ആദ്യ 9 മാസത്തില്‍ എഫ്ഡിഐയില്‍ 0.27 ശതമാനം മാത്രം വളര്‍ച്ച

ആദ്യ 9 മാസത്തില്‍ എഫ്ഡിഐയില്‍ 0.27 ശതമാനം മാത്രം വളര്‍ച്ച

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 0.27 ശതമാനമെന്ന മിതമായ വളര്‍ച്ചയിലൂടെ 35.94 ബില്യണ്‍ ഡോളറായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള എഫ്ഡിഐ ഒഴുക്ക് 35.84 ബില്യണ്‍ ഡോളറായിരുന്നു. രൂപയുടെ അടിസ്ഥാനത്തില്‍ 4 ശതമാനം ഇടിഞ്ഞ് 231,457 കോടി രൂപയായ എഫ്ഡിഐ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ (ഡിഐപിപി) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

സേവനങ്ങള്‍ (4.62 ബില്യണ്‍ യുഎസ് ഡോളര്‍), ടെലികമ്യൂണിക്കേഷന്‍സ് (6.13 ബില്യണ്‍ യുഎസ് ഡോളര്‍), കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഹാര്‍ഡ്‌വെയര്‍ (5.15 ബില്യണ്‍ യുഎസ് ഡോളര്‍), നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ (2.5 ബില്യണ്‍ യുഎസ് ഡോളര്‍) എന്നീ മേഖലകളാണ് ഇക്കാലയളവില്‍ എഫ്ഡിഐയില്‍ മുന്നിട്ട് നില്‍ക്കുന്നത്. സിംഗപ്പൂര്‍, മൗറീഷ്യസ്, നെതര്‍ലന്‍ഡ്‌സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് എഫ്ഡിഐ കൂടുതലായും രാജ്യത്തേക്കെത്തിയത്.

13.34 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപവുമായി മൗറീഷ്യസാണ് രാജ്യത്തെ എഫ്ഡിഐ നിക്ഷേപങ്ങളില്‍ മുന്നിലുള്ളത്. സിംഗപ്പൂര്‍ 9.21 ബില്യണ്‍ യുഎസ് ഡോളറും നെതര്‍ലന്‍ഡ്‌സ് 2.38 ബില്യണ്‍ യുഎസ് ഡോളറും നിക്ഷേപിച്ചു. വളര്‍ച്ച പ്രോല്‍സാഹിപ്പിക്കുന്നതിന് തുറമുഖങ്ങള്‍, ഹൈവേകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ മേഖലകളുടെ വളര്‍ച്ചയ്ക്കായി ഏകദേശം 1 ട്രില്യണ്‍ യുഎസ് ഡോളറോളം ആവശ്യമുണ്ടെന്ന് കണക്കാക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിദേശ നിക്ഷേപങ്ങള്‍ നിര്‍ണായകമാണ്. വിദേശ നിക്ഷേപങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുന്നത് രാജ്യത്തിന്റെ ചെലവിടല്‍ സന്തുലിതമാക്കുകയും രൂപയുടെ മൂല്യം ശക്തിപ്പെടുത്തുകയും ചെയ്യും.

Comments

comments

Categories: Business & Economy
Tags: FDI, fdi growth