സര്‍ക്കാര്‍ നയങ്ങളുടെ ശ്രദ്ധ ഉപഭോക്താക്കളില്‍ നിന്നും മാറുന്നു: നോമുറ

സര്‍ക്കാര്‍ നയങ്ങളുടെ ശ്രദ്ധ ഉപഭോക്താക്കളില്‍ നിന്നും മാറുന്നു: നോമുറ

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും മാറി ഭക്ഷ്യ ഉല്‍പ്പാദകരില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നോമുറയുടെ റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെയും മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റമുണ്ടാകുന്നതെന്നാണ് നോമുറ പറയുന്നത്.

2018-2019 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വേനല്‍കാല ഖാരിഫ് വിളയുടെ താങ്ങുവില ഉല്‍പ്പാദന ചെലവിന്റെ ഒന്നരമടങ്ങ് ആയിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശൈത്യകാല റാബി വിളകളുടെ താങ്ങുവില ഇതനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോമുറ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞ തലത്തില്‍ നിലനിര്‍ത്തികൊണ്ട് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതില്‍ നിന്നും ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് ഭക്ഷ്യ ഉല്‍പ്പാദകരെ പിന്തുണയ്ക്കാനാണ് ഇതുവഴി സര്‍ക്കാര്‍ നോക്കുന്നത്. ഇത് പണപ്പെരുപ്പത്തില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നും താങ്ങുവിലയില്‍ വരുത്തിയ വര്‍ധന മുന്‍ വര്‍ഷങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദത്തിന് കാരണമായിട്ടുണ്ടെന്നും നോമുറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കുറഞ്ഞ താങ്ങുവില നിശ്ചയിച്ചതിലൂടെ 2007-2013 കാലയളവിലെ ഇരട്ടയക്കത്തില്‍ നിന്നും 2015-17ല്‍ പണപ്പെരുപ്പം ശരാശരി നാല് ശതമാനമായി നിലനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് നോമുറ പറയുന്നു. നോട്ട് അസാധുവാക്കല്‍ നയവും തുടര്‍ന്നുണ്ടായ വിതരണ പ്രതിസന്ധിയും കാരണം 2017ന്റ ആദ്യ പകുതിയില്‍ ഭക്ഷ്യ വിലയിലുണ്ടായ കാര്യമായ ഇടിവ് പൂര്‍ണമായും ഉല്‍പ്പാദകര്‍ക്ക് എതിരായിരുന്നു. രാഷ്ടീയപരമായും സാമ്പത്തികപരമായും ഈ സ്ഥിതി മാറേണ്ടതുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതായി നോമുറ പറയുന്നു. കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രതിസന്ധി വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പ്രതികൂലമായി ബാധിക്കും.

Comments

comments

Categories: Business & Economy