കൗമാരക്കാരായ യൂസര്‍മാര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു

കൗമാരക്കാരായ യൂസര്‍മാര്‍ ഫേസ്ബുക്ക് ഉപേക്ഷിക്കുന്നു

കൗമാരക്കാരും യുവാക്കളും ഫേസ്ബുക്ക് ഉപേക്ഷിക്കുകയാണെന്ന റിപ്പോര്‍ട്ട് ഫേസ്ബുക്കിനെ അലട്ടുമെന്നത് ഉറപ്പാണ്. യുഎസിലും മറ്റ് പാശ്ചാത്യനാടുകളിലും സ്‌നാപ്പ് ചാറ്റിന് പ്രിയമേറുകയാണ്. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമും വളര്‍ച്ചയുടെ പാതയിലാണ്.

2004-ല്‍ ഫേസ്ബുക്ക് ലോഞ്ച് ചെയ്യുമ്പോള്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന് പ്രായം വെറും 19 വയസ്. 2018 ഫെബ്രുവരി നാലിനു ഫേസ്ബുക്ക് 14 വര്‍ഷം പിന്നിട്ടപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായിരിക്കുന്നു. ഫേസ്ബുക്കിനെ ഈ പദവിക്ക് അര്‍ഹമാക്കിയത് കൗമാരക്കാരും യുവാക്കളുമാണ്. പക്ഷേ ഇന്നു കൗമാരക്കാരും യുവാക്കളും തന്നെയാണ് ഫേസ്ബുക്കിനെതിരേ തിരിഞ്ഞിരിക്കുന്നതും. ഈ വര്‍ഷം, യുഎസിലും യുകെയിലുമുള്ള 25 വയസിനു താഴെയുള്ള മുപ്പതു ലക്ഷത്തിലധികം വരുന്ന യുവാക്കളും കൗമാരക്കാരും ഒന്നുകില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിക്കും അതുമല്ലെങ്കില്‍ ഫേസ്ബുക്കില്‍നിന്നും പുറത്തുകടക്കുമെന്നാണു ന്യൂയോര്‍ക്ക് ആസ്ഥാനമായ മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ eMarketer റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിരവധി യുവാക്കള്‍ ഇതിനോടകം തന്നെ ഫേസ്ബുക്ക് ഉപക്ഷേിച്ചു കഴിഞ്ഞു. ചിലര്‍ ഇന്‍സ്റ്റാഗ്രാമിലേക്കാണ് ചുവടുമാറ്റിയത്. മറ്റു ചിലര്‍ സ്‌നാപ്പ് ചാറ്റിലേക്കും. ഇന്‍സ്റ്റാഗ്രാമിനെ 2012-ല്‍ ഫേസ്ബുക്ക് 100 കോടി ഡോളറിന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ സ്നാപ്പ് ചാറ്റിനെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഫേസ്ബുക്കിന് ഇതുവരെ സാധിച്ചിട്ടില്ല. Snap Inc. ന്റെ ഉടമസ്ഥതയിലുള്ളതാണു സ്‌നാപ്പ് ചാറ്റ്. ഫേസ്ബുക്കിന് സംഭവിക്കുന്ന നഷ്ടം സ്‌നാപ്പ് ചാറ്റിനാണ് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നത്. ഇന്ന് സ്‌നാപ്പ് ചാറ്റ് യൂസര്‍മാരില്‍ 44 ശതമാനവും 18-24 പ്രായത്തിനിടയിലുള്ളവരാണ്. ഫേസ്ബുക്കിലാകട്ടെ ഈ പ്രായക്കാര്‍ 20 ശതമാനം മാത്രമാണുള്ളതെന്ന് Ampere Analysis പറയുന്നു.

