ഫോഡ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജ് നായര്‍ സ്ഥാനമൊഴിയും

ഫോഡ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് രാജ് നായര്‍ സ്ഥാനമൊഴിയും

അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു

വാഷിംഗ്ടണ്‍ : ഫോഡ് മോട്ടോര്‍ കമ്പനിയുടെ നോര്‍ത്ത് അമേരിക്ക യൂണിറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്‍ഡ് പ്രസിഡന്റ് സ്ഥാനം ഇന്ത്യന്‍ അമേരിക്കനായ രാജ് നായര്‍ (54) ഒഴിയും. ജോലി സ്ഥലത്ത് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളെതുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഡിട്രോയിറ്റ് ആസ്ഥാനമായ കമ്പനി വ്യക്തമാക്കി. അദ്ദേഹം അടിയന്തര പ്രാബല്യത്തോടെ കമ്പനി വിടുമെന്ന് ഫോഡ് അറിയിച്ചു. രാജ് നായര്‍ അനുചിതമായി പെരുമാറിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

കമ്പനിയുടെ പെരുമാറ്റച്ചട്ടത്തിന് നിരക്കാത്ത സ്വഭാവദൂഷ്യം രാജ് നായരുടെ ഭാഗത്തുനിന്ന് ഉണ്ടായതായി ഫോഡ് പ്രസിഡന്റ് ആന്‍ഡ് സിഇഒ ജിം ഹാക്കറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തില്‍ രാജ് നായര്‍ ഖേദം പ്രകടിപ്പിക്കുന്ന പ്രസ്താവനയും പുറത്തുവിട്ടു. നേതൃപരമായ പെരുമാറ്റം പ്രകടിപ്പിക്കാന്‍ പലപ്പോഴും തനിക്ക് കഴിഞ്ഞില്ലെന്ന് രാജ് നായര്‍ സമ്മതിച്ചു.

2017 ജൂണ്‍ ഒന്ന് മുതലാണ് ഫോഡ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി രാജ് നായര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇതിനുമുമ്പ് ഫോഡിന്റെ ഗ്ലോബല്‍ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് മേധാവിയും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായിരുന്നു. ഫോഡിന്റെ ഏഷ്യ-പസിഫിക് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

ബോഡി ആന്‍ഡ് അസ്സംബ്ലി ഓപ്പറേഷന്‍സ് ലോഞ്ച് എന്‍ജിനീയറായി 1987 ലാണ് രാജ് നായര്‍ ഫോഡ് മോട്ടോര്‍ കമ്പനിയില്‍ ചേരുന്നത്. പതിമൂന്ന് അസ്സംബ്ലി പ്ലാന്റുകളിലായി പതിനൊന്നിലധികം മോഡലുകള്‍ പുറത്തിറക്കുന്നതിന് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. യൂറോപ്പില്‍ നിയോഗിച്ചതിനെതുടര്‍ന്ന് 1996 യൂറോപ്യന്‍ ഫിയസ്റ്റയുടെ വെഹിക്കിള്‍ ഓപ്പറേഷന്‍സ് ലോഞ്ച് മാനേജറായി. തുടര്‍ന്ന് ഫോക്കസ്, ട്രാന്‍സിറ്റ്, മോണ്ടിയോ തുടങ്ങി എല്ലാ ഫോഡ് മോഡലുകളുടെയും യൂറോപ്യന്‍ ലോഞ്ചിന്റെ ചുമതല വഹിച്ചു. മാനേജ്‌മെന്റ് അച്ചീവ്‌മെന്റിന് 2012 ല്‍ കെറ്ററിംഗ് അലുമ്‌നി അവാര്‍ഡ് ലഭിച്ചിരുന്നു.

നേതൃപരമായ പെരുമാറ്റം പ്രകടിപ്പിക്കാന്‍ പലപ്പോഴും കഴിഞ്ഞില്ലെന്ന് രാജ് നായര്‍ സമ്മതിച്ചു

രാജ് നായര്‍ ഒരു വര്‍ഷം മുമ്പ് റിറ്റെന്‍ഷന്‍ ബോണസ് സ്വീകരിച്ചതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പതിറ്റാണ്ട് കഴിയുന്നതുവരെ ഫോഡ് മോട്ടോര്‍ കമ്പനിയില്‍ തുടര്‍ന്നാല്‍ 5 മില്യണ്‍ യുഎസ് ഡോളറിന്റെ റിറ്റന്‍ഷന്‍ ബോണസ് ലഭിക്കുമായിരുന്നു. ജിം ഹാക്കറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ചുമതലയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് പ്രത്യേക ഇന്‍സെന്റീവ് ലഭിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് രാജ് നായര്‍. യുഎസ് വിപണിയില്‍ ലാഭം കുറയുന്നുവെന്ന ഫോഡ് നിക്ഷേപകരുടെ ആശങ്ക നിലനില്‍ക്കുമ്പോഴാണ് രാജ് നായര്‍ പുറത്തുപോകുന്നതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: Auto