മരണത്തെ മറികടന്ന ഫിദല്‍

മരണത്തെ മറികടന്ന ഫിദല്‍

ലോകത്ത് ഏറെ ആരാധിക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ പട്ടികയെടുത്താല്‍ അതിന്റെ മുന്‍നിരയില്‍ തന്നെയുണ്ടാവും ക്യൂബയുടെ മുന്‍ പ്രസിഡന്റും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ ഫിദല്‍ കാസ്‌ട്രോ. പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു തരുന്നത് കൂടിയാണ് കാസ്‌ട്രോയുടെ ജീവിതം. പാശ്ചാത്യശക്തികളുടെ, പ്രത്യേകിച്ച് അമേരിക്കയുടെ മുഖ്യ ശത്രുവായി കണക്കാക്കപ്പെട്ടിരുന്ന ഫിദല്‍ പലതവണ വധ ശ്രമത്തില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. ആ വധശ്രമങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയായിരുന്നു. 638 തവണ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഐ ഫിദലിനെ വധിക്കാന്‍ ശ്രമിച്ചെന്നാണ് വയ്പ്പ്. പക്ഷേ, ആ ശ്രമങ്ങളെല്ലാം വിഫലമാക്കപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി ഫിദലിനെ വധിക്കാന്‍ പലവട്ടം ഉത്തരവിട്ടതായി പറയപ്പെടുന്നു.

1962-63 കാലയളവില്‍ ഫിദലിനെ കൊലപ്പെടുത്താന്‍ അമേരിക്കയിലെ ചില അധോലോക സംഘങ്ങളും നിയോഗിക്കപ്പെട്ടു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാനായിരുന്ന നീക്കം. സ്‌കൂബാ ഡൈവിംഗും സിഗാര്‍ വലിയും ഫിദലിന്റെ ഇഷ്ട വിനോദങ്ങളായിരുന്നു. അതിനാല്‍ത്തന്നെ ആ ശീലങ്ങളെ മുതലെടുത്ത് ഫിദലിനെ വകവരുത്താനും ശത്രുക്കള്‍ ശ്രമിച്ചു. വിഷം കലര്‍ത്തിയ സിഗാറുകള്‍, ക്ഷയരോഗാണുക്കളുള്ള നീന്തല്‍ വസ്ത്രങ്ങള്‍, പൊട്ടിത്തെറിക്കുന്ന സിഗാറുകള്‍ എന്നിവയിലൂടെയൊക്കെ ക്യൂബന്‍ നേതാവിനെ എന്നെന്നേക്കും ഇല്ലാതാക്കാന്‍ അമേരിക്ക അക്ഷീണം പരിശ്രമിച്ചു. എന്നാല്‍ ഓരോ വധശ്രമങ്ങളെയും അതിജീവിച്ച ഫിദല്‍ കാസ്‌ട്രോ നാള്‍ക്കുനാള്‍ കരുത്തുവര്‍ധിപ്പിച്ച നേതാവായി മാറിക്കൊണ്ടിരുന്നു.

Comments

comments

Categories: World