കൗശല്‍ വികാസ് യോജനയിലൂടെ 3.16 ലക്ഷം പേര്‍ തൊഴില്‍ നേടി

കൗശല്‍ വികാസ് യോജനയിലൂടെ 3.16 ലക്ഷം പേര്‍ തൊഴില്‍ നേടി

ന്യൂഡെല്‍ഹി: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) ആരംഭിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയത് 3,16,671 നിയമനങ്ങള്‍. ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഈ മാസം ഇതുവരെയുള്ള കണക്കാണിത്. പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജനയ്ക്കു കീഴിലുള്ള ഹ്രസ്വകാല പരിശീലന പരിപാടിയിലൂടെ 13 ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇതുവരെ വിജയകരമായി ട്രെയ്‌നിംഗ് നല്‍കിയിട്ടുള്ളത്. ഇതില്‍ ഒന്‍പത് ലക്ഷം പേര്‍ക്ക് അംഗീകൃത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പരിശീലന കേന്ദ്രങ്ങള്‍ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

വേതനം, സ്വയം തൊഴില്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലാണ് പിഎംകെവിവൈ പദ്ധതിക്കുകീഴില്‍ നടക്കുന്ന നിയമനങ്ങളെ തരംതിരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ പദ്ധതി പ്രകാരം പരിശീലനം നേടിയ 76 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് വേതനാടിസ്ഥാനത്തില്‍ നിയമനം നടന്നിട്ടുള്ളത്. 24 ശതമാനം പേര്‍ സ്വയം തൊഴില്‍, സംരംഭകത്വ മേഖലകളില്‍ ഉപജീവനം കണ്ടെത്തിയവരാണ്. വേതനാടിസ്ഥാനത്തിലുള്ള തൊഴിലില്‍ പ്രവേശിച്ചവരില്‍ 80 ശതമാനവും ഇലക്ട്രോണിക്, കാര്‍ഷികം, റീട്ടെയ്ല്‍, ലോജിസ്റ്റിക്‌സ്, തുകല്‍, ടെലികോം, സെക്യൂരിറ്റി, ടെക്‌സ്‌റ്റൈല്‍സ്, കൈത്തറി തുടങ്ങിയ വിവിധ മേഖലകളിലാണ് ജോലി ചെയ്യുന്നത്.

12,000 കോടി രൂപ വകയിരുത്തികൊണ്ട് 2016 നവംബറിലാണ് പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ പരിശീലന പരിപാടി കൂടിയാണിത്. 2020ഓടെ രാജ്യത്തെ ഒരു കോടി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നൈപുണ്യ പരിശീലനത്തിനു പുറമെ സോഫ്റ്റ് സ്‌കില്‍, സംരംഭകത്വം, ഫിനാന്‍ഷ്യല്‍-ഡിജിറ്റല്‍ സാക്ഷരത തുടങ്ങിയ വിഭാഗങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നുണ്ട്.

 

Comments

comments

Categories: Business & Economy