പണത്തെ മറികടക്കുന്ന ഡിജിറ്റല്‍ ബദലുകള്‍

പണത്തെ മറികടക്കുന്ന ഡിജിറ്റല്‍ ബദലുകള്‍

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും മൊബീല്‍ ആപ്പുകളും മുതല്‍ ക്രിപ്‌റ്റോകറന്‍സികള്‍ വരെ പണത്തിനു പകരം ഉപയോഗിക്കുന്ന കാലം

ഇന്ത്യയെ ഡിജിറ്റല്‍ സാമ്പത്തികവിനിമയത്തിലേക്ക് വഴി തിരിക്കാന്‍ ശ്രമിച്ച നോട്ട് അസാധുവാക്കല്‍ കൊണ്ട്, അനേകായിരങ്ങളെ ഓണ്‍ലൈന്‍ ബാങ്കിംഗും ഡിജിറ്റല്‍ പണം കൈമാറ്റവും എന്തെന്നു മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് നല്ലരീതിയില്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ മികച്ച പശ്ചാത്തലസൗകര്യങ്ങളുടെ അഭാവവും ആളുകളുടെ അജ്ഞതയുമടക്കം ഇവിടെ പല തടസങ്ങളും ഉണ്ടായി. എന്നാല്‍ ബ്രിട്ടണ്‍ പോലുള്ള പാശ്ചാത്യരാജ്യങ്ങള്‍ ഈ രംഗത്ത് ഏറെ കാതം മുന്നേറിക്കഴിഞ്ഞു. ഈ വര്‍ഷത്തോടെ ബ്രിട്ടണ്‍ സാമ്പത്തികവിനിമയ കാര്യത്തില്‍ നിര്‍ണായക വഴിത്തിരിവിലെത്തുമെന്നാണ് കരുതുന്നത്. ഡെബിറ്റ് കാര്‍ഡുകള്‍ അവിടെ പണത്തെ മറികടന്നു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ജനത പെയ്‌മെന്റിന് പൗണ്ടിനേക്കാളും പെന്നിയെക്കാളും കൂടുതലായി കാര്‍ഡുകളും ആപ്പുകളും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് സൂചനകള്‍.

രാജ്യത്തെ എടിഎം മെഷീനുകളുകള്‍ വെട്ടിക്കുറയ്ക്കുന്നതടക്കമുള്ള നടപടികളിലൂടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനും കാര്‍ഡുകളും മൊബീല്‍ ആപ്പുകളും ഉപയോഗിക്കാന്‍ ബ്രിട്ടീഷുകാര്‍ കൂടുതല്‍ സന്നദ്ധരാകുന്നു. ഒരു പണരഹിത സമൂഹമായി മാറുമ്പോള്‍ രാജ്യത്തിലെ എടിഎം മെഷീനുകളുടെ എണ്ണവും കുറയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ ഈ നീക്കം, പണത്തെ മുഖ്യ വിനിമയോപാധിയായി കാണുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചിലര്‍ മുന്നറിയിപ്പു നല്‍കുന്നു. ബ്രിട്ടീഷ് ജനതയുടെ പണമടയ്ക്കല്‍ ശീലം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണങ്ങള്‍ പുറത്തു വന്നത്. ഈ വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ബ്രിട്ടണ്‍ ഈ വര്‍ഷത്തോടെ കറന്‍സികളിലും നാണയങ്ങളിലുമുള്ള അമിതാശ്രിതത്വം വിട്ട് ഡിജിറ്റല്‍ പെയ്‌മെന്റ് രീതികളിലേക്കു മാറുന്ന പീക്ക് ക്യാഷ് എന്ന സാഹചര്യത്തിലേക്കെത്തുമെന്നാണ്.