ഫേസ്ബുക്കില്‍നിന്നും യുവജനങ്ങള്‍ കൂട്ട പലായനം ചെയ്യുന്നതിലൂടെ സംഭവിക്കുന്ന നഷ്ടം പക്ഷേ മുതിര്‍ന്നവരിലൂടെ ഫേസ്ബുക്ക് നികത്തുന്നുണ്ടെന്നതും ഒരു വസ്തുതയാണ്. ഫേസ്ബുക്കിന്റെ ആദ്യകാല യുവ യൂസര്‍മാര്‍ ഇന്ന് അവരുടെ 30-കളിലേക്കും 40-കളിലേക്കും നീങ്ങി കൊണ്ടിരിക്കുകയാണ്. യുഎസിലും യുകെയിലും ഈ വര്‍ഷം 35-വയസിനു മുകളിലുള്ള ഫേസ്ബുക്ക് യൂസര്‍മാരുടെ 3.6 ദശലക്ഷം വര്‍ധനയുണ്ടാകുമെന്നും eMarketer സൂചിപ്പിക്കുന്നു. എങ്കിലും യുവാക്കളുടെ ചുവടുമാറ്റം ഫേസ്ബുക്കിനെ അലട്ടുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. യുഎസില്‍ സ്‌നാപ്പ് ചാറ്റിനേക്കാളധികം യൂസര്‍മാര്‍ ഇന്‍സ്റ്റാഗ്രാമിനുണ്ട്. ഈ വര്‍ഷം ഇത് 13.1 ശതമാനം വര്‍ധനയോടെ 104.7 ദശലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്. സ്‌നാപ്പ് ചാറ്റ് ആകട്ടെ, 9.3 ശതമാനം വളര്‍ച്ചയോടെ 86.5 മില്യന്‍ യൂസര്‍മാരിലെത്തുമെന്നു കണക്കാക്കുന്നു.

ചുരുങ്ങിയ കാലം കൊണ്ടാണു ഫേസ്ബുക്ക് പണം ഉണ്ടാക്കുന്ന യന്ത്രമായി മാറിയത്. അവരുടെ വരുമാനം കഴിഞ്ഞ വര്‍ഷം 47 ശതമാനം വര്‍ധിച്ച് 41 ബില്യന്‍ ഡോളറിലെത്തി. ലാഭമാകട്ടെ, 56 ശതമാനം ഉയര്‍ന്ന് 16 ബില്യന്‍ ഡോളറിലെത്തി. എന്നാല്‍ പരസ്യം അടിസ്ഥാനമാക്കിയ ബിസിനസ് മോഡല്‍ ദുര്‍ബലമാണെന്നു തെളിയിക്കുകയാണ്. ഫേസ്ബുക്കില്‍ യൂസറിന്റെ ടൈംലൈനില്‍(timeline) വാണിജ്യസ്വഭാവമുള്ള സന്ദേശങ്ങളുടെ പ്രവാഹം നിക്ഷേപകരെ സന്തോഷിപ്പിച്ചേക്കും. പക്ഷേ അത് ഒരിക്കലും യൂസര്‍മാരെ രസിപ്പിക്കുന്നില്ല. ഈയൊരു കാരണം കൊണ്ട് യൂസര്‍മാര്‍ അണ്‍ഫ്രണ്ട് ചെയ്യുന്ന പ്രവണത വര്‍ധിച്ചു വന്നിരിക്കുന്നു. ഇതേ തുടര്‍ന്നായിരിക്കണം കഴിഞ്ഞമാസം ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബെര്‍ഗ് ന്യൂസ്ഫീഡ്(newsfeed) വന്‍ മാറ്റത്തിനു വിധേയമാക്കുമെന്ന് പ്രസ്താവിച്ചത്.

ബ്രാന്‍ഡുകളുടെയോ, മാധ്യമങ്ങളുടെയോ, മറ്റ് പരസ്യദാതാക്കളുടെയോ ഉള്ളടക്കങ്ങളേക്കാള്‍ പ്രാധാന്യം യൂസര്‍മാരുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ക്കായിരിക്കും ന്യൂസ്ഫീഡില്‍ ഫേസ്ബുക്ക് ഇനി മുതല്‍ നല്‍കുകയെന്ന് അദ്ദേഹം പറയുകയുണ്ടായി. യൂസര്‍മാര്‍ ഫേസ്ബുക്കില്‍ ചെലവഴിച്ച സമയം ഫലപ്രദമായിരുന്നെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമാണെന്നു സ്വയം പ്രചരിപ്പിക്കുകയാണ് ഫേസ്ബുക്ക്. പക്ഷേ യാഥാര്‍ഥ്യം അതല്ല. ഫേസ്ബുക്കിന്റെ മൗലിക ആശയക്കുഴപ്പമെന്നു പറയുന്നതും അതു തന്നെയാണെന്നു ഡിസിപ്പിള്‍ മീഡിയയിലെ ചീഫ് എക്‌സിക്യൂട്ടീവ് വോഗന്‍ പറയുന്നു. യഥാര്‍ഥത്തില്‍ ഫേസ്ബുക്കിന്റെ മുഖ്യലക്ഷ്യമെന്നത് വ്യക്തികള്‍ക്ക് ടാര്‍ജെറ്റ് ചെയ്ത ഉള്ളടക്കം വില്‍ക്കുകയെന്നതാണെന്നും ഇവിടെനിന്നാണു ഫേസ്ബുക്കിന്റെ യഥാര്‍ഥ പ്രശ്‌നം ആരംഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

