ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യാന്‍ സാധ്യത

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗം ചെയ്യാന്‍ സാധ്യത

ന്യൂയോര്‍ക്ക്: മെഷീന്‍ ലേണിംഗില്‍ മുന്നേറ്റമുണ്ടായതോടെ 2012-നു ശേഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ വന്‍ നിക്ഷേപമാണു നടത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗം അനുദിനം പുരോഗതി കൈവരിച്ചു വരികയാണ്. പ്രതിരോധ, കാര്‍ഷിക, വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം വര്‍ധിച്ചു. നഗരാസൂത്രണം, കല, ശാസ്ത്രം, തുടങ്ങിയ രംഗത്തും ഇതിന്റെ ഉപയോഗം വര്‍ധിച്ചിരിക്കുന്നു.

എന്നാല്‍ തീവ്രവാദികളും, കുറ്റവാളികളും, രാഷ്ട്രങ്ങളും ഇതു ദുരുപയോഗം ചെയ്യാന്‍ സാധ്യത കൂടുതലാണെന്നു ചൊവ്വാഴ്ച പുറത്തിറക്കിയ 99 പേജുകളുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേംബ്രിഡ്ജ്, ഓക്‌സ്‌ഫോഡ്, യേല്‍ സര്‍വകലാശാകളിലേത് ഉള്‍പ്പെടെയുള്ള അക്കാദമിക മേഖലയിലെയും, വ്യാവസായിക, സിവില്‍ സൊസെറ്റി രംഗത്തും പ്രവര്‍ത്തിക്കുന്ന 14 സ്ഥാപനങ്ങളിലെ 26 രചയിതാക്കള്‍ തയാറാക്കിയ The Malicious Use of Artificial Intelligence: Forecasting, Prevention, and Mitigation-ലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഡ്രോണുകളെ മിസൈലുകളായി മാറ്റുവാനും, ഓട്ടോമേറ്റഡ് ഹാക്കിംഗിനും, വ്യാജ വീഡിയോകളിലൂടെ കൃത്രിമമായി പൊതുജനാഭിപ്രായം രൂപീകരിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സാധിക്കുമെന്നാണു റിപ്പോര്‍ട്ട് പറയുന്നത്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ടെക്‌നോളജി രംഗത്തെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെ കുറിച്ചു ചിന്തിച്ചു തുടങ്ങണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൊണ്ടു ഗുണകരമായ നിരവധി കാര്യങ്ങള്‍ ചെയ്യാം. എന്നാല്‍ ഇന്ന് ഈ സാങ്കേതികവിദ്യ dual-use technology എന്നാണ് അറിയപ്പെടുന്നത്. അതായത് ഗുണകരമായതിനു വേണ്ടിയും ദോഷകരമായ കാര്യങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കാന്‍ സാധ്യതയുള്ള വിദ്യയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറിയിരിക്കുന്നു. അതിനാല്‍ ഈ സാങ്കേതികവിദ്യ വികസിപ്പിക്കുമ്പോള്‍ അത് ഭാവിയില്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ബിസിനസ് മോഡലുകള്‍ പുനര്‍നിര്‍മിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെയും ചൈനയിലെയും വ്യവസായ സ്ഥാപനങ്ങള്‍ അവരുടെ ബിസിനസ് മോഡലുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു പുനര്‍നിര്‍മിക്കുകയാണ്. പൂര്‍ണമായും മാറ്റി മറിക്കാന്‍ കഴിവുള്ള ശക്തിയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സെന്ന് ഈ രംഗത്തുള്ളവര്‍ തിരിച്ചറിയുകയും ചെയ്തിരിക്കുന്നെന്നു ബുധനാഴ്ച പുറത്തിറങ്ങിയ Forrester റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തുന്നത് ചൈനയാണ്. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമാണ്. 2016-17 കാലയളവിനിടയില്‍ വന്‍ തോതിലുള്ള നിക്ഷേപമാണു നടന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Comments

comments

Categories: Tech