ഒരു ദശകം മുമ്പ്, 2006-ല്‍ ബ്രിട്ടണിലെ 62 ശതമാനം പേര്‍ പെയ്‌മെന്റിനു പണമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍ 2016 ആയപ്പോഴേക്കും ഇത് 40 ശതമാനമായി ചുരുങ്ങി. 2026-ലെത്തുമ്പോള്‍ ഇത് 21 ശതമാനമായി ചുരുങ്ങുമെന്നാണ് പ്രമുഖ ബാങ്കുകളുടെ രേഖകള്‍ സൂചിപ്പിക്കുന്നത്. എടിഎമ്മുകളുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്രിട്ടണിലെ എടിഎമ്മുകളില്‍ നിന്നു പണം പിന്‍വലിക്കുന്നതില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ടെന്നാണ്. 2016ല്‍ ആറു ബില്യണ്‍ പൗണ്ടാണ് ആളുകള്‍ എടിഎമ്മില്‍ നിന്നു പിന്‍വലിച്ചത്. മുന്‍വര്‍ഷം ഇത് 8.4 ബില്യണായിരുന്നു. 2017ലാകട്ടെ ഇത് 2.7 ബില്യണായി- 2010നുശേഷം എടിഎമ്മുകളില്‍ നിന്നു പിന്‍വലിച്ച ഏറ്റവും കുറഞ്ഞ തുകയാണിത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രേഖകള്‍ പറയുന്നത്, നാണയപ്പെരുപ്പത്തിന്റെ ഫലമായി ഓരോ വര്‍ഷവും സമ്പദ്‌വ്യവസ്ഥയില്‍ പണത്തിന്റെ അളവ് വര്‍ധിക്കുന്നതിനിടയിലും 1972നു ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കിലാണ് ബാങ്കുകള്‍ സേവനം നടത്തുന്നതെന്നാണ്. ബ്രിട്ടണ്‍ ഇപ്പോള്‍ പണം ഒഴിവാക്കാനൊരുങ്ങുകയാണ്. പകരം ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ധിപ്പിക്കാനാണു നീക്കം. ചെറിയ തുകവരുന്ന സാധനങ്ങള്‍ വാങ്ങാന്‍ പോലും ഇപ്പോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാനാകുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പണമായി ബില്ലടയ്ക്കുന്നത് ക്രമാനുഗതമായി അഞ്ചു ശതമാനം കണ്ടു കുറഞ്ഞു വരുന്നുണ്ടെന്ന് പബ് ശൃംഖലയായ വെതര്‍സ്പൂണിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. 2012- 13 വര്‍ഷം ബാറുകളില്‍ 78 ശതമാനം കച്ചവടവും പണമടച്ചായിരുന്നെങ്കില്‍ 2016-17 വര്‍ഷത്തില്‍ അത് 60 ശതമാനമായി മാറിയിരിക്കുന്നു. ചായക്കടകളില്‍ ചെറുകടികളും മറ്റും വാങ്ങുന്നവരില്‍ പത്തിലൊരാള്‍ മാത്രമാണ് പണം ഉപയോഗിക്കുന്നത്.
ഗതാഗതമേഖലയിലും പണത്തിന്റെ ഉപയോഗത്തില്‍ കുത്തനെയുള്ള കുറവു കാണാനാകും. കഴിഞ്ഞ വര്‍ഷം പണം കൊടുത്തു ട്രെയ്ന്‍ ടിക്കറ്റ് വാങ്ങിയവരേക്കാള്‍ നാലിരട്ടി യാത്രക്കാരാണ് കാര്‍ഡ് ഉപയോഗിച്ചത്. ബ്രിട്ടണ്‍ പണരഹിത സമൂഹമെന്ന ആശയത്തെ ആലിംഗനം ചെയ്തു കഴിഞ്ഞെന്നാണ് കാര്‍ഡ് മെഷീന്‍ കമ്പനി ഹാന്‍ഡിപേയുടെ ഡയറക്റ്റര്‍ മാര്‍ക്ക് ലാഥത്തിന്റെ വിലയിരുത്തല്‍. ഏറെ സൗകര്യപ്രദമായ സംവിധാനമാണിത്. 2007-ല്‍ ഈ സംവിധാനം പ്രാബല്യത്തില്‍ വന്നപ്പോള്‍ ഏറെ അനിശ്ചിതത്വം നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷം കൊണ്ട് ജനം ഇതേറ്റെടുത്തു കഴിഞ്ഞു. ബ്രിട്ടണിലെ എടിഎം മെഷീനുകളുടെ എണ്ണത്തില്‍ വലിയ ഇടിവു സംഭവിക്കാനിരിക്കുകയാണെന്ന് കാഷ് മെഷീന്‍ ശൃംഖലയായ ലിങ്കിന്റെ തലവന്‍ ഗ്രഹാം മോട്ട് കരുതുന്നു.

പണരഹിതസമൂഹത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം എല്ലാ വിഭാഗം ആളുകള്‍ക്കും ഒരേപോലെ ഗുണകരമാകില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഏജ് യുകെ എന്ന സ്ഥാപനത്തിലെ പോളിസി മാനേജര്‍ ലൂസി മെലന്‍സുക്കിന്റെ അഭിപ്രായത്തില്‍, സമൂഹത്തില്‍ നിന്ന് പണത്തിന്റെ അഭാവം പാര്‍ശ്വവല്‍കൃത ജനതയെ ദോഷകരമായി ബാധിക്കും. മുതിര്‍ന്ന പൗരന്മാര്‍, ചെറിയ വരുമാനക്കാര്‍ തുടങ്ങി, സാങ്കേതിക പരിജ്ഞാനമില്ലാത്തവരിലും വരുമാനത്തിന്റെയും ചെലവിന്റെയും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ നടക്കുന്നവരിലും തികച്ചും പൊരുത്തപ്പെടാത്ത ബാധ്യത വളര്‍ത്താനാകും ഇതു വഴിവെക്കുകയെന്ന് മെലന്‍സുക്ക് ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Slider, Tech