ആദ്യ സര്‍ക്കാര്‍ ഇന്നൊവേഷന്‍ സെന്റര്‍ ഡെല്‍ഹിയില്‍

ആദ്യ സര്‍ക്കാര്‍ ഇന്നൊവേഷന്‍ സെന്റര്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഇന്നൊവേഷന്‍ സെന്റര്‍ തലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ ആരംഭിക്കുന്നു. യുവാക്കളില്‍ സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഡെല്‍ഹി സര്‍ക്കാര്‍ ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. ഡെല്‍ഹി എംപോറിയത്തിലെ ബാബ ഖാര്‍ഗ് സിംഗ് മാര്‍ഗില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അംഗീകാരം നല്‍കികഴിഞ്ഞു.

ഡെല്‍ഹി എംപോറിയം നിര്‍ദിഷ്ട സെന്ററിന് തികച്ചും അനുയോജ്യമായ സ്ഥലമാണെന്നും യുവജനങ്ങളെ എളുപ്പത്തില്‍ ഇവിടെക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും സിസോഡിയ അഭിപ്രായപ്പെട്ടു. ഡെല്‍ഹി ദേശീയ തലസ്ഥാനവും സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ, സാങ്കേതിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രവുമാണെന്നും പ്രധാന ഇന്നൊവേഷന്‍ സെന്ററും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവുമായി വികസിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വതന്ത്രമായതും ലാഭേച്ഛയില്ലാതെയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമായിട്ടാകും സെന്റര്‍ പ്രവര്‍ത്തിക്കുക. സംരംഭകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ഇന്നൊവേറ്റര്‍മാരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും നിലവാരമുയര്‍ത്താനും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഡെല്‍ഹിയുടെ സമ്പദ്ഘടനയുടെ പുരോഗതിക്ക് ആക്കം കൂട്ടാനും ഇതു സഹായകമാകും. സ്റ്റാര്‍ട്ടപ്പ് സമൂഹം, സര്‍ക്കാര്‍, കോര്‍പ്പറേറ്റുകള്‍, അക്കാഡമിക് റിസര്‍ച്ച് മേഖല എന്നീ രംഗങ്ങളെ ഒരുമിച്ചു ചേര്‍ക്കുന്ന പ്ലാറ്റ്‌ഫോമായി സെന്റര്‍ പ്രവര്‍ത്തിക്കും. ഏതു സമയത്തും കുറഞ്ഞത് 50 ഇന്നൊവേറ്റര്‍മാരെയും സ്റ്റാര്‍ട്ടപ്പുകളെയും ഉള്‍ക്കൊള്ളാന്‍ ഈ സെന്ററിനു കഴിയും. ഇവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ഇവിടെ ഒരുക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൈദരാബാദില്‍ നടന്ന ഇന്നൊവേഷന്‍ ഉച്ചകോടിയിലാണ് ഇന്‍ക്യുബേഷന്‍ സെന്റര്‍ എന്ന ആശയം ഉരുത്തിരിഞ്ഞത്.

Comments

comments

Categories: Business & Economy