സൈലോ, വെരിറ്റോ വൈബ്, നുവോസ്‌പോര്‍ട് നിര്‍ത്തുമെന്ന് മഹീന്ദ്ര

സൈലോ, വെരിറ്റോ വൈബ്, നുവോസ്‌പോര്‍ട് നിര്‍ത്തുമെന്ന് മഹീന്ദ്ര

പുതിയ സ്‌കോര്‍പിയോ, എക്‌സ്‌യുവി 500 കൂടാതെ 2020 ഓടെ നാല് പുതിയ എസ്‌യുവികള്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി : വിപണിയില്‍ മോശം വില്‍പ്പന കാഴ്ച്ചവെയ്ക്കുന്ന ചില മോഡലുകളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2020 ഓടെ സൈലോ, നുവോസ്‌പോര്‍ട്, വെരിറ്റോ വൈബ് എന്നീ മോഡലുകള്‍ നിര്‍ത്തുമെന്നാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ മലിനീകരണ നിയന്ത്രണ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങളായി ഈ മോഡലുകള്‍ നിലനിര്‍ത്തുന്നതിന് പുതിയ നിക്ഷേപം നടത്തേണ്ടിവരും. അത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. 2020 അടുക്കുന്നതോടെ ഈ മോഡലുകളുടെ സ്‌റ്റോക്ക് വിറ്റഴിച്ച് ഉല്‍പ്പാദനം അവസാനിപ്പിക്കാനാണ് തീരുമാനം.

ബിഎസ് 6 പ്രാബല്യത്തിലാകുന്നതോടെ, മഹീന്ദ്ര മാത്രമല്ല ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെയുള്ള വാഹന നിര്‍മ്മാതാക്കള്‍ പുതിയ മോഡലുകള്‍ പുറത്തിറക്കും. ടാറ്റ നാനോ, ടാറ്റ ഇന്‍ഡിക്ക തുടങ്ങിയ വാഹനങ്ങള്‍ 2020 നുശേഷം വില്‍ക്കാന്‍ സാധ്യതയില്ല. 2020 ഓടെ എല്ലാ മോഡലുകളും ബിഎസ് 6 അനുസൃതമാക്കി മാറ്റുമെന്നും വില്‍പ്പന കുറഞ്ഞ മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കുമെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിനും നിക്ഷേപം നടത്തേണ്ടിവരും.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നാല് പുതിയ എസ്‌യുവികള്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സ്ഥിരീകരിച്ചു. ടൊയോട്ട ഫോര്‍ച്യൂണറിന്റെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന മഹീന്ദ്ര യു321 എംപിവി (കോഡ് നാമം) ഇതിലുള്‍പ്പെടും. മഹീന്ദ്ര എസ്201 ക്രോസ്ഓവര്‍, മഹീന്ദ്ര ബാഡ്ജില്‍ നാലാം തലമുറ റെക്‌സ്ടണ്‍ എസ്‌യുവി, മഹീന്ദ്ര കെയുവി 100 ഇലക്ട്രിക് എസ്‌യുവി എന്നിവയാണ് മറ്റ് വാഹനങ്ങള്‍. പ്രീമിയം സെഗ്‌മെന്റില്‍ മഹീന്ദ്രയുടെ ആദ്യ മോഡലാണ് മഹീന്ദ ബാഡ്ജില്‍ പുറത്തിറക്കുന്ന പുതിയ റെക്‌സ്ടണ്‍. 2018 ഹോണ്ട സിആര്‍-വി, ഫോഡ് എന്‍ഡവര്‍ എന്നിവയാണ് എതിരാളികള്‍. ഈ എസ്‌യുവി പുറത്തിറക്കുന്നതോടെ, ഇന്ത്യന്‍ വിപണിയില്‍നിന്ന് സാംഗ്‌യോംഗ് റെക്‌സ്ടണ്‍ ഗുഡ്‌ബൈ ചൊല്ലും. സാംഗ്‌യോംഗ് ടിവോളിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്രയുടെ എസ് 201 ക്രോസ്ഓവര്‍ നിര്‍മ്മിക്കുന്നത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംഗ്‌യോംഗിന്റെ ഒരു ഉല്‍പ്പന്നവും മഹീന്ദ്ര ഇനി ഇന്ത്യയിലേക്ക് കൊണ്ടുവരില്ലെന്നര്‍ത്ഥം.

 

മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കുന്ന കാറുകളും എസ്‌യുവികളും 

വാഹനം
ലോഞ്ച്
എതിരാളി

 

യു321 എംപിവി
2018 ഏപ്രില്‍/മെയ് 
ടൊയോട്ട ഇന്നോവ ക്രിസ്റ്റ

 

എസ്201 ക്രോസ്ഓവര്‍
2018 സെപ്/ഒക്‌റ്റോ
എസ് ക്രോസ്, ക്രേറ്റ

 

കെയുവി 100 ഇലക്ട്രിക്
2018 നവംബര്‍ 
സെഗ്‌മെന്റില്‍ ആദ്യം

 

ജി4 റെക്‌സ്ടണ്‍
2018 ഡിസം/2019 ജനു
സിആര്‍-വി,  എന്‍ഡവര്‍


ഇലക്ട്രിക് വാഹന മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നടത്തുന്നത്. പ്രതിമാസം 5,000 യൂണിറ്റായി ഇലക്ട്രിക് വാഹന ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 5-6 വര്‍ഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട് 600 കോടി രൂപയുടെ നിക്ഷേപമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നടത്തിയത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ണ്ണാടക പ്ലാന്റില്‍ പുതുതായി 400 കോടി രൂപയുടെയും മഹാരാഷ്ട്ര പ്ലാന്റില്‍ 500 കോടി രൂപയുടെയും നിക്ഷേപം നടത്തുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു.

മോശം വില്‍പ്പനയുടെയും 2020 മുതല്‍ ബിഎസ് 6 പ്രാബല്യത്തില്‍ വരുന്നതിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം

മഹീന്ദ്രയും ഫോഡും ഈയിടെ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ഇരുവരും ചേര്‍ന്നുള്ള പുതിയ വാഹനം 2020 ഓടെ പുറത്തിറക്കുമായിരിക്കും. പുതിയ ഉല്‍പ്പന്ന വികസനം, ഇലക്ട്രിക് മൊബിലിറ്റി, കണക്റ്റഡ് വെഹിക്കിള്‍ പ്രൊജക്റ്റുകള്‍ എന്നീ മേഖലകളിലാണ് ഇരുകൂട്ടരും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Auto