ഏഷ്യയിലെ എഐ നിക്ഷേപത്തില്‍ ഇന്ത്യയും ചൈനയും മുന്നില്‍

ഏഷ്യയിലെ എഐ നിക്ഷേപത്തില്‍ ഇന്ത്യയും ചൈനയും മുന്നില്‍

2016-2017 കാലയളവില്‍ ഏഷ്യയില്‍ എഐ സാങ്കേതികവിദ്യയിലേക്കുള്ള നിക്ഷേപത്തിലും സ്വീകാര്യതയിലും വലിയ വര്‍ധന ഉണ്ടായി

ന്യൂഡെല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണെന്ന് റിപ്പോര്‍ട്ട്. ബിസിനസ് മോഡലുകള്‍ നവീകരിക്കുന്നതിന് ഏറ്റവും വേഗത്തില്‍ ആര്‍ട്ടിഫിഷ്യല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത് ഏഷ്യയിലെ സംരംഭങ്ങളാണെന്നും (പ്രത്യേകിച്ച് ഇന്ത്യയിലെയും ചൈനയിലെയും) റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഫോറസ്റ്ററിന്റേതാണ് റിപ്പോര്‍ട്ട്.

2016-2017 കാലയളവില്‍ ഏഷ്യയില്‍ എഐ സാങ്കേതികവിദ്യയിലേക്കുള്ള നിക്ഷേപത്തിലും സ്വീകാര്യതയിലും വലിയ വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് ഫോറസ്റ്ററിന്റെ നിരീക്ഷണം. 2016നും 2017നും ഇടയില്‍ ചൈനയുടെ എഐ നിക്ഷേപ വളര്‍ച്ച 31 ശതമാനത്തില്‍ നിന്നും 61 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ നിക്ഷേപ വളര്‍ച്ച 29 ശതമാനത്തില്‍ നിന്നും 69 ശതമാനമായി വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓപ്പണ്‍-എഐ പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംഘടനകളിലെ സജീവ സാന്നിധ്യമാണ് ഇന്ത്യയെന്നും റിസര്‍ച്ച് ചൂണ്ടിക്കാട്ടി. തന്ത്രപരവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ ലക്ഷ്യങ്ങള്‍ക്കാണ് ഏഷ്യന്‍ സംരംഭങ്ങള്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഫോറസ്റ്റര്‍ പറയുന്നു. പുതിയ പ്രൊഡക്റ്റുകള്‍ വികസിപ്പിക്കുന്നതിനാണ് ഈ സംരംഭങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എഐ രംഗത്തെ ചൈനയുടെ വളര്‍ച്ച യുഎസ് ടെക് കമ്പനികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനു പുറമെ യുഎസില്‍ ഗൂഗിളിനെ പോലെ ആലിബാബ, ടെന്‍സെന്റ്, ബൈഡൂസ് തുടങ്ങിയ ചൈനീസ് സംരംഭങ്ങളും സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വികസിപ്പിക്കുന്നതില്‍ ആക്റ്റീവാണെന്നും ഫോറസ്റ്റര്‍ ചൂണ്ടിക്കാട്ടി.

ജപ്പാന്‍, സിംഗപ്പൂര്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളും റോബോട്ടിക്‌സില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് തങ്ങളുടെ ടെക് ഇന്‍ഡസ്ട്രി വിപുലീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ എഐ സാങ്കേതികവിദ്യക്കായി പ്രഖ്യാപിച്ചത്. എഐ സ്റ്റാര്‍ട്ടപ്പുകളെയും അവ കേന്ദ്രീകരിച്ചുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ നിക്ഷേപങ്ങളെയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാജ്യത്തെ എഐ ശേഷി വര്‍ധിപ്പിക്കുന്നതിന് ദേശീയ എഐ പദ്ധതി തന്നെ സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ദേശീയ പദ്ധതി നിതി ആയോഗ് നയിക്കുമെന്ന് കേന്ദ്ര ബജറ്റില്‍ ഇന്ത്യന്‍ സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു.

 

Comments

comments

Categories: Business & Economy