നെക്‌സ ഇന്ത്യയിലെ മൂന്നാമത്തെ വിജയകരമായ ഓട്ടോ ബ്രാന്‍ഡ്

നെക്‌സ ഇന്ത്യയിലെ മൂന്നാമത്തെ വിജയകരമായ ഓട്ടോ ബ്രാന്‍ഡ്

മഹീന്ദ്ര, ടാറ്റ, ഹോണ്ട തുടങ്ങിയ വമ്പന്‍മാരെയാണ് നെക്‌സ പിന്നിലാക്കിയിരിക്കുന്നത്

ന്യൂഡെല്‍ഹി : 2015 ലാണ് പ്രീമിയം കാറുകള്‍ക്കായി നെക്‌സ എന്ന പേരില്‍ പുതിയ ഡീലര്‍ഷിപ്പ് ശൃംഖല ആരംഭിക്കാന്‍ മാരുതി സുസുകി തീരുമാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളുടെ ഈ നീക്കത്തെ പലരും സംശയത്തോടെയാണ് വീക്ഷിച്ചത്. എന്നാല്‍ വിജയകരമായ ബ്രാന്‍ഡായി നെക്‌സ വളരുന്നതിനാണ് വൈകാതെ കാണേണ്ടിവന്നത്.

നെക്‌സ ശൃംഖല തുടങ്ങിയ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയില്‍ 6.9 ശതമാനമായിരുന്നു നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയെങ്കില്‍ 2017-18 ല്‍ ഇതുവരെ ഏകദേശം 20 ശതമാനമാണ് വില്‍പ്പന. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ട് മാസം പോലുമില്ല.

എണ്ണം കണക്കിലെടുക്കുകയാണെങ്കില്‍ 2015-16 ല്‍ 68,774 കാറുകളാണ് നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖല വഴി മാരുതി സുസുകി വിറ്റത്. മാരുതിയുടെ ആകെ വില്‍പ്പനയുടെ 6.9 ശതമാനം. 2016-17 ല്‍ നെക്‌സയുടെ സംഭാവന 10.9 ശതമാനമായി വളര്‍ന്നു. വിറ്റത് 1,57,775 കാറുകള്‍. ഈ വര്‍ഷം (2017-18) ഇതുവരെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റത് 2,70,651 കാറുകളാണ്. മാരുതിയുടെ ആകെ വില്‍പ്പനയുടെ 19.8 ശതമാനം.

എതിരാളി ബ്രാന്‍ഡുകളുമായുള്ള മത്സരത്തിലും നെക്‌സ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. മാതൃ കമ്പനിയായ മാരുതി സുസുകി, ഹ്യുണ്ടായ് മോട്ടോഴ്‌സ് എന്നിവ കഴിഞ്ഞാല്‍ മൂന്നാമത്തെ വിജയകരമായ ബ്രാന്‍ഡാണ് ഇപ്പോള്‍ നെക്‌സ. മഹീന്ദ്ര, ടാറ്റ, ഹോണ്ട തുടങ്ങിയ വമ്പന്‍മാരെയാണ് നെക്‌സ പിന്നിലാക്കിയിരിക്കുന്നത്.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി വരെ 2,70,651 കാറുകളാണ് നെക്‌സ വഴി വിറ്റത്. ഇതേ കാലയളവില്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പന 13,59,649 കാറുകളാണ്. ഇതേ കാലയളവില്‍ ഹ്യുണ്ടായ് വിറ്റത് 4,43,727 കാറുകള്‍. ഈ പോക്കുപോയാല്‍ അധികം വൈകാതെ ഹ്യുണ്ടായ് മോട്ടോഴ്‌സിനെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ വിജയകരമായ ബ്രാന്‍ഡായി നെക്‌സ മാറിയേക്കും.

മാരുതി സുസുകിയും നെക്‌സയും ഒന്നാണെന്ന് കരുതുന്ന പാരമ്പര്യവാദികളെയും കാണാം. ഈ രണ്ട് ബ്രാന്‍ഡുകളും ചേര്‍ത്തുള്ള ആകെ വില്‍പ്പന 13,59,649 കാറുകളാണ്. മാരുതി സുസുകി, നെക്‌സ ബ്രാന്‍ഡുകളുടെ ആകെ വില്‍പ്പനയുടെ മൂന്നിലൊന്ന് മാത്രമാണ് തൊട്ടടുത്ത ബ്രാന്‍ഡിന് സാധിക്കുന്നത്.

ഇഗ്നിസ്, ബലേനോ, എസ് ക്രോസ് എന്നീ കാറുകളാണ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്നത്

ഉപയോക്താക്കളുടെ മാറി വരുന്ന ആവശ്യങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയെന്ന് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ആര്‍എസ് കല്‍സി പറഞ്ഞു. ഇഗ്നിസ്, ബലേനോ, എസ് ക്രോസ് എന്നീ കാറുകളാണ് നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാരുതി സുസുകി വില്‍ക്കുന്നത്.

Comments

comments

Categories: Auto