ഇന്ത്യ പുതു വിപണികളുടെ സാധ്യത തേടണം

ഇന്ത്യ പുതു വിപണികളുടെ സാധ്യത തേടണം

വ്യാപാര നയങ്ങളിലെ ഇപ്പോഴത്തെ പിന്തിരിപ്പന്‍ മാറ്റങ്ങളുടെ, പ്രത്യേകിച്ച് വികസിത ലോകത്തെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലേക്ക് വളരെ വൈകി കടന്നുവന്ന വികസ്വര രാജ്യങ്ങള്‍ക്ക് അത്തരത്തിലെ വന്‍ കയറ്റുമതി പ്രതീക്ഷിക്കാന്‍ കഴിയില്ല

കേന്ദ്ര ബജറ്റിനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങള്‍ സാമ്പത്തിക സര്‍വേയുടെ അര്‍ഹിക്കുന്ന ശ്രദ്ധ ഇല്ലാതാക്കി. സര്‍വെ രേഖ, പ്രത്യേകിച്ച് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായതു മുതല്‍ സാമ്പത്തിക ചിന്തയിന്മേലുള്ള മറ സ്ഥിരമായി നീക്കുകയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആവേശകരമായ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ചെയ്തു. ബജറ്റ് അവതരണത്തിന് മൂന്നു ദിവസം മുന്‍പ് പുറത്തിറക്കിയ ഏറ്റവും പുതിയ സാമ്പത്തിക സര്‍വെ ഒരു പുതു ശൈലി സാമ്പത്തിക ശാസ്ത്രത്തില്‍ കൊണ്ടുവന്നു. വികസ്വര ലോകത്തിന്റെ വളര്‍ച്ചാ പ്രക്രിയയെ ബാധിച്ചേക്കാമെന്ന് സര്‍വെ ഭയപ്പെടുന്ന ആ പ്രതിഭാസമാണ് – ‘ ലേറ്റ് കണ്‍വര്‍ജന്‍സ് സ്റ്റാള്‍’ (വികസിത രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയുമായുള്ള അന്തരം വികസ്വര രാജ്യങ്ങള്‍ കുറയ്ക്കുന്ന പ്രക്രിയയില്‍ വൈകിയെത്തിയ തടസം).

ഇതാണ് അടിസ്ഥാനപരമായ വാദം. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ സമ്പന്നരാജ്യങ്ങളുമായുള്ള വിടവ് നികത്തുന്ന പ്രക്രിയ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി അതിവേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കണോമിക് കണ്‍വര്‍ജന്‍സ് (സാമ്പത്തിക കേന്ദ്രീകരണം) എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അതിനെ വിശേഷിപ്പിക്കുന്നത്. പകരം വീട്ടല്‍ പോലുള്ള സാമ്പത്തിക കേന്ദ്രീകരണം എന്നും അതു വിശേഷിപ്പിക്കപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 1997ന് മുന്‍പുള്ള കാലഘട്ടത്തില്‍ രാജ്യങ്ങളെല്ലാം സാമ്പത്തികമായ അന്തരത്തിന്റെ പാതയിലായിരുന്നു. 1998 മുതല്‍ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടാകുന്ന 2008 വരെ സാമ്പത്തിക ഏകീകരണത്തിന്റെ സമയമായിരുന്നു, പ്രതിസന്ധിക്കുശേഷമുള്ള ത്വരിത ഏകീകരണത്തിന്റെ കാലഘട്ടം.

എന്നിരുന്നാലും മാറിവരുന്ന ആഗോള സാമ്പത്തിക സാഹചര്യത്തില്‍ വികസിത രാജ്യങ്ങളുമായുള്ള സാമ്പത്തിക അന്തരം കുറയ്ക്കുക എന്നത് വികസ്വര രാജ്യങ്ങളെ സംബന്ധിച്ച് കൂടുതല്‍ ബുദ്ധിമുട്ടായിമാറിയേക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അതിവേഗം സാമ്പത്തിക രംഗത്ത് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകള്‍ ലേറ്റ് കണ്‍വര്‍ജന്‍സ് സ്റ്റാള്‍’ അഭിമുഖീകരിക്കേണ്ടിവരും.

വികസിത ലോകം വളര്‍ച്ച പ്രാപിച്ച ഘട്ടങ്ങളില്‍ നിലവിലില്ലാതിരുന്ന നാല് വെല്ലുവിളികളുടെ വ്യാപനത്തിന്റെ ഫലമാണ് കണ്‍വര്‍ജന്‍സ് സ്റ്റാള്‍ എന്ന ഭീഷണി. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും, ചൈനയ്ക്കു പോലും ഗുണം ചെയ്ത ദ്രുതഗതിയിലുള്ള ആഗോളവല്‍ക്കരണത്തിന്റെ അന്ത്യമാണ് ഇതില്‍ ആദ്യത്തേതും ഏറ്റവും നിര്‍ണായകമായതും. ഈ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ നയിക്കുന്നത് ഉയര്‍ന്നതോതിലെ കയറ്റുമതി വളര്‍ച്ചാ നിരക്കാണ്.

