അനുദിന ജീവിതത്തില്‍ ഗുണം ചെയ്യും ഈ അഞ്ച് ‘ആപ്പ് ‘

അനുദിന ജീവിതത്തില്‍ ഗുണം ചെയ്യും ഈ അഞ്ച് ‘ആപ്പ് ‘

പൂന്തോട്ട പരിപാലനം മുതല്‍ അധ്യാപനം വരെയും, മതപരമായ ചടങ്ങുകള്‍ മുതല്‍ റോക്കറ്റ് വിക്ഷേപിക്കുന്നതു വരെയായി ഇന്ന് എന്തിനും ഏതിനും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയ സംവിധാനങ്ങളെ ആശ്രയിക്കുന്ന കാലമാണ്. ഇത്തരത്തില്‍ ഓരോ ആവശ്യങ്ങളും നിറവേറ്റാന്‍ ഇന്നു ടെക്‌നോളജികളും ആപ്പുകളുമുണ്ട്. അനുദിന ജീവിതത്തില്‍ ഉപകാരപ്രദമാകുന്ന അഞ്ച് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുന്നു.

10times

ഇന്ന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഓരോ ദിവസവും നിരവധി ബിസിനസ് ഇവന്റുകള്‍, ട്രേഡ് ഷോകള്‍, കോണ്‍ഫറന്‍സുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍, എക്‌സിബിഷനുകള്‍, സെമിനാറുകള്‍ തുടങ്ങിയവ നടക്കുന്നുണ്ട്. ഇവയില്‍ ഏതൊക്കെയാണ് നമ്മള്‍ക്ക് പ്രാധാന്യമുള്ളതെന്നു കണ്ടെത്തുക വളരെ പ്രയാസകരമാണ്. ഗൂഗിള്‍ ഉപയോഗപ്പെടുത്തിയാല്‍ പോലും നമ്മള്‍ക്കു ഗുണകരമാകുന്ന പരിപാടികള്‍ ഏതൊക്കെയാണെന്ന് അറിയാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ 10times ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഓരോ പരിപാടികളുടെയും വിശദവിവരങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും. ഒരു കുടക്കീഴില്‍ എല്ലാത്തിനെയും അണിനിരത്തുകയാണ് ഈ ആപ്പ്. ഗൂഗിളില്‍നിന്നും വിവരങ്ങള്‍ പരതി കണ്ടെത്തുന്നതിനു മുന്‍പു തന്നെ പരിപാടികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വളരെ പെട്ടെന്നു തന്നെ ലഭ്യമാക്കും. 30 രാജ്യങ്ങളിലായി ഏകദേശം ഇരുപത് ലക്ഷം രജിസ്റ്റേഡ് യൂസര്‍മാര്‍ തങ്ങള്‍ക്കുണ്ടെന്നാണ് 10times ആപ്പിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കും.AI ും ഡാറ്റ അനാലിസിസും ഉപയോഗിച്ച് 10times യൂസര്‍മാരെ ഗ്ലോബല്‍ ഓഡിയന്‍സുമായി ബന്ധപ്പെടുത്തുകയും അതുവഴി അവരുടെ ബിസിനസിനെ മുന്നേറാന്‍ സഹായിക്കുകയും ചെയ്യുന്നു.

NoBroker.com

ഇന്ന് ഇന്ത്യയിലെ ഏതൊരു നഗരത്തിലും വാടകയ്ക്ക് ഒരു ഫഌറ്റോ വീടോ ലഭ്യമാകണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ട് നേരിടണം. കുറച്ചൊക്കെ ഭാഗ്യവും വേണം. എന്നാല്‍ ഇനി മുതല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി കൊണ്ടാണ് നോ ബ്രോക്കര്‍ ആപ്പ് അവതരിക്കുന്നത്.
ദല്ലാളിനെയും ഇടനിലക്കാരെയും ഒഴിവാക്കി കസ്റ്റമറിനെയും ഫഌറ്റ്/ വീട് ഉടമയെയും നേരിട്ടു ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പ് ആണ് നോ ബ്രോക്കര്‍. ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമായ NoBroker ന്റേതാണ് ഈ മൊബൈല്‍ ആപ്പ്. ഇഷ്ടപ്പെട്ട സ്ഥലം അടിസ്ഥാനമാക്കി യൂസറിനു ഫഌറ്റും, വീടും, സ്ഥലവുമൊക്കെ തിരയാന്‍ ഈ ആപ്പ് ഉപയോഗിച്ചു സാധിക്കും. ആര്‍ക്കു വേണമെങ്കിലും വീടോ, ഫഌറ്റോ ഈ ആപ്പില്‍ ഉള്‍പ്പെടുത്താം അഥവാ ലിസ്റ്റ് ചെയ്യുകയുമാവാം. ഉടമയുടെ വിവരങ്ങള്‍ മാത്രം വച്ചു വീടിന്റെയോ ഫഌറ്റിന്റെയോ ചിത്രം അപ്‌ലോഡ് ചെയാല്‍ മാത്രം മതി. യഥാര്‍ഥത്തില്‍ ഇതു വാടകയ്ക്കു സ്ഥലമോ, വീടോ അന്വേഷിച്ചു നടക്കുന്ന വിഭാഗക്കാര്‍ക്കു വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്ന ഒരു റിയല്‍ എസ്‌റ്റേറ്റ് ആപ്പ് ആണെങ്കിലും, ഈ ആപ്പ് വീട്, ഫഌറ്റ് ഉടമകള്‍ക്കും വാടകക്കാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്നുണ്ടെന്നാണു കമ്പനി അവകാശപ്പെടുന്നത്. ഇപ്പോള്‍ ഈ ആപ്പ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത് മുംബൈ, പുനൈ, ബെംഗളൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളിലാണെങ്കിലും ഈ വര്‍ഷം മെയ് മാസത്തോടെ 20 ഇന്ത്യന്‍ നഗരങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്.

