ലാ ഫോണ്ടേഷന്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനൊരുങ്ങി ഡസള്‍ട്ട് സിസ്റ്റംസ്

ലാ ഫോണ്ടേഷന്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കാനൊരുങ്ങി ഡസള്‍ട്ട് സിസ്റ്റംസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ വിദ്യാഭ്യാസ,ഗവേഷണ മേഖലകളിലെ പരിവര്‍ത്തനത്തിന് സഹായിക്കുന്നതിന് ആഗോള 3ഡി ഡിസൈന്‍ ഡെവലപ്പര്‍മാരായ ഡസള്‍ട്ട് സിസ്റ്റംസ് തയാറെടുക്കുന്നു. ഇതിനായി കമ്പനിയുടെ ആഗോള പദ്ധതിയായ ലാ ഫോണ്ടേഷന്‍ ഡസള്‍ട്ട് സിസ്റ്റംസ് ഇന്ത്യയില്‍ വ്യാപിപ്പിക്കാനാണ് നീക്കം. നിലവില്‍ യൂറോപ്പിലും യുഎസിലുമാണ് ലാ ഫോണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. 3ഡി സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്.

രാജ്യത്തെ സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍,എന്‍ജിനിയറിംഗ്, സയന്‍സ് കോളെജുകള്‍,ഗവേഷകര്‍, മ്യൂസിയങ്ങള്‍, മറ്റ് സംഘടനകള്‍ എന്നിവ ശുപാര്‍ശ ചെയ്യുന്ന യോഗ്യതയുള്ള, വാണിജ്യ ലാഭേച്ഛകളില്ലാത്ത പ്രൊജക്റ്റുകള്‍ക്ക് ഗ്രാന്റുകള്‍,ഡിജിറ്റല്‍ ഉള്ളടക്കം, നൈപുണ്യ സജ്ജീകരണം എന്നിവ കമ്പനി നല്‍കും.
‘എന്‍ജിനിയറിംഗ് പരിവര്‍ത്തനം ലക്ഷ്യമിട്ട് രാജ്യത്തെ നിരവധി അക്കാഡമിക് പ്രോഗ്രാമുകളില്‍ ഡസള്‍ട്ട് സിസ്റ്റംസ് പ്രവര്‍ത്തിക്കുന്നുണ്ട്. ലാ ഫോണ്ടേഷന്‍ ഡസള്‍ട്ട് സിസ്റ്റംസ് ഇന്ത്യയില്‍ രൂപീകരിച്ചതോടെ വിദ്യാഭ്യാസ രംഗത്തെ അടുത്ത തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’, ലാ ഫോണ്ടേഷന്‍ ഇന്ത്യ ചെയര്‍മാനും ഡസള്‍ട്ട് സിസ്റ്റംസ് ആര്‍&ഡി സെന്റര്‍ സിഇഒയുമായ സുദര്‍ശന്‍ മൊഗസാലെ പറഞ്ഞു.

നിലവില്‍ ഇന്ത്യയില്‍ രണ്ട് പദ്ധതികള്‍ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരതീയ വിദ്യാഭവന്റെ പൂനൈയിലെ മുക്തംഗന്‍ എക്‌സ്‌പ്ലോററി സയന്‍സ് സെന്ററില്‍ ഒരു ഇന്നൊവേഷന്‍ ഹബ്, പൂനെയിലെ പിംപ്രി ചിന്‍ച്വാദ് എന്‍ജിനിയറിംഗ് കോളെജ് മുന്നോട്ടുവെച്ച സൗരോര്‍ജ്ജ യാത്രാ വാഹനത്തിന്റെയും ചാര്‍ജിംഗ് സ്റ്റേഷന്റെയും രൂപകല്‍പ്പനയും വികസനവും എന്നിവയാണ് നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍. അടുത്ത പാദത്തോടെ ഇന്ത്യയിലെ ലാ ഫോണ്ടേഷന്റെ പ്രവര്‍ത്തനം പൂര്‍ണ തലത്തില്‍ ആരംഭിക്കും.

Comments

comments

Categories: Business & Economy