സ്വകാര്യ മേഖലയ്ക്ക് വാണിജ്യ കല്‍ക്കരി ഖനനത്തിന് അനുമതി

സ്വകാര്യ മേഖലയ്ക്ക് വാണിജ്യ കല്‍ക്കരി ഖനനത്തിന് അനുമതി

ന്യൂഡെല്‍ഹി: വാണിജ്യ ഉപയോഗത്തിന് കല്‍ക്കരി ഖനനം ചെയ്യുന്നതിന് സ്വകാര്യ മേഖലയ്ക്ക് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 1973ല്‍ കല്‍ക്കരി ഖനന മേഖലയെ ദേശസാല്‍ക്കരിച്ചതിന് ശേഷം ഈ മേഖലയില്‍ നടപ്പാക്കുന്ന സുപ്രധാന പരിഷ്‌കരണമായാണ് ഈ നടപടിയെ കേന്ദ്രം വിലയിരുത്തുന്നത്.

കുത്തക കാലഘട്ടത്തില്‍ നിന്നും മത്സരത്തിലേക്ക് കല്‍ക്കരി മേഖല മാറുന്നത് കൂടുതല്‍ കാര്യക്ഷമത നല്‍കുമെന്ന് റെയ്ല്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. മേഖലയുടെ മത്സരക്ഷമത വര്‍ധിപ്പിപ്പിക്കുന്നത് മികച്ച സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലേക്കും നയിക്കും. ഉയര്‍ന്ന നിക്ഷേപം മൂലം ഖനന മേഖലയിലടക്കം പ്രത്യക്ഷവും പരോക്ഷവുമായ നിരവധി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും ഈ മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും മുന്നേറ്റം പ്രതിഫലിക്കുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉല്‍പ്പാദനത്തിന് വേണ്ടിയാണ് കല്‍ക്കരി ഖനികള്‍ ഇതുവരെ പാട്ടത്തിനു നല്‍കിയിരുന്നത്. ഇനി മുതല്‍ ആഭ്യന്തര, ആഗോള തലങ്ങളിലെ സ്വകാര്യ ഖനന കമ്പനികള്‍ക്ക് ഇ-ലേലത്തിലൂടെ ഖനികള്‍ പാട്ടത്തിന് നല്‍കും. കല്‍ക്കരി ഖനികള്‍/ ബ്ലോക്കുകള്‍ എന്നിവയുടെ ലേല നടപടികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ വകുപ്പ് കാബിനറ്റ് കമ്മിറ്റി (സിസിഇഎ) അംഗീകാരം നല്‍കിയിട്ടുണ്ട്. കല്‍ക്കരി ഖനന (സ്‌പെഷ്യല്‍ പ്രൊവിഷന്‍) നിയമം 2015, ധാതു (വികസനവും നിയന്ത്രണവും) നിയമം 1957 എന്നിവയുടെ അടിസ്ഥാനത്തിലുള്ള നടപടിക്രമങ്ങള്‍ക്കാണ് സിസിഇഒ അനുമതി നല്‍കിയിരിക്കുന്നത്. 300 ബില്യണ്‍ ടണ്‍ കല്‍ക്കരി ശേഖരം ഇന്ത്യക്ക് ഉള്ളതായാണ് കണക്കാക്കുന്നത്.

 

Comments

comments

Categories: Business & Economy