Google Allo

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ആണ് ഗൂഗിള്‍ അല്ലോ. ഈ ആപ്പ് ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കും. ഗൂഗിളിന്റെ ഡവലപ്പര്‍ കോണ്‍ഫെറന്‍സില്‍ വച്ച് 2016 മെയ് 18നാണ് ഈ ആപ്പിനെ കുറിച്ച് അനൗണ്‍സ് ചെയ്തത്. അതേ വര്‍ഷം സെപ്റ്റംബര്‍ 21-ന് പുറത്തിറക്കുകയും ചെയ്തു. ഒരു ആശയവിനിമയ ആപ്പ് ആണ് അല്ലോ. വെര്‍ച്വല്‍ അസിസ്റ്റന്റിന്റെ സാന്നിധ്യം ഈ ആപ്പിലുണ്ട്. ടൈപ്പ് ചെയ്യാതെ തന്നെ മറുപടി നല്‍കാനുള്ള സ്മാര്‍ട്ട് റിപ്ലേ സംവിധാനം അല്ലോ എന്ന ആപ്പിലുണ്ട്.

ELSA ( English Language Speech Assistant)

ഒരു അമേരിക്കക്കാരനെ പോലെ ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലിപ്പിക്കും എല്‍സ എന്ന ആപ്പ്. ചില വാക്കുകള്‍ ഉച്ചരിക്കുമ്പോള്‍ തെറ്റ് സംഭവിച്ചാല്‍, അതു തിരുത്തി എപ്രകാരം മെച്ചപ്പെടുത്താമെന്നു പറഞ്ഞു തരും ഈ ആപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് എല്‍സ എന്ന ആപ്പ് പ്രവര്‍ത്തിക്കുന്നത്. എല്‍സയിലെ പാഠക്രമത്തില്‍ (curriculum) ഗ്രാമറുകളോ, പദാവലി ഹൃദിസ്ഥമാക്കലോ ഇല്ല. പകരം ഒരു വാക്ക് നമ്മള്‍ തെറ്റായി ഉച്ചരിച്ചാല്‍ അത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് നമ്മളെ തിരുത്തുകയാണ്. വാക്ക് എങ്ങനെ ഉച്ചരിക്കണമെന്നു മാത്രമല്ല, പകരം ആ വാക്ക് ഉച്ചരിക്കുമ്പോള്‍ നമ്മളുടെ നാക്കും, ചുണ്ടും എങ്ങനെയാണു ചലിപ്പിക്കേണ്ടതെന്നു കൂടി എല്‍സ പറഞ്ഞു തരും. ഈ ആപ്പ് ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.

EasilyDo

നമ്മളുടെ ജോലിയും വ്യക്തിജീവിതവും ക്രമീകരിക്കുന്ന ആപ്പ് ആണ് ഈസിലി ഡു. ഒരു മീറ്റിംഗില്‍ പങ്കെടുക്കാനായി പുറപ്പെടാനിരിക്കുന്ന അവസരത്തില്‍ നിരത്തിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഈ ആപ്പ് നല്‍കും. കലണ്ടറില്‍ ഏതെങ്കിലുമൊരു പ്രത്യേത തീയതി ഓര്‍മിപ്പിക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം ഭംഗിയായി ഈ ആപ്പ് നിര്‍വഹിക്കും. ഇ-മെയ്ല്‍ അടിസ്ഥാനമാക്കിയ പ്രവര്‍ത്തികള്‍ ഈ ആപ്പ് അതിസമര്‍ഥമായി നിര്‍വഹിക്കും. അതു പോലെ നമ്മളുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ബന്ധുക്കളുടെയോ ജന്മദിനങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കും. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലെ ഇവന്റുകളെ കുറിച്ചും നമ്മളെ ഓര്‍മിപ്പിക്കും. ഏകദേശം 30-40 ാളം പ്രവര്‍ത്തികള്‍ നിര്‍വഹിക്കാന്‍ പ്രാപ്തമാണ് ഈ ആപ്പ്.

Comments

comments

Categories: Slider, Tech