ടാറ്റ നെക്‌സോണ്‍ എയ്‌റോ എഡിഷന്‍ കിറ്റുകള്‍ അവതരിപ്പിച്ചു

ടാറ്റ നെക്‌സോണ്‍ എയ്‌റോ എഡിഷന്‍ കിറ്റുകള്‍ അവതരിപ്പിച്ചു

വില 30,610 രൂപ മുതല്‍

ന്യൂഡെല്‍ഹി : ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണിന്റെ എയ്‌റോ എഡിഷന്‍ കിറ്റുകള്‍ ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചു. മൂന്ന് തരത്തില്‍ എയ്‌റോ കിറ്റുകള്‍ ലഭിക്കും. ടാറ്റ നെക്‌സോണിന്റെ എല്ലാ വേരിയന്റുകളിലും ഉപയോഗിക്കാവുന്ന എയ്‌റോ എഡിഷന്‍ ലെവല്‍ 1 കിറ്റിന് 30,610 രൂപയാണ് വില. ഫ്രണ്ട് ഫോഗ് ലാംപ് ഗാര്‍ണിഷ്, സൈഡ് സ്‌കിര്‍ട്ടിംഗ്, ബംപര്‍ പ്രൊട്ടക്റ്ററുകള്‍ എന്നിവ അടങ്ങിയതാണ് ഈ കിറ്റ്. കൂടാതെ നെക്‌സോണിന്റെ സി പില്ലറില്‍ എയ്‌റോ ബാഡ്ജ് കൂടി ലഭിക്കും. സ്റ്റാന്‍ഡേഡ് നെക്‌സോണിനേക്കാള്‍ വ്യത്യസ്തമായ ലുക്ക് സമ്മാനിക്കുന്നതിന് ഇത് സഹായിക്കും.

ലെവല്‍ 2 കിറ്റ് രണ്ട് തരത്തില്‍ ലഭിക്കും. ആദ്യത്തേതിന് 40,824 രൂപയാണ് വില. നെക്‌സോണിന്റെ എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി വേരിയന്റുകളെ ഉദ്ദേശിച്ചാണ് ഈ കിറ്റ്. ബൂട്ട്, കാബിന്‍ എന്നിവിടങ്ങളില്‍ എയ്‌റോ കാര്‍പ്പറ്റുകള്‍, ചുവന്ന നിറത്തിലുള്ള മിറര്‍ കവറുകള്‍, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍ എന്നിവയാണ് ലെവല്‍ 2 കിറ്റില്‍ ഉള്‍പ്പെടുന്നത്. കൂടാതെ ലെവല്‍ 1 കിറ്റിലെ എല്ലാ ഫീച്ചറുകളും ലഭിക്കും.

ലെവല്‍ 3 കിറ്റും രണ്ട് ഓപ്ഷനുകളില്‍ ലഭിക്കും. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി വേരിയന്റുകളില്‍ ഉപയോഗിക്കാവുന്ന ആദ്യ ഓപ്ഷന്റെ വില 55,625 രൂപയാണ്. ലെവല്‍ 2 ഫീച്ചറുകളുടെ കൂടെ ഗ്ലോസ്സി ബ്ലാക്ക് റൂഫാണ് ലഭിക്കുന്നത്. ലെവല്‍ 3 കിറ്റിന്റെ രണ്ടാമത്തെ ഓപ്ഷന് 61,574 രൂപയാണ് വില. എക്‌സ്ഇസഡ് എന്ന ടോപ് വേരിയന്റിനും എക്‌സ്ഇസഡ് പ്ലസ് വേരിയന്റിനുമായി ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. എയ്‌റോ ബൂട്ട് & കാബിന്‍ കാര്‍പ്പറ്റുകള്‍, എയ്‌റോ സീറ്റ് കവറുകള്‍, ഇല്യുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, റെഡ് എക്സ്റ്റീരിയര്‍ ആക്‌സന്റുകള്‍, സി പില്ലറില്‍ എയ്‌റോ ബാഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ഈ പ്രീമിയം കിറ്റ്.

ലെവല്‍ വണ്‍, ടു, ത്രീ എന്നിങ്ങനെ മൂന്ന് തരത്തില്‍ എയ്‌റോ എഡിഷന്‍ കിറ്റുകള്‍ ലഭിക്കും

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ടാറ്റ നെക്‌സോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 5.85 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മാരുതി വിറ്റാര ബ്രെസ്സ, ഫോഡ് ഇക്കോസ്‌പോര്‍ട് എന്നിവയാണ് എതിരാളികള്‍.

Comments

comments

Categories: Auto