റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും ധാരണയായേക്കും

റീട്ടെയ്ല്‍ സ്റ്റോറുകള്‍ തുറക്കാന്‍ വാള്‍മാര്‍ട്ടും ഫ്‌ളിപ്കാര്‍ട്ടും ധാരണയായേക്കും

ബെംഗളൂരു: വാള്‍മാര്‍ട്ടും ഫഌപ്കാര്‍ട്ടും തമ്മിലുള്ള നിക്ഷേപ ചര്‍ച്ചകള്‍ പുരോഗമിക്കെ ഇന്ത്യയില്‍ റീട്ടെയല്‍ സ്‌റ്റോര്‍ ശൃംഖല ആരംഭിക്കുന്നതിനെ കുറിച്ചും ഇരു കമ്പനികളും പരിഗണിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഫഌപ്കാര്‍ട്ടിന്റെ 40 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനാണ് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര റീട്ടെയ്‌ലിംഗ് കോര്‍പ്പറേഷനായ വാള്‍മാര്‍ട്ട് ശ്രമിക്കുന്നത്. എന്നാല്‍ വാള്‍മാര്‍ട്ടിന് 20 ശതമാനം ഓഹരികള്‍ മാത്രം ലഭിക്കാനാണ് സാധ്യത. ഫഌപ്കാര്‍ട്ടില്‍ 20.8 ശതമാനം പങ്കാളിത്തമുള്ള സോഫ്റ്റ്ബാങ്ക് എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് ഇതിനുകാരണം.

വാള്‍മാര്‍ട്ടുമായി ചേര്‍ന്ന് രാജ്യത്ത് റീട്ടെയ്ല്‍ സ്‌റ്റോറുകളുടെ ശൃംഖല തുറക്കുന്നതിലൂടെ ഇ-കൊമേഴ്‌സില്‍ ആമസോണ്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനാകുമെന്നാണ് ഫഌപ്കാര്‍ട്ട് കണക്കാക്കുന്നത്. ഓഫ്‌ലൈന്‍ സ്റ്റോറുകളിലേക്ക് ചുവടുവെക്കുന്നതിന് ഫഌപ്കാര്‍ട്ട് ദീര്‍ഘനാളായി നല്ലൊരു പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്‌ലിലേക്കുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് രാജ്യത്ത് നിയന്ത്രണമുള്ളതിനാല്‍ വാള്‍മാര്‍ട്ടിന് നേരിട്ട് ഇന്ത്യയില്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ കഴിയില്ല. ഇതിനുപകരം ഹോള്‍സെയ്ല്‍ പ്രവര്‍ത്തനങ്ങളാണ് വാള്‍മാര്‍ട്ട് ഇന്ത്യയില്‍ നടത്തുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തികൊണ്ട് വാള്‍മാര്‍ട്ടുമായുള്ള സഹകരണം ശക്തമാക്കാനാണ് ഫഌപ്കാര്‍ട്ടിന്റെ നീക്കം.

ഫഌപ്കാര്‍ട്ടും വാള്‍മാര്‍ട്ടുമായുള്ള സഹകരണം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിനെയും ഗ്രോസറി, ഉപഭോക്തൃ ഉല്‍പ്പന്ന ബിസിനസിനെയും പ്രോല്‍സാഹിപ്പിക്കുമെന്നാണ് റീട്ടെയ്ല്‍ വ്യവസായ വിദഗ്ധര്‍ പറയുന്നത്. വാള്‍മാര്‍ട്ടിന് നിലവില്‍ തങ്ങളുടെ ബി-ടു-ബി അനുബന്ധ സ്ഥാപനം വഴി ഇന്ത്യയില്‍ സാന്നിധ്യമുണ്ട്. ഇതുവഴി കമ്പനിയുടെ 21 ഹോള്‍സെയ്ല്‍ സ്‌റ്റോറുകളാണ് രാജ്യത്തുള്ളത്. റീട്ടെയ്ല്‍ ബിസിനസിനായി വാള്‍മാര്‍ട്ടും ഫഌപ്കാര്‍ട്ടും സഹകരിക്കുകയാണെങ്കില്‍ ഫഌപ്കാര്‍ട്ടിലെ ഗ്രോസറി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വിതരണം വാള്‍മാര്‍ട്ടിന്റെ ഹോള്‍സെയ്ല്‍ സ്‌റ്റോറുകള്‍ വഴിയും നടത്താനാകും. അതായത് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് വാള്‍മാര്‍ട്ട് സ്‌റ്റോറുകളില്‍ നിന്നും ലഭിക്കും. ഫഌപ്കാര്‍ട്ട് ഉല്‍പ്പന്നങ്ങളുടെ ലഭ്യതയും ഡെലിവെറി വേഗതയും ഇതോടെ മെച്ചപ്പെടുത്താനാകുമെന്നും റീട്ടെയ്ല്‍ വ്യവസായ വിദഗ്ധര്‍ പറഞ്ഞു.

ഫഌപ്കാര്‍ട്ട് വഴി തങ്ങളുടെ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സൗകര്യം വാള്‍മാര്‍ട്ടും ഒരുക്കിയേക്കുമെന്നാണ് സൂചന. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഓഹരി നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകളില്‍ ഫഌപ്കാര്‍ട്ടും വാള്‍മാര്‍ട്ടും ധാരണയിലെത്തുമെന്നാണ് സൂചന.

 

Comments

comments

Categories: Business & Economy