ജിഡിപി വളര്‍ച്ച 6.5-7 % വരെയായിരിക്കുമെന്ന് എസ്ബിഐ

ജിഡിപി വളര്‍ച്ച 6.5-7 % വരെയായിരിക്കുമെന്ന് എസ്ബിഐ

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.5-7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും നടപ്പു പാദത്തില്‍ വളര്‍ച്ച മെച്ചപ്പെട്ടേക്കാമെന്നും എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. സാമ്പത്തിക വിപണിയിലെ സമീപകാല സംഭവങ്ങള്‍ വളര്‍ച്ചയെ തടസപ്പെടുത്തുന്ന ഘടകമായി മാറിയേക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അടുത്തിടെ നടന്ന 11,400 കോടി രൂപയുടെ തട്ടിപ്പ് സാമ്പത്തിക വിപണിയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് നിരീക്ഷണം.

മുന്‍നിര സൂചകങ്ങളെല്ലാം അനുകൂല പ്രവണത കാണിക്കുന്നതിനാല്‍ നടപ്പ് മൂന്നാം പാദത്തിലെ മൊത്തത്തിലുള്ള ജിഡിപി വളര്‍ച്ച 6.5-7 ശതമാനമായിരിക്കുമെന്നും നാലാം പാദത്തിലെ ജിഡിപി 7 ശതമാനത്തിനും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം വളര്‍ച്ചയാണ് നേടിയിരുന്നത്. ആദ്യ പാദത്തില്‍ 5.7 ശതമാനമായി ജിഡിപി താഴ്ന്നിരുന്നു.

എസ്ബിഐയുടെ പ്രതിവര്‍ഷ കോംപൊസിറ്റ് സൂചിക 2018 ഫെബ്രുവരിയില്‍ 33 മാസത്തെ ഏറ്റവും വലിയ ഉയര്‍ച്ച നേടി 55.0ല്‍ എത്തിയിരുന്നു. 2018 ജനുവരിയിലിത് 52.1 (മിത വളര്‍ച്ച) ആയിരുന്നു.
കമ്പനികളില്‍ നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ മൂന്നാം പാദത്തില്‍ മൊത്തം മൂല്യ വളര്‍ച്ച (ജിവിഎ) 8-10 ശതമാനം ആയിരിക്കും. നിലവിലെ ആഗോള വളര്‍ച്ചയും കമോഡിറ്റി വിപണിയിലെ ഉയര്‍ച്ചയും മെറ്റല്‍,ടെക്‌സ്‌റ്റൈല്‍സ്, പഞ്ചസാര മേഖലകളെ മുന്നോട്ടു നയിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: Business & Economy