ലോകകപ്പില്‍ ത്രസിപ്പിക്കുന്ന പ്രകടനത്തോടെ ടീമിനെ വിജയത്തിലേക്ക് നയിച്ച വിരാട് കോഹ്‌ലിയെന്ന ഡല്‍ഹിക്കാരനിലേക്ക് സെലക്ടര്‍മാരുടെ കണ്ണുടക്കിയത് ഈ ഘട്ടത്തിലാണ്. 2008ല്‍ ഓഗസ്റ്റില്‍ ശ്രീലങ്കക്കെതിരെ ധാംബുള്ളില്‍ അരങ്ങേറിയ കോഹ്‌ലി, ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത റിംപോച്ചെയാണെന്ന് മനസിലാക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നില്ല. പതിമൂന്നാം മത്സരത്തില്‍ ആക്രമണോത്സുകമായ സെഞ്ച്വറിയിലൂടെ ടീമിനെ വിജയത്തിലെത്തിച്ച പതിനെട്ടുകാരന്‍ ശ്രദ്ധ പിടിച്ചു പറ്റി.

‘ബ്രാന്‍ഡ് കോഹ്‌ലി’യുടെ വളര്‍ച്ച

മൈതാനത്തുണ്ടാക്കിയ നേട്ടങ്ങള്‍ വൈകാതെ വിരാട് കോഹ്‌ലിയെ യുവാക്കളുടെ ആവേശവും സച്ചിന്റെ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കമ്പനികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ബ്രാന്‍ഡുമാക്കി മാറ്റി. 2017 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം ബോളിവുഡ് താരങ്ങളായ ഷാഹ്‌രുഖ് ഖാനെയും ദീപിക പദുക്കോണിനെയും അമീര്‍ ഖാനെയുമൊക്കെ പിന്തള്ളി ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമതെത്തിയിരിക്കുന്നു കോഹ്‌ലി. ടെന്നീസ് താരം റോജര്‍ ഫോഡറര്‍ ഒന്നാം സ്ഥാനത്തുള്ള കായിക ബ്രാന്‍ഡുകളിലെ ശതകോടീശ്വരന്‍മാരുടെ പട്ടികില്‍ ലയണല്‍ മെസിയെ അടക്കം പിന്തള്ളി കോഹ്‌ലി ഏഴാം സ്ഥാനത്തുണ്ട്. 144 ദശലക്ഷം ഡോളറാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ ബ്രാന്‍ഡ് മൂല്യം. രണ്ടാം സ്ഥാനത്തുള്ള നടന്‍ ഷാഹ്‌രുഖിന് 106 ദശലക്ഷം ഡോളറും നടി ദീപികക്ക് 93 ദശലക്ഷം ഡോളറുമാണ് മൂല്യം. രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഫസ്റ്റ് ചോയ്‌സ് വിരാട് തന്നെയാണ്. നിലവില്‍ 20 ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് അദ്ദേഹത്തെ കാണാനാവുക. ബൂസ്റ്റിന്റെ പരസ്യത്തില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെടുന്ന കോഹ്‌ലിയുടെ ബാറ്റിലെ ലോഗോ എംആര്‍എഫിന്റേതാണ്. എആര്‍എഫുമായി 8 വര്‍ഷത്തേക്ക് 100 കോടി രൂപയുടെയും ആഗോള സ്‌പോര്‍ട്‌സ് അപ്പാരല്‍സ് നിര്‍മാതാക്കളായ പൂമയുമായി ചേര്‍ന്ന് സ്വന്തം ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ പുറത്തിറക്കാന്‍ 110 കോടി രൂപയുടെയും കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മൂല്യം ഉയര്‍ന്നതോടെ ബ്രാന്‍ഡുകളില്‍ നിന്ന് പ്രതിദിന ഇടപാടുകള്‍ക്ക് ഈടാക്കുന്ന തുക 5 കോടി രൂപയായും കോഹ്‌ലി ഉയര്‍ത്തിയിട്ടുണ്ട്. പരസ്യങ്ങള്‍ ചിത്രീകരിക്കാനും പ്രൊമോഷണല്‍ പരിപാടികളിലും മറ്റും പങ്കെടുക്കാനുമാണ് ഈ തുക ഈടാക്കുക. ഒരു വര്‍ഷം ഇത്തരം നാലോ അഞ്ചോ പൂര്‍ണ ദിനങ്ങള്‍ താരം ബ്രാന്‍ഡുകള്‍ക്ക് വിട്ടു നല്‍കണം. 3 മുതല്‍ 3.5 കോടി രൂപയാണ് ഷാഹ്‌രുഖ് ഖാനും എംഎസ് ധോണിയും അടക്കമുള്ളവര്‍ ഇതിനായി ഈടാക്കുന്നത്.

