ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 അവതരിച്ചു

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 അവതരിച്ചു

മഹാരാഷ്ട്ര എക്‌സ് ഷോറൂം വില 83,475 രൂപ

ന്യൂഡെല്‍ഹി : ഓള്‍-ന്യൂ അവഞ്ചര്‍ സ്ട്രീറ്റ് 180 ബജാജ് ഓട്ടോ അവതരിപ്പിച്ചു. 83,475 രൂപയാണ് മഹാരാഷ്ട്ര എക്‌സ് ഷോറൂം വില. ഇതോടെ നിലവിലെ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 അന്യം നിന്നുപോകും. അവഞ്ചറിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ക്ലാസിക് ബൈക്ക് സെഗ്‌മെന്റില്‍ സ്വന്തം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ബജാജ് ഓട്ടോ ചെയ്യുന്നത്. ഇതിനായി കൂടുതല്‍ പവര്‍ഫുള്‍ എന്‍ജിനും അനവധി ഫീച്ചറുകളും നല്‍കിയിരിക്കുന്നു. സ്റ്റൈലിഷ്, കണ്ടംപററി ക്രൂസറാണ് അവഞ്ചര്‍ സ്ട്രീറ്റ് 180. 180 സിസി എന്‍ജിന്‍ പരിഷ്‌കരിച്ചതാണ്.

ക്ലാസിക്കല്‍ റോഡ്‌സ്റ്റര്‍ ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് 150 സിസിയില്‍നിന്ന് 180 സിസിയിലേക്ക് ബൈക്ക് പരിണമിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ക്ലാസിക് ബൈക്കിംഗ് ആസ്വദിക്കാമെന്ന് ബജാജ് ഓട്ടോ മോട്ടോര്‍സൈക്കിള്‍ ബിസിനസ് വിഭാഗം പ്രസിഡന്റ് എറിക് വാസ് പറഞ്ഞു.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, പുതിയ ഗ്രാഫിക്‌സ്, ബ്ലാക്ക് അലോയ് വീലുകള്‍, പുതിയ ഗ്രാബ്‌റെയില്‍ എന്നിവ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 യില്‍ കാണാം. 180 സിസി ഡിടിഎസ്‌ഐ എന്‍ജിനാണ് ക്രൂസറിന് കരുത്ത് പകരുന്നത്. 8,500 ആര്‍പിഎമ്മില്‍ 15.3 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ഈ എന്‍ജിന്‍ പര്യാപ്തമാണ്. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഗ്രൗണ്ട് ക്ലിയറന്‍സ് 169 എംഎം. വീല്‍ബേസ് 1,480 എംഎം. 150 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ഇന്ധന ടാങ്കില്‍ 13 ലിറ്റര്‍ വരെ നിറയ്ക്കാം.

2005 ല്‍ പുറത്തിറക്കിയ ആദ്യ ബജാജ് അവഞ്ചര്‍ 180 സിസി ആയിരുന്നു. 2018 ബജാജ് അവഞ്ചര്‍ എന്ന മൂന്നാം തലമുറയിലെത്തിയപ്പോള്‍ വീണ്ടും 180 സിസിയായി മാറി. 2007 ല്‍ അവഞ്ചറിന് 200 സിസി എന്‍ജിനും 2010 ല്‍ 220 സിസി എന്‍ജിനും ലഭിച്ചു. പള്‍സര്‍ മോട്ടോര്‍സൈക്കിളുകളില്‍നിന്ന് കടമെടുത്തതാണ് ഈ എല്ലാ എന്‍ജിനുകളും.

2015 ല്‍ പുതിയ പെയിന്റ് സ്‌കീം, അലോയ് വീലുകള്‍ ഉള്‍പ്പെടെ കംപ്ലീറ്റ് മെയ്‌ക്കോവറില്‍ അവഞ്ചര്‍ ബൈക്കുകള്‍ പുറത്തിറക്കിയിരുന്നു. അവഞ്ചര്‍ സ്ട്രീറ്റ് 150, അവഞ്ചര്‍ സ്ട്രീറ്റ് 220, അവഞ്ചര്‍ ക്രൂസ് 220 എന്നീ മൂന്ന് വേരിയന്റുകളിലാണ് അന്ന് അവതരിപ്പിച്ചത്. കവാസാക്കി എലിമിനേറ്ററിന്റെ സ്റ്റൈലിംഗാണ് അവഞ്ചര്‍ സ്ട്രീറ്റ് 150 ക്രൂസറിന് നല്‍കിയത്. ഇന്ത്യയില്‍ കവാസാക്കി എലിമിനേറ്റര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്നത് ബജാജ് ഓട്ടോയായിരുന്നു. സിംഗിള്‍ സിലിണ്ടര്‍ 175 സിസി എന്‍ജിനായിരുന്നു എലിമിനേറ്ററിലേത്.

ഇതോടെ നിലവിലെ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 150 അന്യം നിന്നുപോകും

180 സിസി എന്‍ജിനില്‍ വരുന്ന 2018 അവഞ്ചര്‍ സ്ട്രീറ്റിന്റെ വിലയാണ് ഏറ്റവും ആകര്‍ഷകം. സുസുകി ഇന്‍ട്രൂഡര്‍ 150 മോട്ടോര്‍സൈക്കിളിനെ നേരിട്ട് വെല്ലുവിളിക്കുകയാണ് ബജാജ് ഓട്ടോയുടെ ലക്ഷ്യം. 150-200 സിസി എന്‍ട്രി-ലെവല്‍ ക്രൂസര്‍ സെഗ്‌മെന്റില്‍ നല്ല വിപണി വിഹിതം നേടുകയും വേണം. എന്‍ട്രി-ലെവല്‍ ക്രൂസര്‍ സെഗ്‌മെന്റില്‍ സുസുകി കന്നിക്കാരാണെങ്കില്‍ ഒരു പതിറ്റാണ്ടിലധികമായി അവഞ്ചറാണ് ആധിപത്യം പുലര്‍ത്തുന്നത്.

Comments

comments

Categories: Auto