സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നഷ്ടമായത് 5 ലക്ഷം ഡോളര്‍: സിസ്‌കോ

സൈബര്‍ ആക്രമണങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നഷ്ടമായത് 5 ലക്ഷം ഡോളര്‍: സിസ്‌കോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നടന്നിട്ടുള്ള സൈബര്‍ ആക്രമണങ്ങള്‍ രാജ്യത്തെ കമ്പനികള്‍ക്ക് സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുന്നതായി പഠന റിപ്പോര്‍ട്ട്. സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരവര്‍ഷംകൊണ്ട് ഏകദേശം അഞ്ച് ലക്ഷം ഡോളറിന്റെ നഷ്ടമാണ് ഇന്ത്യന്‍ കമ്പനികള്‍ക്കുണ്ടായത്. ടെക്‌നോളജി സംരംഭമായ സിസ്‌കോ തയാറാക്കിയ 2018 വര്‍ഷത്തെ വാര്‍ഷിക സൈബര്‍ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 200ഓളം കമ്പനികള്‍ക്കിടയില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് സിസ്‌കോ റിപ്പോര്‍ട്ട് തയാറാക്കിയത്. ധനകാര്യം, മാനുഫാക്ച്ചറിംഗ്, ടെലികോം, റീട്ടെയ്ല്‍, ഹെല്‍ത്ത്‌കെയര്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംരംഭങ്ങക്കു പുറമേ പ്രതിരോധ മേഖലയില്‍ നിന്നുള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

സൈബര്‍ സുരക്ഷ കൂടുതല്‍ സങ്കീര്‍ണമായികൊണ്ടിക്കുന്നതായാണ് സിസ്‌കോ പഠനം വ്യക്തമാക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുന്നതായും സിസ്‌കോ പറയുന്നു. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് നിരവധി പ്രൊഡക്റ്റുകള്‍ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് 50ഓളം കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സര്‍വെയില്‍ പങ്കെടുത്ത 30 ശതമാനം സുരക്ഷാ പ്രൊഫഷണലുകളും പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം നടന്ന സൈബര്‍ ആക്രമണങ്ങളില്‍ 54 ശതമാനവും തങ്ങളുടെ പകുതിയിലധികം കംപ്യൂട്ടറുകളെ ബാധിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. നെറ്റ്‌വര്‍ക്കുകളിലെ വൈറസ് ബാധ കണ്ടെത്തുന്നതിന് ബിഹേവിയറല്‍ അനലിറ്റിക്‌സ് ടൂളുകളെയാണ് രാജ്യത്തെ സുരക്ഷാ പ്രൊഫഷണലുകള്‍ ആശ്രയിക്കുന്നത്. ഇവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് 67 ശതമാനം പേര്‍ പറഞ്ഞു.

സപ്ലൈ ചെയ്ന്‍ ആക്രമങ്ങളുടെ വ്യാപ്തിയും സങ്കീര്‍ണതയും വര്‍ധിക്കുന്നതായും സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ്‌വെയറുകളും ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ആക്രമണ സാധ്യതകളെ കുറിച്ച് ബോധാവാന്മാരായിരിക്കേണ്ടതുണ്ടെന്നും സിസ്‌കോ പറയുന്നുണ്ട്. ഇത്തരം ആക്രമണങ്ങള്‍ കംപ്യൂട്ടറുകളെ വലിയ തോതില്‍ ബാധിക്കും. 2017ല്‍ ഇത്തരത്തിലുള്ള രണ്ട് ആക്രമണങ്ങളാണ് ഇന്ത്യയിലുണ്ടായത്.

Comments

comments

Categories: Business & Economy, Tech