മദ്യമടക്കം ലഹരി പദാര്‍ഥങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ല എന്നായിരുന്നു സച്ചിന്റെ നിലപാട്. യുവാക്കളിലും കുട്ടികളിലും തനിക്കുള്ള സ്വാധീനം അവരെ വഴി തെറ്റിക്കാനായി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഒരു പടികൂടി കടന്ന് കോളകളുടെയും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും പരസ്യത്തില്‍ മുഖം കാണിക്കില്ലെന്നാണ് വിരാടിന്റെ പ്രഖ്യാപനം. പെപ്‌സിയുമായുള്ള 100 കോടി രൂപയുടെ കരാര്‍ അദ്ദേഹം ഒഴിവാക്കിയത് ശീതളപാനീയ ഭീമനെ ഞെട്ടിച്ചിരുന്നു. താന്‍ ഉപയോഗിക്കാത്ത കോളകള്‍ ചെറുപ്പക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാനാവില്ല എന്നായിരുന്നു ഇതിന് കാരണം പറഞ്ഞത്. ആഗോള ന്യൂട്രീഷന്‍ കമ്പനിയായ ഹെര്‍ബാലൈഫുമായി നിലവില്‍ വിരാടിന് കരാറുണ്ട്. ഹെര്‍ബാലൈഫിന്റെ ജൈവ ഉത്പന്നങ്ങള്‍ ശുപാര്‍ശ ചെയ്യുന്നയാള്‍ കൃത്രിമ ശീതള പാനീയത്തിന്റെയും ഫാസ്റ്റ് ഫുഡിന്റെയും പരസ്യത്തിലും പ്രത്യക്ഷപ്പെടുന്നത് ബ്രാന്‍ഡ് വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്ന് കണ്ടു കൂടിയാണ് ഈ പിന്‍മാറ്റമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഫെയര്‍ ആന്റ് ലവ്‌ലി ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ നിന്ന് വര്‍ണവിവേചനം ചൂണ്ടിക്കാട്ടിയായിരുന്നു പിന്‍മാറ്റം. ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ ഓഡി, ആഡംബര സ്‌പോര്‍ട്‌സ് വാച്ചായ ടിസോട്ട്, മൊബെല്‍ ഫോണ്‍ ബ്രാന്‍ഡായ ജിയോണി, കോള്‍ഗേറ്റ് ടൂത്ത്‌പേസ്റ്റ്, വിക്‌സ് തുടങ്ങി കെങ്കേമന്‍ ബ്രാന്‍ഡുകളെ പുണരാന്‍ മടി കാണിച്ചുമില്ല.

മൈതാനത്ത് സച്ചിനെ വെല്ലുമോ കോഹ്‌ലി?