വ്യാപാര നയങ്ങളിലെ ഇപ്പോഴത്തെ പിന്തിരിപ്പന്‍ മാറ്റങ്ങളുടെ, പ്രത്യേകിച്ച് വികസിത ലോകത്തെ പശ്ചാത്തലത്തില്‍ ആഗോള തലത്തിലേക്ക് വളരെ വൈകി കടന്നുവന്ന വികസ്വര രാജ്യങ്ങള്‍ക്ക് അത്തരത്തിലെ വന്‍ കയറ്റുമതി പ്രതീക്ഷിക്കാന്‍ കഴിയില്ല.

ആഗോളവല്‍ക്കരണം എന്നതു മാത്രമല്ല ഹൈപ്പര്‍ ഗ്ലോബലൈസേഷന്‍ അല്ലെങ്കില്‍ അതിവേഗ ആഗോളവല്‍ക്കരണം അവസാനിച്ചുവെന്ന് പറയുന്നതില്‍ സുബ്രഹ്മണ്യന്‍ എല്ലായ്‌പ്പോഴും സൂക്ഷ്മത കാട്ടി. ആഗോള ജിഡിപി വളര്‍ച്ചയേക്കാള്‍ വേഗത്തില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വ്യാപാരം ഉയരുന്ന കാലയളവ് എന്ന് ആഗോളവല്‍ക്കരണത്തെ വ്യാഖ്യാനിച്ചാല്‍, 1950 മുതല്‍ 2008ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള ഏതാനും വര്‍ഷങ്ങള്‍ വരെ വ്യാപാരം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നു കാണാം. ഇക്കാലയളവില്‍ വ്യാപാര വളര്‍ച്ച അഞ്ച് ശതമാനത്തിനടുത്തും ആഗോള ജിഡിപി വളര്‍ച്ച നാല് ശതമാനത്തിനടുത്തുമായിരുന്നു.

2010നു ശേഷം ഡീഗ്ലോബലൈസേഷന്റെ (ആഗോളവല്‍ക്കരണത്തില്‍ നിന്നുള്ള തിരിച്ചിറക്കം) സൂചനകള്‍ നല്‍കിക്കൊണ്ട് ലോക വ്യാപാര നിരക്ക് ജിഡിപി വളര്‍ച്ചയ്ക്കും താഴേക്കുപോയി. ഇക്കാലയളവില്‍ ജിഡിപി വളര്‍ച്ച 3.5 ശതമാനവും ആഗോള വ്യാപാര വളര്‍ച്ച രണ്ടു ശതമാനവുമായിരുന്നു. അതുകൊണ്ടുതന്നെ ആഗോളവല്‍ക്കരണം അവസാനിച്ചുവെന്ന് ഉറപ്പിച്ചു പറയുന്നതില്‍ സര്‍വെയും യാഥാസ്ഥിതിക സമീപനം കൈക്കൊണ്ടെങ്കിലും ലോകം വാസ്തവത്തില്‍ ഡീഗ്ലോബലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോക സമ്പദ് വ്യവസ്ഥ അതിവേഗം വളരുമ്പോള്‍ വ്യാപാരം താഴ്ന്ന നിലയില്‍ നിന്നേക്കില്ലെന്ന് കണക്കുകൂട്ടിയേക്കാം. പക്ഷേ, സത്യമിതാണ് വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ലഭിച്ച നേട്ടങ്ങള്‍ വീണ്ടും കൊയ്യാന്‍ സാധിക്കില്ല. ആധുനിക സാമ്പത്തിക ചരിത്രത്തിലെമ്പാടും ലോക സമ്പദ് വ്യവസ്ഥകള്‍ അനുഭവിച്ചറിഞ്ഞ ചരിത്രപരമായ സാമ്പത്തിക അന്തരം ഇതുവഴി സംഭവിക്കും. ഹാര്‍വാര്‍ഡ് സ്‌കോളര്‍ ലാന്റ് പ്രിറ്റ്‌ചെറ്റ് തന്റെ ‘ഡിവേര്‍ജന്‍സ്, ബിഗ് ടൈം’ എന്ന പ്രബന്ധത്തില്‍ ഈ പ്രവണത വിശദമാക്കുന്നുണ്ട്. 1870 നും 1990നുമിടയിലുള്ള കാലയളവില്‍ സമ്പന്ന രാഷ്ട്രങ്ങളുടെയും ദരിദ്ര രാഷ്ട്രങ്ങളുടെയും പ്രതിശീര്‍ഷ വരുമാനത്തില്‍ പ്രകടമായ വ്യത്യാസം കാണാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം തന്റെ പ്രബന്ധത്തില്‍ പറയുന്നു. സാമ്പത്തിക അന്തരം എന്നത് ഒരു സമീപകാല പ്രതിഭാസമാണ്. അത് തിരിച്ചുവന്നെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ല.

