സൗദി അറേബ്യയില്‍ അറബ് ഫാഷന്‍ വീക്ക്

സൗദി അറേബ്യയില്‍ അറബ് ഫാഷന്‍ വീക്ക്

റിയാദ്: മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സൗദി അറേബ്യയില്‍ ഇതാ ഫാഷന്‍ വീക്കും. ആദ്യ അറബ് ഫാഷന്‍ വീക്ക് സൗദിയില്‍ സംഘടിപ്പിക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ അറിയിച്ചു. അടുത്ത മാസമായിരിക്കും മാറ്റത്തിന്റെ ശംഖൊലി തീര്‍ത്ത് ഫാഷന്‍ വീക്ക് അരങ്ങേറുക.

ഇടുങ്ങിയ ചിന്താധാരകള്‍ വലിച്ചെറിഞ്ഞ് പുതുയുഗത്തിലേക്ക് നടന്നുകയറുകയാണ് സൗദി. അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സൗദിയുടെ കിരീടാവകാശിയും സാമ്പത്തിക, സാമൂഹിക പരിഷ്‌കരണ പദ്ധതികളുടെ ആസൂത്രകനുമായ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍. എണ്ണയുടെ മേലുള്ള സാമ്പത്തിക ആശ്രയത്വം അവസാനിപ്പിക്കുക, സ്വകാര്യ മേഖലയെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വികസനത്തില്‍ കൂടുതല്‍ പങ്കാളികളാക്കുക, വനിതകളെ ശാക്തീകരിക്കുക, ടൂറിസം പോലുള്ള മേഖലകള്‍ക്ക് പ്രാധാന്യം നല്‍കുക, കൃത്രിമ ബുദ്ധി പോലുള്ള നവ സാങ്കേതികവിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്നിങ്ങനെ നിരവധി പുരോഗമന പദ്ധതികളില്‍ അധിഷ്ഠിതമായാണ് പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയെ മാറ്റിയെടുക്കുന്നത്.

ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറബ് ഫാഷന്‍ കൗണ്‍സില്‍ റിയാദില്‍ നടക്കുന്ന ഫാഷന്‍ വീക്കിന്റെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 26 മുതല്‍ 31 വരെയായിരിക്കും റിയാദില്‍ ഫാഷന്‍ വീക്ക് നടക്കുകയെന്ന് അറബ് കൗണ്‍സില്‍ വ്യക്തമാക്കി.

ഇറാഖി ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് സഹ ഹദീദ് ഡിസൈന്‍ ചെയ്ത അതിമനോഹരമായ അപെക്‌സ് സെന്ററിലായിരിക്കും അറബ് ഫാഷന്‍ വീക്ക് നടക്കുക. ഇക്കഴിഞ്ഞ ഡിസംബറിലാണ് തങ്ങള്‍ റിയാദില്‍ റീജണല്‍ ഓഫീസ് തുറക്കുന്നതായി അറബ് ഫാഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സൗദി പ്രിന്‍സസ് നൗറ ബിന്റ് ഫയ്‌സല്‍ അല്‍-സൗദിനെയാണ് റീജണല്‍ ഓഫീസിന്റെ ഓണററി പ്രസിഡന്റായി നിയമിച്ചത്.

ഒരു വേള്‍ഡ് ക്ലാസ് ഇവന്റിനും അപ്പുറത്തുള്ള പകിട്ടോടെയായിരിക്കും റിയാദിലെ ആദ്യ അറബ് ഫാഷന്‍ വീക്ക് അരങ്ങേറുക. ടൂറിസം, ഹോസ്പിറ്റാലിറ്റി, ട്രാവല്‍ തുടങ്ങി മാറ്റ് മേഖലകളെക്കൂടി വികസനക്കുതിപ്പിലേക്ക് നയിക്കുന്ന തരത്തില്‍ ഫാഷന്‍ രംഗത്തെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുള്ള ഉത്‌പ്രേരകമായിരിക്കും ഫാഷന്‍ വീക്ക്-പ്രിന്‍സസ് നൗറ വെബ്‌സൈറ്റില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

പാരിസിലെയും മിനലിനെയും പോലെ ഇന്റര്‍നാഷണല്‍ ഫാഷന്‍ വീക്ക് എന്ന തലത്തിലാണ് അറബ് ഫാഷന്‍ വീക്കിനെയും ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഫാഷന്‍വീക്കിന്റെ ലൈനപ്പ് ഇതുവരെ തീരുമാനമായിട്ടില്ല. നിയന്ത്രിതമായിട്ടുള്ള ഡിസൈനുകളിലേക്ക് ഫാഷന്‍ വീക്ക് ഒതുങ്ങും എന്നാണ് ചിലരുടെ വിലയിരുത്തല്‍, പ്രത്യേകിച്ചും കടുത്ത ഡ്രസ് കോഡ് സൗദിയില്‍ നിലനില്‍ക്കുമ്പോള്‍. അതുകൊണ്ടുതന്നെ ഏത് തരത്തിലുള്ള ഡ്രസുകളാകും ഫാഷന്‍ വീക്കില്‍ മോഡലുകള്‍ അണിയുകയെന്നതും വ്യക്തമല്ല.

കുറച്ചുകാലമായി സൗദിയില്‍ മാറ്റത്തിന്റെ കാറ്റാണ് വീശുന്നത്. വനിതകളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രിന്‍സ് മൊഹമ്മദ് എടുക്കുന്ന നടപടികള്‍. ജനുവരിയിലാണ് സൗദി സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വന്നിരുന്ന കളി കാണാം എന്ന തീരുമാനം ഭരണകൂടം കൈക്കൊണ്ടത്. വനിതകള്‍ക്ക് നേരത്തെ ഡ്രൈവിംഗ് വിലക്കിയിരുന്നു, ആ തീരുമാനവും സൗദി എടുത്ത് മാറ്റി. വനിതകള്‍ക്കും ലൈസന്‍സ് എടുക്കാനും ഡ്രൈവ് ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് പ്രിന്‍സ് മൊഹമ്മദിന്റെ പ്രേരണയില്‍ തീരുമാനം വന്നു.

Comments

comments

Categories: Arabia