ടാറ്റയുടെ അടുത്ത സര്‍പ്രൈസ് ജനീവയില്‍

ടാറ്റയുടെ അടുത്ത സര്‍പ്രൈസ് ജനീവയില്‍

മാര്‍ച്ച് 8 ന് തുടങ്ങുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ വാഹനത്തിന്റെ ആഗോള അരങ്ങേറ്റം നടക്കും

ന്യൂഡെല്‍ഹി : ഹോണ്ട സിറ്റിയെയും മാരുതി സുസുകി സിയാസിനെയും വെല്ലുവിളിക്കാന്‍ പോന്നവനെ ടാറ്റ മോട്ടോഴ്‌സ് ജനീവയില്‍ അനാവരണം ചെയ്യും. അടുത്ത മാസം 8 ന് തുടങ്ങുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ വാഹനത്തിന്റെ ആഗോള അരങ്ങേറ്റം നടക്കും. ടീസര്‍ ചിത്രം ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.

ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് ഇത് ഇരുപതാം തവണയാണ് പങ്കെടുക്കുന്നത്. എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റിലേക്കാണ് പുതിയ വാഹനവുമായി ടാറ്റ മോട്ടോഴ്‌സ് കടന്നുവരുന്നത്. ഹോണ്ട സിറ്റി, മാരുതി സുസുകി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, വരാനിരിക്കുന്ന ടൊയോട്ട യാരിസ് എന്നിവര്‍ക്കിടയിലേക്ക് പുതിയ ടാറ്റ സെഡാന്‍ കൂടി വരുന്നതോടെ ഏത് വാങ്ങണമെന്ന് ആലോചിച്ച് ഉപയോക്താക്കള്‍ക്ക് തല പുകയ്‌ക്കേണ്ടിവരും.

ഈയിടെ സമാപിച്ച ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എച്ച്5എക്‌സ്, 45എക്‌സ് കണ്‍സെപ്റ്റ് കാറുകള്‍ ടാറ്റ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഓട്ടോ എക്‌സ്‌പോയില്‍ തുടങ്ങിയിട്ടേയുള്ളൂവെന്നാണ് ടാറ്റ മോട്ടോഴ്‌സ് പറയാതെ പറയുന്നത്. ഈ വര്‍ഷത്തെ ടാറ്റയുടെ മറ്റൊരു സര്‍പ്രൈസാണ് ജനീവയില്‍ അനാവരണം ചെയ്യുന്നത്. ടാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) പുതിയ സെഡാന്‍ നിര്‍മ്മിക്കുന്നത്. 45എക്‌സ് കണ്‍സെപ്റ്റ് കാറിന്റെയും അടിത്തറ എഎംപി തന്നെ.

എക്‌സിക്യൂട്ടീവ് സെഡാന്‍ സെഗ്‌മെന്റിലേക്കാണ് പുതിയ വാഹനവുമായി ടാറ്റ മോട്ടോഴ്‌സ് കടന്നുവരുന്നത്

ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്ത പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലായിരിക്കും രൂപകല്‍പ്പന. എക്‌സിക്യൂട്ടീവ് കാര്‍ സെഗ്‌മെന്റിലെ നടപ്പുരീതിയനുസരിച്ച് ടാറ്റയുടെ പുതിയ സെഡാന് സബ്-4 മീറ്ററില്‍ കൂടുതല്‍ നീളമുണ്ടായിരിക്കും. പരമ്പരാഗത 3 ബോക്‌സ് ആകൃതിയിലായിരിക്കില്ല ഡിസൈന്‍. മോഡേണ്‍ ലുക്ക് സമ്മാനിക്കുംവിധം കൂപ്പെ സമാനമായ റൂഫ്‌ലൈനായിരിക്കും. കാറിന്റെ ഇലക്ട്രിക് വേര്‍ഷന്‍ പിന്നീട് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് റേസ്‌മോ സ്‌പോര്‍ട്‌സ്‌കാര്‍ ടാറ്റ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ചത്.

Comments

comments

Categories: Auto