ഫാരഡെ ഫ്യൂച്ചര്‍ 1.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

ഫാരഡെ ഫ്യൂച്ചര്‍ 1.5 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നു

ചിത്രം : ഫാരഡെ ഫ്യൂച്ചര്‍ എഫ്എഫ്91

എഫ്എഫ്81 എന്ന രണ്ടാമത്തെ ഇലക്ട്രിക് കാര്‍ 2018 ബെയ്ജിംഗ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കും

കാലിഫോര്‍ണിയ : ഇലക്ട്രിക് കാര്‍ സ്റ്റാര്‍ട്ടപ്പായ ഫാരഡെ ഫ്യൂച്ചര്‍ 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിക്കുന്നു. ഹോങ്കോങിലെ ‘അജ്ഞാതനാണ്’ കാലിഫോര്‍ണിയ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പില്‍ പണമിറക്കുന്നത്. 1.5 ബില്യണ്‍ ഡോളറില്‍ 550 മില്യണ്‍ ഡോളര്‍ വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം സ്വീകരിച്ചു. കാറുകളുടെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ തയ്യാറാകുമ്പോള്‍ ബാക്കി 950 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് ഹോങ്കോങ് ആസ്ഥാനമായ ഇന്‍വെസ്റ്റര്‍ വ്യക്തമാക്കിയിരിക്കുന്നത്.

കാലിഫോര്‍ണിയയിലെ ഫാക്ടറി നവീകരിക്കും. കൂടാതെ ലാസ് വെഗാസിലെ ഫാക്ടറിയില്‍ പുതിയ അസ്സംബ്ലി ലൈന്‍ സ്ഥാപിക്കുകയും ചെയ്യുമെന്ന് ഫാരഡെ ഫ്യൂച്ചര്‍ ഗ്ലോബല്‍ മാനുഫാക്ച്ചറിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡാഗ് റെക്ക്‌ഹോണ്‍ പറഞ്ഞു. താങ്ങാനാകുന്ന വിലയില്‍ പുതിയ കാര്‍ പുറത്തിറക്കുകയെന്നതാണ് ഫാരഡെ ഫ്യൂച്ചറിന്റെ അടുത്ത ലക്ഷ്യം. നിലവിലെ എഫ്എഫ്91 എസ്‌യുവിയുടെ താഴെയായിരിക്കും പുതിയ കാറിന്റെ സ്ഥാനം. 2017 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ എഫ്എഫ്91 പ്രദര്‍ശിപ്പിച്ചിരുന്നു.

ഹോങ്കോങിലെ ‘അജ്ഞാതനാണ്’ കാലിഫോര്‍ണിയ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പില്‍ പണമിറക്കുന്നത്

പുതിയ മോഡലിന്റെ പ്രാഥമിക രൂപരേഖ നൂറോളം വാഹനഘടക, പാര്‍ട്‌സ് വിതരണ കമ്പനികള്‍ മുമ്പാകെ പ്രദര്‍ശിപ്പിച്ചിരുന്നു. ബോഷ്, എല്‍ജി കെം, ഫുജി ടെക്‌നിക്കല്‍ ആന്‍ഡ് മിയാസു എന്നീ കമ്പനികള്‍ ഇതിലുള്‍പ്പെടും. കൂടുതല്‍ വിതരണ കമ്പനികളുമായി ബന്ധം സ്ഥാപിക്കാന്‍ ഫാരഡെ ഫ്യൂച്ചറിന് പദ്ധതിയുണ്ട്. എഫ്എഫ്81 എന്നായിരിക്കും പുതിയ വാഹനത്തിന്റെ പേര്. 2018 ബെയ്ജിംഗ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: Auto