2012 ല്‍ പ്രശസ്തിയുടെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ പാഡഴിച്ച സച്ചിന്‍ തന്റെ അക്കൗണ്ടില്‍ കുറിച്ചത് 18,426 റണ്‍സ്. 49 സെഞ്ച്വറികളും 96 അര്‍ധ സെഞ്വ്വറികളും റണ്‍സിന്റെ പൂരത്തിന് തിടമ്പേറ്റി. ഏകദിനത്തില്‍ ഇരട്ട സെഞ്വ്വറിയടിക്കുന്ന ആദ്യ താരം. ടെസ്റ്റിലാവട്ടെ 51 സെഞ്വ്വറികളക്കം 15,921 റണ്‍സ്. രണ്ടു ഫോര്‍മാറ്റുകളിലുമായി മൂന്നക്കം കടന്ന 100 ഇന്നിംഗ്‌സുകളുടെ ശില്‍പി! സച്ചിന്‍ പണിതുയര്‍ത്തിയ റണ്‍മലയുടെ അടുത്തെങ്ങും നിലവില്‍ ഒരു താരമില്ല. 45 ടെസ്റ്റ് സെഞ്വ്വറികളുള്ള ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും 41 ശതകം കുറിച്ചിട്ടുള്ള ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗുമൊക്കെ കളി നിര്‍ത്തിയിട്ട് 5 വര്‍ഷത്തിന് മുകളിലായിരിക്കുന്നു. നിലവില്‍ കളിക്കുന്നവരില്‍ മൈതാനത്തിന്റെ ഏത് മുക്കിലും മൂലയിലും പന്തെത്തിക്കാന്‍ കഴിവുള്ള ‘360’ താരമായ എബി ഡിവില്ലിയേഴ്‌സും സ്ഥിരതയുടെ പര്യായമായ ഹാഷിം ആംലയും നിറം മങ്ങിപ്പോയിരിക്കുന്നു. എന്നാല്‍ അടങ്ങാത്ത റണ്‍ ദാഹവും ഉത്സാഹവും പ്രകടിപ്പിച്ചു കൊണ്ട് വിരാട് കോലി സച്ചിന്റെ റെക്കോഡുകളെ പിന്‍തുടരുകയാണ്. ടെസ്്റ്റിലും ഏകദിനത്തിലും ടി-ട്വന്റിയിലും 50ന് മുകളില്‍ ശരാശരിയുള്ള ലോകത്തെ ഏക താരമാണിന്ന് കോഹ്‌ലി (53.40, 58.62, 52.86). ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞയാഴ്ച നേടിയ 3 സെഞ്ച്വറികളടക്കം 35 ഏകദിന സെഞ്ച്വറികള്‍ സ്വന്തം. മുന്നില്‍ 49 സെഞ്വ്വറികളുമായി സാക്ഷാല്‍ ദൈവം മാത്രം നില്‍ക്കുന്നു. മാരകമായ ബാറ്റിംഗ് ശരാശരിയില്‍ 9,588 റണ്‍സ് ഇതിനകം അടിച്ചിട്ടുണ്ട്. ടെസ്റ്റിലാവട്ടെ 66 മത്സരങ്ങളില്‍ നിന്ന് 21 സെഞ്വ്വറികളടക്കം 5,554 റണ്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്.

29 വയസ് മാത്രം പ്രായമായ ലോകത്തെ ഏറ്റവും ‘ഫിറ്റ്’ ക്രിക്കറ്റര്‍മാരിലൊരാളായ ഈ യുവാവിന്റെ മുന്നില്‍ 10 വര്‍ഷമെങ്കിവും നീണ്ടു കിടക്കെ സച്ചിന്റെ റെക്കോഡുകള്‍ സുരക്ഷിതമല്ല. കായിക ക്ഷമത നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്യുന്ന അദ്ദേഹം ഫീല്‍ഡിംഗിലാണെങ്കിലും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലായാലും മിന്നല്‍പിണരാണ്. ക്യാപ്ടനെന്ന രീതിയില്‍ സൗരവ് ഗാംഗുലിയുടെ ആക്രമണോത്സുകതയും തന്റേടവും കാട്ടുമ്പോഴും ബാറ്റ് കൈയിലേന്തിയാല്‍ സച്ചിനോട് കിടപിടിക്കുന്ന കഌസ് അദ്ദേഹത്തിലേക്ക് ആവാഹിക്കപ്പെടുന്നു. എതിരാളി ദുര്‍ബലനോ ശക്തനോ എന്നത് വകവെക്കാതെ കടന്നാക്രമിക്കുകയും തലപൊക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ‘ഡോമിനന്റ്’ തന്ത്രമാണ് ക്യാപ്ടന്‍ കോഹ്‌ലിയുടേത്. ക്യാപ്ടനെന്ന നിലയില്‍ ധോണിയും ഗാംഗുലിയുമുണ്ടാക്കിയ നേട്ടങ്ങള്‍ പലതും ഇപ്പോള്‍ തന്നെ വഴിമാറിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ഏകപക്ഷീയമായ ഏകദിന പരമ്പര വിജയമാണ് ഏറ്റവും ഒടുവിലത്തേത്. അടുപ്പിച്ച് 9 സീരീസ് വിജയങ്ങളെന്ന നേട്ടമായിരുന്നു ഇതിന് മുന്‍പ് കോഹ്‌ലിയുടെ സംഘത്തെ തേടിയെത്തിയിരുന്നത്. സച്ചിനെന്ന ബ്രാന്‍ഡ് പോലെ തന്നെ കളിമികവിലൂടെ ഇന്ത്യക്കാരുടെ മനസിലേക്ക് കടന്നിരിക്കാന്‍ കോഹ്ലി തന്നെയാണ് യോഗ്യനെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ഈ റെക്കോഡുകളൊക്കെയും.

