ഡീസല്‍ കാറുകള്‍ പോര്‍ഷെ നിര്‍ത്തുന്നു

ഡീസല്‍ കാറുകള്‍ പോര്‍ഷെ നിര്‍ത്തുന്നു

മകാന്‍ എസ് ഡീസല്‍, പനമേര 4എസ് ഡീസല്‍ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കും

സ്റ്റുട്ട്ഗാര്‍ട്ട് : എല്ലാ ഡീസല്‍ വാഹനങ്ങളുടെയും ഉല്‍പ്പാദനം നിര്‍ത്തുന്നതായി പോര്‍ഷെ പ്രഖ്യാപിച്ചു. പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നതും മാറുന്ന ഉപഭോക്തൃ താല്‍പ്പര്യങ്ങളും കണക്കിലെടുത്താണ് ജര്‍മ്മന്‍ ബ്രാന്‍ഡിന്റെ നിര്‍ണ്ണായക തീരുമാനം. മകാന്‍ എസ് ഡീസല്‍, പനമേര 4എസ് ഡീസല്‍ എന്നീ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ കമ്പനി ഇതിനകം തീരുമാനിച്ചു.

ഒമ്പത് വര്‍ഷം മുമ്പ് മാത്രമാണ് പോര്‍ഷെ തങ്ങളുടെ ആദ്യ ഡീസല്‍ വാഹനം വിപണിയിലെത്തിച്ചത്. കയെന്‍ എസ്‌യുവിയുടെ പുതിയ വേര്‍ഷന്‍ ഡീസല്‍ വേരിയന്റായി അവതരിപ്പിക്കില്ലെന്ന് പോര്‍ഷെ നേരത്തേ വ്യക്തമാക്കിയിരുന്നു. ഡീസല്‍ എന്‍ജിനുകള്‍ ഉപേക്ഷിക്കുന്നതിന്റെ തുടക്കം അന്നേ ആരംഭിച്ചു എന്നുവേണം മനസ്സിലാക്കാന്‍. ഡീസല്‍ എന്‍ജിനില്‍ പുറത്തിറങ്ങിയ ആദ്യ പോര്‍ഷെ കാര്‍ കയെന്‍ ആണ്. 2009 ല്‍.

ഉല്‍പ്പാദന പരിപാടിയില്‍നിന്ന് മകാന്‍ എസ് ഡീസല്‍ ഒഴിവാക്കിയതായി പോര്‍ഷെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പെട്രോള്‍, ഹൈബ്രിഡ് എന്നിവയിലേക്ക് ഉപയോക്താക്കളുടെ താല്‍പ്പര്യം മാറിയതാണ് കാരണം. പുതിയ വേള്‍ഡ്‌വൈഡ് ഹാര്‍മണൈസ്ഡ് ലൈറ്റ് വെഹിക്കിള്‍സ് ടെസ്റ്റ് പ്രൊസീജര്‍ (ഡബ്ല്യുഎല്‍ടിപി) മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മകാന്‍ ഡീസലിന്റെ പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിക്കില്ല എന്നുതന്നെയാണ് കരുതുന്നത്. മകാന്‍ എസ് ഡീസല്‍ ഈയിടെയായി മോശം വില്‍പ്പന കാഴ്ച്ചവെയ്ക്കുന്നതും പോര്‍ഷെ കണക്കിലെടുത്തു.

പോര്‍ഷെ തങ്ങളുടെ എല്ലാ ഡീസല്‍ കാറുകളുടെയും ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡീസല്‍ മോഡലുകള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ലെന്ന് പോര്‍ഷെ ചീഫ് ഒളിവര്‍ ബ്ലൂം കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. പോര്‍ഷെയുടെ ആഗോള വില്‍പ്പനയില്‍ 15 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകള്‍.

പുതിയ ബഹിര്‍ഗമന മാനദണ്ഡങ്ങളും മാറുന്ന ഉപഭോക്തൃ താല്‍പ്പര്യങ്ങളും കണക്കിലെടുത്തു

പെട്രോള്‍ എന്‍ജിനുകള്‍ പോലെ, പോര്‍ഷെ ഒരിക്കലും ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിക്കുന്നില്ല. പകരം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിലെ വിവിധ ബ്രാന്‍ഡുകളില്‍നിന്ന് വാങ്ങുകയാണ് പതിവ്. ഡീസല്‍ എന്‍ജിനുകളുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്തുന്നത് പോര്‍ഷെ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലാണ് ഇപ്പോള്‍ താല്‍പ്പര്യം. പുതിയ ഡീസല്‍ എന്‍ജിനുകള്‍ വികസിപ്പിക്കില്ലെന്ന് 2017 മെയ് മാസത്തില്‍ വോള്‍വോ പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Auto