എംടുഎം സിം നമ്പറുകള്‍ ജൂലൈ മുതല്‍ 13 അക്കമാവും

എംടുഎം സിം നമ്പറുകള്‍ ജൂലൈ മുതല്‍ 13 അക്കമാവും

ന്യൂഡെല്‍ഹി: ഈ വര്‍ഷം ജൂലൈ മുതല്‍ നല്‍കുന്ന പുതിയ എം ടു എം മൊബീല്‍ നമ്പറുകള്‍ 13 അക്കങ്ങളുള്ളതാകും. ഉപഭോക്താക്കള്‍ക്ക് മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിലുള്ള എം ടു എം സിം ഉപയോക്താക്കളുടെ നമ്പറുകള്‍ 13 അക്കത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ 2018 ഒക്‌റ്റോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ഈ വര്‍ഷം ഡിസംബര്‍ 31ന് മുമ്പായി ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് 2018 ജനുവരി എട്ടിന് ഇതുസംബന്ധമായ നിര്‍ദേശം ടെലികോം വകുപ്പ് നല്‍കിയിട്ടുണ്ട്. പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മാറ്റത്തിനായുള്ള നീക്കങ്ങള്‍ തങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായും ബിഎസ്എന്‍എല്‍ പറയുന്നു.
ഈ തീരുമാനം നടപ്പിലായാല്‍ ലോകത്ത് ഏറ്റവും നീളമുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും. നിലവില്‍ 11 അക്കങ്ങള്‍ മൊബീല്‍ നമ്പറിലുള്ള ചൈനയാണ് ഇക്കാര്യത്തില്‍ മുന്നില്‍

സിം അധിഷ്ഠിത മെഷിന്‍ ടു മെഷിന്‍ (എംടുഎം) ഡിവൈസുകളില്‍ 13 അക്ക നമ്പര്‍ രീതി നടപ്പിലാക്കാന്‍ അനുമതി നല്‍കിയതായി ടെലികോം റെഗുലേറ്ററായ ട്രായിക്ക് അയച്ച കത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മനുഷ്യന്റെ ഇടപെടല്‍ ആവശ്യമില്ലാതെ വിവിധ ഡിവൈസുകള്‍ തമ്മില്‍ സെന്‍സറുകളിലൂടെ നടത്തുന്ന ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് എംടുഎം. ഏത് മൊബീല്‍ ഫോണുകളിലും ഈ സിം ഉപയോഗിക്കാം.

അതേസമയം 13 അക്ക മൊബീല്‍ നമ്പര്‍ ഓര്‍മയില്‍ സൂക്ഷിക്കുകകയെന്നത് പ്രയാസകരമായ കാര്യമായതിനാല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളടക്കമുള്ള നിരവധി മേഖലകളില്‍ പുതിയ തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. 3 അക്കം വര്‍ധിപ്പിക്കുന്നത് എംടുഎം സിം കാര്‍ഡുകളിയാലായതിനാല്‍ ഈ തീരുമാനം സാധാരണ ഉപയോക്താവിനെ ബാധിക്കില്ല.

Comments

comments

Categories: Tech