 

വ്യത്യസ്ത ശൈലികളുടെ ഉടമകളാണ് സച്ചിനും കോഹ്‌ലിയും. ഒരാള്‍ മാന്യതയുടെയാണെങ്കില്‍ മറ്റേയാള്‍ ആക്രമണോത്സുകതയുടെ പര്യായമാണ്. ആരുമായും ഏത് സാഹചര്യത്തിലും ഒത്തൊരുമിച്ചു പോകുന്നയാളാണ് സച്ചിന്‍. ഷെയ്ന്‍ വോണിനെതിരെ സച്ചിന്‍ അഗ്രഷന്‍ കാട്ടിയിട്ടുണ്ട്. പക്ഷേ അത് മറ്റൊരു തലത്തിലേക്ക് പോയിട്ടില്ല. സച്ചിന്റെ മുഖത്ത് എപ്പോഴും ഒരു ചിരിയുണ്ടായിരുന്നു. പക്ഷേ നായകപാടവം അത്ര മികച്ചതല്ല.

കോഹ്‌ലിയാവട്ടെ മുന്നില്‍ നിന്ന് നയിക്കാന്‍ പ്രാപ്തനാണ്. ശരീരഭാഷയില്‍ തന്നെ നായകന്റെ പരിവേഷം കാണാം. അടിച്ചമര്‍ത്തലിന്റെ ഒരു ശൈലിയുണ്ട് അദ്ദേഹത്തിന്.

മാല്‍ക്കം മാര്‍ഷലും ജോയല്‍ ഗാര്‍നറും അടങ്ങിയ വെസ്റ്റിന്ത്യന്‍ പേസ് ബാറ്ററിയെ നേരിടാന്‍ എല്ലാവരും ഭയപ്പെട്ടപ്പോള്‍ സധൈര്യം ബാറ്റേന്തിയ സച്ചിനെ ആരാധകര്‍ക്ക് മറക്കാനാവില്ല. ചെറുപ്പകാലത്ത് തന്നെ പക്വതയാര്‍ജിച്ച കളിക്കാരനായിരുന്നു സച്ചിന്‍. ഇപ്പോഴും കോഹ്‌ലിക്ക് ആ പക്വത കൈവന്നിട്ടില്ല. വിക്കറ്റ് പോകുമ്പോള്‍ കോഹ്‌ലിയില്‍ നിന്നുണ്ടാവുന്ന പ്രതികരണം സച്ചിനില്‍ നിന്ന് ഒരു കാലത്തും ദൃശ്യമായിട്ടില്ല. വിരമിച്ചിട്ട് ഇത്ര കാലമായിട്ടും സച്ചിന്‍ ഐക്കണായി നിലനില്‍ക്കുന്നതും ആ സ്വഭാവ സവിശേഷതകള്‍ കാരണമാണ്.