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട്, മുന്‍പ് തുറന്നുകിടന്നിരുന്ന സാമ്പത്തിക വികസനത്തിന്റെ വിശാലവീഥികളും അടഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ ദരിദ്ര സമ്പദ് വ്യവസ്ഥകള്‍ക്ക് വിജയം ആര്‍ജ്ജിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായിരുന്നു വ്യാവസായിക വികസനം. തങ്ങളുടെ വളര്‍ച്ചാ പാതയില്‍ വളരെ നേരത്തെ തന്നെ വ്യാവസായിക തൊഴിലുകളുടെ കൊടുമുടിയില്‍ ഇന്നത്തെ സമ്പദ് വ്യവസ്ഥകള്‍ എത്തിച്ചേര്‍ന്നുവെന്നാണ് ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത സൂചിപ്പിക്കുന്നത്. ഹാര്‍വാര്‍ഡിലെ തുര്‍ക്കിഷ് സാമ്പത്തിക വിദഗ്ധനായ ഡാനി റോഡ്രിക് ഇതിനെ പക്വതയാര്‍ജിക്കുന്നതിന് മുന്‍പുള്ള വ്യവസായവല്‍ക്കരണത്തിലെ ഇടിവെന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂരിഭാഗം വികസ്വര രാജ്യങ്ങളെയും അതെങ്ങനെ ബാധിച്ചെന്നും അദ്ദേഹം കാട്ടിത്തരുന്നു. അതിനാല്‍ത്തന്നെ കുറഞ്ഞ ഉല്‍പ്പാദനക്ഷമതയുള്ള അനൗദ്യോഗിക മേഖലകളില്‍ നിന്ന് ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള തൊഴിലുകളിലേക്കു മാറിയ വിഭവങ്ങള്‍ നിലവില്‍ സ്വാഭാവികമായി ഒരുപരിധിവരെ മികച്ച ഉല്‍പ്പാദനക്ഷമതയുള്ള മേഖലകളിലേക്ക് ചുവടുമാറുന്നു. ചുരുക്കത്തില്‍ വിവിധ മേഖലകളിലെ തൊഴിലുകളുടെ മാറ്റത്തിലൂടെയുണ്ടായ സാമ്പത്തിക നേട്ടങ്ങള്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ന് ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വേണ്ടത്ര ലഭിച്ചിട്ടില്ല.

കണ്‍വര്‍ജന്‍സ് അല്ലെങ്കില്‍ ഡിവര്‍ജന്‍സ് മന്ദഗതിയിലാകുന്നതിന്റെ കാരണം വളരെ ശക്തമാണ്. കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക പ്രവണതകളുടെ ഇത്തരത്തിലുള്ള ഏത് തിരിച്ചുവരവിനെയും അഭിമുഖീകരിക്കാന്‍ വികസ്വര രാജ്യങ്ങള്‍ തയാറെടുക്കേണ്ടതുണ്ട്. ഓട്ടോമേഷന്റെയും സമാനമായ മറ്റു നൂതന സാങ്കേതികവിദ്യകളുടെയും കടന്നുവരവ് പ്രശ്‌നം കൂടുതല്‍ ദൃഢമാക്കും. കാരണം ഉല്‍പ്പാദനപ്രക്രിയയില്‍ ഈ സാങ്കേതികവിദ്യകള്‍ വിന്യസിക്കുന്നതിന് സമ്പന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ കഴിവുണ്ടായിരിക്കും. ഈ ഭീഷണിയെ കുറിച്ച് ഇന്ത്യയിലെ സര്‍ക്കാരിന് മുന്‍കൂട്ടി ധാരണയുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍ ഈ തിരിച്ചറിവിനെ ഉചിതമായ നയനടപടികളിലൂടെ പിന്തുടരുമോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇപ്പോഴത്തെ നിലവാരത്തില്‍ വളര്‍ച്ച കാക്കാന്‍ മാനവ മൂലധനത്തില്‍ അതിവേഗത്തിലെ മെച്ചപ്പെടലുകള്‍ ശുപാര്‍ശ ചെയ്ത ഇക്കണോമിക് സര്‍വേയുടെ നിലപാട് ശരിയാണ്. എന്നാല്‍, ആഗോളവല്‍ക്കരണം ചുരുങ്ങുന്നതിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് വളരെ കുറച്ച് മാത്രമേ ചെയ്യാന്‍ സാധിക്കൂ എന്ന് സൂചിപ്പിച്ചുകൊണ്ട് പരാജയപ്പെട്ട സമീപനമാണ് സര്‍വേ സ്വീകരിച്ചിരിക്കുന്നത്. നേരെ മറിച്ച്, ആഗോള സാമ്പത്തിക സംവിധാനത്തിന്റെ സംയോജനത്തില്‍ കൂടുതല്‍ പങ്കുവഹിക്കാന്‍ രാജ്യത്തിന് സാധിക്കും. അമേരിക്കയെ കേന്ദ്രീകരിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ടെങ്കില്‍, യൂറോപ്യന്‍ യൂണിയന്‍, കിഴക്കന്‍ ഏഷ്യ തുടങ്ങിയ വമ്പന്‍ വിപണികള്‍ അവശേഷിക്കുന്നുണ്ട്. അവിടങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ തുറന്ന വ്യാപാരത്തിന്റെ സാധ്യതകള്‍ തേടാം.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നസിന്റെ അധ്യക്ഷനാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: Business & Economy, Slider