ഊര്‍ജ ചെലവ് കുറയ്ക്കാന്‍ ഗ്യാസ് സാങ്കേതികവിദ്യയുടെ സാധ്യത തേടി ഇഇഎസ്എല്‍

ഊര്‍ജ ചെലവ് കുറയ്ക്കാന്‍ ഗ്യാസ് സാങ്കേതികവിദ്യയുടെ സാധ്യത തേടി ഇഇഎസ്എല്‍

ന്യൂഡെല്‍ഹി: ഊര്‍ജ ചെലവുകള്‍ കുറയ്ക്കാന്‍ ഗ്യാസ് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ തേടി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍). മാളുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഊര്‍ജ ചെലവ് പകുതായി താഴ്ത്തുന്നതിന് കൂളിംഗ്, ഹീറ്റ്, വൈദ്യുതി എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് എന്‍ജിനുകള്‍ ഉപയോഗപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ പറഞ്ഞു.

പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 20 ബില്യണ്‍ ഡോളറിന്റെ ഒരു പുതിയ വിപണിക്ക് അടിത്തറ പാകപ്പെടും. ഇലക്ട്രിക് വാഹനങ്ങളുടെയും എല്‍ഇഡി ബള്‍ബുകളുടെയും സ്മാര്‍ട്ട് മീറ്ററുകളുടെയും ഉപയോഗം വര്‍ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ യത്‌നങ്ങളുടെ മുഖ്യ പ്രചാരകരാണ് ഇഇഎസ്എല്‍.

ദീര്‍ഘകാലമായി നിലവിലുള്ള ഒരു സാങ്കേതികവിദ്യയാണിത്. അതില്‍ വളരെ വിപുലമായ രീതിയിലെ സംരംഭത്തിനാണ് ഇഇഎസ്എല്‍ ശ്രമിക്കുന്നത്. നിലവില്‍ രണ്ട് ഹോട്ടലുകളില്‍ ഊര്‍ജ ഉപയോഗത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു – സൗരഭ് കുമാര്‍ വ്യക്തമാക്കി.

രാജ്യത്ത് 20000 മെഗാവാട്ടിന്റെ സാധ്യതയാണ് ഈ സാങ്കേതികവിദ്യക്കുള്ളത്. വ്യാവസായിക ഉപഭോക്താക്കളെ പരിഗണിച്ചില്ലെങ്കില്‍ പോലും 10000 മെഗാവാട്ടിന്റെ സാധ്യത ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സി (ബിഇഇ) 2010ല്‍ നടത്തിയ പഠനം ഈ സാങ്കേതികവിദ്യക്ക് കല്‍പ്പിക്കുന്നു. മൂന്ന് മുതല്‍ നാല് മെഗാവാട്ട് ശേഷിയുള്ള ട്രൈ- ജെനറേഷന്‍ യൂണിറ്റുകള്‍ക്കായി ആഗോള ടെണ്ടര്‍ ക്ഷണിക്കാനും ഇഇഎസ്എല്‍ പദ്ധതിയിടുന്നുണ്ട്.

പരിപൂര്‍ണ സേവനമാണ് ഞങ്ങള്‍ ചെയ്യാന്‍ പോകുന്നത്. ഇഇഎസ്എല്ലുമായി ഒരു പവര്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍(പിപിഎ) ഏര്‍പ്പെടുക മാത്രമേ ചെയ്യേണ്ടതുള്ളു. വൈദ്യുതി, കൂളിംഗ്, ഹീറ്റ് എന്നിവയെല്ലാം ഞങ്ങള്‍ നല്‍കും. ഇതെല്ലാം ഒരു മീറ്റര്‍ വച്ച് കണക്കാക്കും – അദ്ദേഹം വിശദമാക്കി.

10 മുതല്‍ 15 വര്‍ഷം വരെയാണ് പിപിഎയുടെ കാലാവധി. ഈ സമയത്ത് ഗ്യാസ് വിലയില്‍ വരുന്ന മാറ്റങ്ങളെല്ലാം പരിഗണിക്കുമെന്നും സൗരഭ് പറഞ്ഞു. മാര്‍ച്ച് ആദ്യം പദ്ധതിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ ക്ഷണിക്കാനാണ് ഇഇഎസ്എല്ലിന്റെ തീരുമാനം.

Comments

comments

Categories: Business & Economy