ഇപ്പോള്‍ കളം നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ഒരു കാലഘട്ടം കഴിഞ്ഞാല്‍ കോഹ്‌ലി സച്ചിനെപ്പോലെ സ്്മരിക്കപ്പെടണമെന്നില്ല. റെക്കോഡുകള്‍ തിരുത്തിയാലും സച്ചിന്റെയും സര്‍ ഡോണ്‍ ബ്രാഡ്മാന്റെയുമൊക്കെ താഴെയായിരിക്കും കോഹ്‌ലിയുടെ സ്ഥാനം. ജനഹൃദയങ്ങളില്‍ സ്ഥാനം സച്ചിന് തന്നെയായിരിക്കുമെന്ന് ഉറപ്പാണ്. ചിലര്‍ കാലഘട്ടത്തിന്റെ നായകരായി ഒതുങ്ങുമ്പോള്‍ ചിലര്‍ ചരിത്രത്തിലെ നായകരാവുന്നു.

ശ്രീകുമാരന്‍ നായര്‍, കായിക നീരീക്ഷകന്‍.

സുനില്‍ ഗാവസ്‌കറിന്റെയും കപില്‍ ദേവിന്റെയും പിന്‍തുടര്‍ച്ചയായാണ് സച്ചിന്‍ ഒരു ബ്രാന്‍ഡായി എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്നത്. പതിയെ ലഹരി പിടിപ്പിക്കുന്ന ‘വിസ്‌കി’യെപ്പോലെയാണ് ഗവാസ്‌കറെന്ന് അക്കാലത്ത് പറയുമായിരുന്നു. ഓള്‍റൗണ്ടറായിരുന്ന കപില്‍ ദേവ് ബ്രാന്‍ഡുകളുടെ കാര്യത്തിലും ആ ഓള്‍റൗണ്ട് പരിവേഷം നിലനിര്‍ത്തി. സച്ചിനെന്നത് ‘സ്ലോ ആന്റ് സ്‌റ്റെഡി’ ബ്രാന്‍ഡാണ്. സ്ഥിരതയുള്ള, പക്വത കാട്ടുന്ന ബ്രാന്‍ഡ്. മാന്യതയാണ് ആ സ്ഥിരതയുടെ മുഖമുദ്ര.

പ്രൊഡക്ടുകളുടെ ബ്രാന്‍ഡിംഗിലും താരങ്ങളുടെ ഈ സ്വഭാവവിശേഷങ്ങള്‍ സ്വാധീനിക്കാറുണ്ട്. പെട്ടെന്ന് എത്തി വിപണിയില്‍ ചടുലമായ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്ന ഒരു പ്രൊഡക്ടിന് പറ്റിയ അംബാസഡറാണ് കോഹ്‌ലി. ദീര്‍ഘകാലം ഉപയോഗിക്കാവുന്ന ഒരു പ്രൊഡക്ടിന് പറ്റിയത് സച്ചിനാണ്.

ഏത് പ്രൊഡക്റ്റാണെങ്കിലും കാലത്തിനൊത്ത് സഞ്ചരിക്കുന്ന അപ്‌ഡേറ്റഡ് ബ്രാന്‍ഡെന്ന ഇമേജ് വേണം. സച്ചിനെ ഉപയോഗിച്ച് പരസ്യം ചെയ്തിരുന്ന ചില ബ്രാന്‍ഡുകള്‍ കോഹ്ലിയിലേക്ക് മാറിയതിന് ഇതാണ് കാരണം. ജനങ്ങള്‍ക്ക് തിരക്ക് കൂടിയ കാലമാണ്. പരസ്യങ്ങള്‍ ശ്രദ്ധിക്കാനുള്ള സമയവും കുറഞ്ഞു. കോഹ്‌ലിയെ പോലെ അഗ്രസീവ് ബ്രാന്‍ഡുകള്‍ ഈ സാഹചര്യത്തിന്റെ സൃഷ്ടിയാണ്.

ചന്ദ്രന്‍ നായര്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്

 

Comments

comments