ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ 6,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ 6,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി: മുന്‍നിര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ആഗോള മാനുഫാക്ചറിംഗ് കരാര്‍ കമ്പനികളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 900 മില്യണ്‍ ഡോളര്‍ (6,000 കോടി രൂപ) വരെ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളുടെ (പിസിബി) അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്താനും അവരുടെ ഉപകരണങ്ങളില്‍ പ്രാദേശിക ഘടകങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്താനുമാണ് കമ്പനികള്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, ലാവ എന്നിവയ്ക്ക് പുറമെ ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ വിവോ, ഓപ്പോ, വണ്‍പ്ലസ് മുതലായ കമ്പനികളും അവരുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തും. ഇതുവഴി പിസിബികളുടെയും മറ്റ് ഘടകങ്ങളുടെയും ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ സാധിക്കും. മൊബില്‍ ഫോണ്‍ നിര്‍മാണത്തിന്റെ 50 ശതമാനം ചെലവിടലും പിസിബികള്‍ക്കായാണ് നടത്തുന്നത്. മാനുഫാക്ചറിംഗ് കരാര്‍ കമ്പനികളായ ഫോക്‌സ്‌കോണ്‍, ഡിക്‌സണ്‍ തുടങ്ങിയ കമ്പനികളും സമാനമായ രീതിയില്‍ നിക്ഷേപം വര്‍ധിപ്പിക്കും.

2019 അവസാനം വരെയുള്ള കാലയളവില്‍ എല്ലാ പ്രമുഖ കമ്പനികളും ചേര്‍ന്ന് 900 മില്യണ്‍ ഡോളര്‍ വരെയുള്ള നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്‍ (ഐസിഎ) പ്രസിഡന്റ് പങ്കജ് മൊഹിന്ദ്രോ പറഞ്ഞു. ആപ്പിളും സാംസംഗുമടക്കം ഇന്ത്യയിലെ പ്രധാന ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെയെല്ലാം പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐസിഎ. ഏകദേശം 350 എസ്എംടി (സര്‍ഫേസ് മൗണ്ടിംഗ് ടെക്‌നോളജി) ലൈനുകള്‍ എല്ലാ കമ്പനികളും ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിസിബികളുടെ കൂട്ടിച്ചേര്‍ക്കലിന് ആവശ്യമായവയാണ് എസ്എംടി മെഷിനുകള്‍.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സംയോജിപ്പിച്ച പിസിബികള്‍ക്ക് അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) ചുമത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കൂടാതെ കാമറ മൊഡ്യുളുകള്‍, കണക്റ്ററുകള്‍ തുടങ്ങി മറ്റ് മൊബീല്‍ ഘടകങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തിയേക്കും. മൊബീല്‍ ഫോണ്‍ നികുതി 10 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം.

Comments

comments

Categories: Business & Economy