സ്‌നാപ്പ് ചാറ്റ്

ഇന്ന് ഫേസ്ബുക്ക് ഏറ്റവുമധികം ഭയപ്പെടുന്നത് സ്‌നാപ്പ് ചാറ്റിനെയാണ്. 2011-ലാണ് സ്‌നാപ്പ് ചാറ്റ് രംഗപ്രവേശം ചെയ്തത്. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്നും പഠിച്ചിറങ്ങിയ ഇവാന്‍ സ്പീഗലാണ് സ്‌നാപ്പ് ചാറ്റിന്റെ സൃഷ്ടാവ്. ഫേസ്ബുക്കിന്റെ സ്ഥാപകനായ സുക്കര്‍ബെര്‍ഗും സ്റ്റാന്‍ഫോഡിലാണു പഠിച്ചത്. സ്‌നാപ്പ് ചാറ്റ് ഭാവിയില്‍ ഭീഷണിയായേക്കുമെന്നു മുന്‍കൂട്ടി കണ്ട് സുക്കര്‍ബെര്‍ഗ് 2012-ല്‍ ഇവാന്‍ സ്പീഗലിനെ സമീപിക്കുകയും സ്‌നാപ്പ് ചാറ്റിന് വില പറയുകയും ചെയ്തു. എന്നാല്‍ സ്പീഗല്‍ ഓഫര്‍ നിരസിച്ചു. ഇതോടെ വാശിയിലായ സുക്കര്‍ബെര്‍ഗ്, സ്‌നാപ്പ് ചാറ്റിന് ബദലായി ഫേസ്ബുക്കില്‍ Poke അവതരിപ്പിച്ചു. ഇത് സ്‌നാപ്പ് ചാറ്റിനെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവതരിപ്പിച്ചതെങ്കിലും സ്‌നാപ്പ് ചാറ്റിന് അതു ഗുണകരമായി മാറിയെന്നതാണു യാഥാര്‍ഥ്യം.

സുഹൃത്തുക്കളുമായി ഫോട്ടോ പങ്കുവെയ്ക്കുന്നതിനുള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനാണു സ്‌നാപ്പ്ചാറ്റ്. 2011-ല്‍ ഇവാന്‍ സ്പീഗല്‍, ജോനാതന്‍ മേ എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ചതാണു സ്‌നാപ്പ്ചാറ്റ്. സ്്‌നാപ്പ്ചാറ്റിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോകളും, അവ സ്വീകരിക്കുന്ന ആള്‍ക്ക് എത്ര സമയം കാണാന്‍ കഴിയും എന്നത് മുന്‍കൂട്ടി സജ്ജീകരിക്കാന്‍ അയയ്ക്കുന്ന വ്യക്തിക്കു സാധിക്കും. ആ നിശ്ചിത സമയത്തിന് ശേഷം അയച്ച സന്ദേശം സ്‌നാപ്ചാറ്റിന്റെ സെര്‍വറില്‍ നിന്നും സന്ദേശം സ്വീകരിച്ച ആളിന്റെ മൊബൈലില്‍ നിന്നും നീക്കം ചെയ്യപ്പെടും. നിലവില്‍ ഇത്തരത്തില്‍ സജ്ജീകരിക്കാന്‍ കഴിയുന്ന സമയം 1 മുതല്‍ 10 സെക്കന്റ് വരെയാണ്.

Comments

comments

Categories: Slider, Tech